പാട്ടിന്റെ ആകാശത്ത് തിളങ്ങിനില്‍ക്കുമ്പോഴായിരുന്നു ആ വീഴ്ച. 1994-ലെ ക്രിസ്മസ് തലേന്ന് മകനുവേണ്ടി നക്ഷത്രം കെട്ടിത്തൂക്കുമ്പോള്‍ വീടിന്റെ സണ്‍ഷെയ്ഡില്‍നിന്നു വീണു. ബോധം തെളിയാതെ ദിവസങ്ങളോളം ആശുപത്രിയില്‍ കിടന്നു. ചടുലമായി ഗാനങ്ങള്‍ നെയ്തിരുന്ന ബിച്ചു തിരുമല എന്ന 'ഗാനാശ്വമേധ'ത്തിന്റെ ഇടര്‍ച്ചകൂടിയായിരുന്നു ആ വീഴ്ച. പിന്നീട് പാട്ടെഴുത്തിലേക്കു മടങ്ങിവന്നെങ്കിലും പഴയപോലെയായില്ല.

ഒരു മാസത്തിലേറെയാണ് അന്നദ്ദേഹം ആശുപത്രിയില്‍ കഴിഞ്ഞത്. ബോധത്തിലേക്കു മടക്കിക്കൊണ്ടുവരാന്‍ ഡോക്ടര്‍മാര്‍ അദ്ദേഹമെഴുതിയ പാട്ടുകള്‍ കേള്‍പ്പിച്ചുകൊണ്ടിരുന്നു. ഒരു ദിവസം 'കണ്ണാന്തുമ്പീ പേരാമോ, എന്നോടിഷ്ടം കൂടാമോ' എന്ന പാട്ടു കേട്ടപ്പോള്‍ കണ്ണുകള്‍ തെളിഞ്ഞു. ഇത് എഴുതിയതാരാണെന്ന ഡോക്ടറുടെ ചോദ്യത്തിന് 'ഞാനെഴുതിയതാണ്' എന്ന തെളിഞ്ഞ മറുപടി. അങ്ങനെ ബിച്ചു വീണ്ടും ബോധത്തിലേക്കു തിരിച്ചുകയറി.

ഗ്രാമ്യകല്പനകളും മെലഡികളും മുതല്‍ ഫാസ്റ്റ് നമ്പറുകളുമായി പിന്നീട് പാട്ടെഴുത്തിലേക്കു മടങ്ങിയെങ്കിലും പതിയെപ്പതിയെ വിശ്രമത്തിലേക്കു കടന്നു. 1999-ല്‍ കമല്‍ സംവിധാനം ചെയ്ത 'നിറ'ത്തിലെ 'പ്രായം നമ്മില്‍ മോഹം നല്‍കി...' എന്ന ചടുലഗാനമടക്കം ബിച്ചു ഇടയ്ക്കിടെ മലയാളത്തിന് ഇമ്പം നല്‍കിക്കൊണ്ടിരുന്നു.

2018-ല്‍ പി.കെ.ശ്രീകുമാര്‍ സംവിധാനം ചെയ്ത 'ശബ്ദം' എന്ന ചിത്രത്തിനുവേണ്ടിയാണ് അവസാനം പാട്ടെഴുതിയത്.

ബിച്ചു എന്ന പേര് അമ്മ പാറുക്കുട്ടിയമ്മയുടെ അച്ഛന്‍ ശിവരാമപിള്ളയാണ് ആദ്യം വിളിച്ചത്. ഇംഗ്ലീഷ് ക്ലാസിക്കുകളെ ഇഷ്ടപ്പെട്ടിരുന്ന അദ്ദേഹം വായിച്ച ഏതോ നോവലിലെ സത്യസന്ധനായ ഒരു കഥാപാത്രമായിരുന്നു ബിച്ചു. കുട്ടിയായിരുന്നപ്പോള്‍ മുതല്‍ വിളിപ്പേരായിരുന്ന 'ബിച്ചു' എന്ന പേര് പിന്നീട് അദ്ദേഹം എഴുത്തിലും സ്വീകരിക്കുകയായിരുന്നു.

സാക്ഷാത്കരിക്കാതെ പോയ സ്വാതി സംഗീതശില്പം

മനസ്സില്‍ സൂക്ഷിച്ച സ്വാതിതിരുനാള്‍ കൃതികളെക്കുറിച്ചുള്ള സംഗീതശില്പം സാക്ഷാത്കരിക്കാതെയാണ് ബിച്ചു തിരുമലയുടെ മടക്കം. സ്വാതിയുടെ 10 കീര്‍ത്തനങ്ങള്‍, ചരിത്രം എന്നിവ ചേര്‍ത്ത് പ്രമുഖരായ 10 സംഗീതസംവിധായകരെ ഉപയോഗിച്ചുള്ള സംഗീതശില്പമായിരുന്നു അദ്ദേഹത്തിന്റെ സ്വപ്നം.

തിരുവിതാംകൂറിലെ രാജകുമാരന്മാര്‍ക്ക് സ്വന്തം അമ്മമാര്‍ മുലയൂട്ടുന്ന പതിവില്ലായിരുന്നു. ഇതിനായി മുലയൂട്ട് അമ്മമാരുടെ വീടുകള്‍ കോട്ടയ്ക്കകത്തും പുറത്തും ഉണ്ടായിരുന്നു. സ്വാതിതിരുനാളിനെ മുലയൂട്ടിയ പുന്നപുരം കോട്ടക്കുഴി വീട്ടില്‍ ഈശ്വരിപ്പിള്ള ചരിത്രത്തില്‍ ഇടംപിടിച്ചിരുന്നു. ആ ചരിത്രമാണ് ബിച്ചുവിനെ സ്വാതിയുടെ സംഗീതത്തോട് അടുപ്പിച്ചത്. നാടകകൃത്തും സംവിധായകനുമായ ഫ്രാന്‍സിസ് ടി. മാവേലിക്കരയുമായി ചേര്‍ന്ന് 2007-ല്‍ അതിനുള്ള അന്വേഷണവും പഠനവും അദ്ദേഹം നടത്തി. ഇളയരാജ, എസ്.പി.വെങ്കിടേഷ്, ശ്യാം, എം.ജയചന്ദ്രന്‍ തുടങ്ങി 10 സംഗീതസംവിധായകരെയായിരുന്നു സംഗീതശില്പത്തിന്റെ നിര്‍മാണത്തിന് മനസ്സില്‍ കണ്ടിരുന്നത്.