തിരുവനന്തപുരം: രവീന്ദ്രൻ മാഷും ബിച്ചു തിരുമലയും ഒന്നിച്ചിരുന്നൊരു പകലിൽ അപ്രതീക്ഷിതമായി വിരിഞ്ഞതാണ് ‘ഏഴു സ്വരങ്ങളും തഴുകി വരുന്നൊരു ഗാനം’ എന്ന പാട്ട്. ‘ചിരിയോചിരി’ സിനിമയുടെ കമ്പോസിങ്ങിന് കോഴിക്കോടെത്തിയതായിരുന്നു ഇരുവരും. സംസാരത്തിനിടെ രവീന്ദ്രൻ മാഷിന്റെ വിരലുകൾ ഹാർമോണിയത്തിൽ താളമിടുന്നുണ്ട്. ഏതോ ഒരീണം കേട്ടപ്പോൾ ബിച്ചു അറിയാതെ പറഞ്ഞു, ‘‘ഇത് കൊള്ളാമല്ലോ’’. ‘‘എങ്കിൽ ഈ ഈണത്തിന് വരികൾ എഴുതു’’ എന്നായി മാഷ്. ബാക്കി ഈണവും കേൾപ്പിച്ചു. കവിയും വിട്ടുകൊടുത്തില്ല. അപ്പോൾതന്നെ വരികൾ പറഞ്ഞു. ഓരോ വരി കഴിയുമ്പോഴും മാഷ് അടുത്ത ഈണമിട്ടു. കവി വരികളും.

മലയാളഭാഷയുടെ മനോഹാരിതയെ ആവോളം ആവാഹിച്ച കേൾവിക്കാരനെ അറിയാതെ താളംപിടിപ്പിക്കുന്ന വരികളും ഈണവും വിട്ടുവീഴ്ചയില്ലാതെ പിറന്നുവീണുകൊണ്ടേയിരുന്നു. ‘ആരോ പാടും ലളിതമധുര ഗാനം പോലും’, ‘ഏതോ താളം മനസ്സിനണിയറയിൽ ഏതോ മേളം ഹൃദയധമനികളിൽ’, ‘ആരോടും മിണ്ടാതീ ആരോമൽതീരത്തിൽ അനുഭൂതികളിൽ’ തുടങ്ങി എല്ലാ വരികളിലും അത്രയും സൗന്ദര്യമാണ് ഇരുവരും ചാലിച്ചിരിക്കുന്നത്.

മഞ്ഞിൽ വിരിഞ്ഞ പൂക്കളിലെ ‘മിഴിയോരം നനഞ്ഞൊഴുകും’ എന്ന ഗാനം മഴയുടെ അകമ്പടിയോടെ പിറന്നുവീണതാണ്. ജെറി അമൽദേവായിരുന്നു സംഗീതസംവിധാനം. ഈണം നേരത്തെ തയ്യാറായിട്ടും വരികൾ കവിയുടെ അടുത്തേക്കുവന്നതേയില്ല. മടുപ്പ് മാറ്റാൻ ജെറിയും ബിച്ചുവും ആലപ്പുഴ കടൽത്തീരത്ത് പോയി. പെട്ടെന്ന് മഴപെയ്തു. കുടയില്ലാത്തതിനാൽ നനഞ്ഞു കുതിർന്നായിരുന്നു സ്റ്റുഡിയോയിൽ കയറിച്ചെന്നത്. അപ്പോൾ ടേപ്പ്റെക്കോഡറിൽ ജെറിയുടെ ഈണം ബാക്കിയുള്ളവർ കേട്ടുകൊണ്ടിരിക്കുകയായിരുന്നു. മഴയുടെ കുളിരിൽ പെട്ടെന്ന് തോന്നിയ ആശയംവെച്ച് വരികൾ പാടിനോക്കി. സിനിമയുടെ ചിത്രീകരണം നടന്നത് കൊടൈക്കനാലിൽ ആയതിനാൽ മഴയ്ക്ക് പകരം മഞ്ഞ് എന്നാക്കി മാറ്റുകയായിരുന്നു. കുടയെടുക്കാൻ മറന്നുപോയതിനാൽ പിറന്ന ഗാനമെന്നാണ് ഈ പാട്ടിനെ ബിച്ചുവും വിശേഷിപ്പിച്ചിരുന്നത്.

‘തേനും വയമ്പും’ എന്ന ചിത്രത്തിലെ ‘ഒറ്റക്കമ്പി നാദം മാത്രം മൂളും’ എന്ന ഗാനത്തിന്റെ പിറവിക്ക് പിന്നിലുമുണ്ടൊരു കഥ. 1981 ആണ് കാലഘട്ടം. മെഴുകുതിരി കത്തിച്ചുവെച്ചാണ് എഴുത്ത്. വരികളെഴുതുമ്പോൾ കൊതുകുകൾ മൂളിപ്പാട്ടുമായി ചുറ്റുമുണ്ട്. ഒരേ താളത്തിലുള്ള അവയുടെ മൂളൽ പാട്ടിൽ ഉൾപ്പെടുത്തിയാലോ എന്നായി ആലോചന. പി. ഭാസ്കരന്റെ ‘ഒറ്റക്കമ്പിയുള്ള തംബുരു’ എന്ന പുസ്തകം വായിച്ച് ദിവസങ്ങൾ ആയിട്ടേയുള്ളൂ. അതിൽനിന്ന് ഒറ്റക്കമ്പി എന്ന വാക്കും മനസ്സിൽ വന്നു. കൂട്ടിയോജിപ്പിച്ചപ്പോൾ ‘ഒറ്റക്കമ്പിനാദം മാത്രം മൂളും വീണാഗാനം ഞാൻ’ എന്ന ഗാനവും ജന്മമെടുത്തു. ഓരോ പാട്ടിനും പിന്നിൽ ഓരോ കഥകൾ പറയാനുണ്ടായിരുന്നു ബിച്ചു തിരുമലയ്ക്ക്.

Content Highlights : Bichu Thirumala movie songs Manjil Virinja Pookkal Ezhu Swarangalum