കൂട്ടുകൂടി നടക്കാൻ ഇഷ്ടപ്പെട്ടില്ലെങ്കിലും സൗഹൃദങ്ങൾ എന്നും ശ്രദ്ധയോടെ തേച്ചുമിനുക്കി കാത്തുസൂക്ഷിച്ചിരുന്നു ബിച്ചു തിരുമല. സിനിമാരംഗത്തും പുറത്തും അദ്ദേഹം അമൂല്യമായി കരുതുന്ന ഒട്ടേറെ സൗഹൃദങ്ങളുണ്ടായിരുന്നു. അത്തരത്തിലൊന്നാണ് സംഗീതസംവിധായകൻ രവീന്ദ്രനുമായുള്ളത്. മലയാളത്തിലെ ഏറ്റവും മനോഹരമായ ഭക്തിഗാനങ്ങളിലൊന്നായ 'കുളത്തൂപ്പുഴയിലെ ബാലകനേ...' എന്ന ഗാനം എഴുതുമ്പോഴും സംഗീതം നൽകുമ്പോഴും അയ്യപ്പനായിരുന്നു മനസ്സിലെങ്കിലും രവീന്ദ്രനെക്കൂടി ഓർത്തുപോയെന്ന് ബിച്ചു അഭിമുഖങ്ങളിൽ പറഞ്ഞിട്ടുണ്ട്. ആ സൗഹൃദത്തിന്റെ തീവ്രതയാണ് ബിച്ചു വാക്കുകളിലൂടെ പ്രകടമാക്കിയത്. കുളത്തൂപ്പുഴ രവിയെന്ന പേരിലാണ് രവീന്ദ്രൻമാഷ് സംഗീതസംവിധായകനായി അരങ്ങേറ്റം കുറിച്ചത്. 'ദീപം മകരദീപം' എന്ന അയ്യപ്പഭക്തിഗാന കാസറ്റിലെ ഗാനമാണത്. ആ പാട്ടിന് സംഗീതം നൽകിയതും ബിച്ചു തിരുമല തന്നെ.

തിരുവനന്തപുരത്ത് പഠിക്കുമ്പോഴേ രവിയെ ബിച്ചു തിരുമലയ്ക്ക് പരിചയമുണ്ട്. ബിച്ചു തിരുമല-രവീന്ദ്രൻ കൂട്ടുകെട്ടിന്റെ എല്ലാ ഗാനങ്ങളും ജനം ഏറ്റെടുത്തവയാണ്. 'തേനും വയമ്പും' എന്ന ചിത്രത്തിലെ 'ഒറ്റക്കമ്പിനാദം മാത്രം' എന്ന പാട്ടിനു മികച്ച ഗാനരചയിതാവിനുള്ള സംസ്ഥാന അവാർഡും ലഭിച്ചു.

മദ്രാസിലെ എ.വി.എം. സ്റ്റുഡിയോയിൽ രവിയുടെ റെക്കോഡിങ് നടക്കുമ്പോൾ അവിടത്തെ ജീവനക്കാരെല്ലാം വന്ന് കാതുകൂർപ്പിച്ച് നിൽക്കുമായിരുന്നു. ഭാഷയറിയാത്തവരെപ്പോലും പിടിച്ചുകെട്ടിയപോലെ നിർത്തുന്ന ഈണങ്ങളായിരുന്നു രവിയുടേതെന്ന് ബിച്ചു തിരുമല തന്നെ പറഞ്ഞിട്ടുണ്ട്. ആ സൗഹൃദം രവീന്ദ്രൻ മാഷിന്റെ മരണംവരെ തുടർന്നു.

ജയവിജയൻമാരോട് എന്നും പ്രത്യേക സ്‌നേഹമായിരുന്നു അദ്ദേഹത്തിന്. ഓരോ നവരാത്രികാലത്തും ഒരുവട്ടമെങ്കിലും കേൾക്കുന്ന 'നക്ഷത്രദീപങ്ങൾ തിളങ്ങി...' എന്ന പാട്ട് ആ സൗഹൃദത്തിൽ പിറന്നതാണ്. നക്ഷത്രദീപങ്ങളുടെ റെക്കോഡിങ് ജെമിനി സ്റ്റുഡിയോയിൽ നടക്കുന്ന സമയം. സാക്ഷാൽ ചെമ്പൈ തന്നെ സ്റ്റുഡിയോയിൽ യാദൃച്ഛികമായെത്തിയപ്പോൾ ജയവിജയൻമാർക്ക് ആനന്ദക്കണ്ണീർ. ജ്ഞാനവും വിനയവും ഒന്നിച്ച ആ മഹാനുഭാവന്റെ ആതിഥ്യം സ്വീകരിക്കാനും സുഹൃത്തുക്കൾ വഴി ബിച്ചു തിരുമലയ്ക്ക് അവസരം ലഭിച്ചു.

നടൻ ജയനോടും ഏറെ അടുപ്പമായിരുന്നു. ജയന്റെ മിക്ക സിനിമകളിലും പാട്ടെഴുതി. ജയൻ അഭിനയിച്ച 'ശക്തി' എന്ന സിനിമയ്ക്ക് കഥയും തിരക്കഥയും സംഭാഷണവുമെഴുതി. 'അങ്ങാടി'യിലെ പാട്ടുകൾ സൂപ്പർഹിറ്റായി. 'കണ്ണും കണ്ണും...' എന്ന ഗാനം ആരാധകർ ഏറ്റെടുത്തു. 'കരിമ്പന'യിലെ പാട്ടുകളും ജനം ഇഷ്ടപ്പെട്ടവയാണ്. ജയന്റെ അവസാന സിനിമയായ കോളിളക്കത്തിലെ 'ഒന്നു നിനയ്ക്കും വേറൊന്നു ഭവിക്കും...' എന്ന പാട്ട് തീരാവേദനയായി ബിച്ചു തിരുമലയ്ക്ക്.

എ.ടി.ഉമ്മറുമായി ചേർന്ന് ഒട്ടേറെ പാട്ടുകളൊരുക്കി. അദ്ദേഹവുമായി നല്ല സ്നേഹബന്ധം കാത്തുസൂക്ഷിച്ചു. ഭരണിക്കാവ് ശിവകുമാർ അടുത്ത സുഹൃത്തായിരുന്നു. എന്തും തുറന്നുപറയുന്ന സൗഹൃദം. ശിവകുമാറിന്റെ മരണം ബിച്ചുവിന് താങ്ങാവുന്നതിലപ്പുറമായിരുന്നു. ശ്യാമുമായുള്ള അടുപ്പം പാട്ടിലും ജീവിതത്തിലും തുടർന്നു. സംഗീത സംവിധായകൻ ശ്യാമുമായും അടുത്ത ബന്ധമായിരുന്നു ബിച്ചു തിരുമലയ്ക്ക്.

Content Highlights: Bichu Thirumala and music directors, songs of Bichu Thirumala