ഗായകന്മാരില്‍ ബിച്ചുതിരുമലയ്ക്ക് ഏറ്റവും അടുപ്പം യേശുദാസിനോടാണ്. ഒരഭിമുഖത്തില്‍ ബിച്ചു തിരുമല തന്നെയാണ് ഇക്കാര്യം പറഞ്ഞത്. തരംഗിണിയുടെ കാസറ്റുകള്‍ക്കു വേണ്ടിയുള്ള ഗാനരചനയും ഈ ബന്ധം വളരാന്‍ കാരണമായി.

"എന്റെ കൂടുതല്‍ പാട്ടുകള്‍ പാടിയിട്ടുള്ളതും യേശുദാസാണ്.  'വസന്തഗീതങ്ങള്‍' പോലുള്ള ആല്‍ബങ്ങള്‍ ചരിത്രമാണ്. 'മാമാങ്കം പലകുറി കൊണ്ടാടി' എന്ന ലളിതഗാനം ചേര്‍ത്തിട്ടുള്ളത് ഈ കാസറ്റിലാണ്.അത് ഇത്രവലിയ ഹിറ്റായി മാറുമെന്ന് കരുതിയതല്ല. ഈ ഗാനത്തിന് മലയാളി ആസ്വാദകരില്‍നിന്നും യുവജനോത്സവ വേദികളില്‍നിന്നും കിട്ടിയ സ്വീകാര്യത അദ്ഭുതപ്പെടുത്തുന്നതായിരുന്നു. രവീന്ദ്രനാണ് അതിന്റെ സംഗീതം. രവിയോടുള്ള അടുപ്പവും തരംഗിണിയുടെ പാട്ടുകളിലൂടെയാണ് ബലപ്പെട്ടത്. ഇപ്പോഴും മലയാളികളുടെ പ്രിയപ്പെട്ട നൊസ്റ്റാള്‍ജിയയാണ് 'വസന്തഗീതങ്ങളിലെ' പാട്ടുകള്‍." - ബിച്ചു തിരുമല പറയുന്നു