പുതുതലമുറപ്പാട്ടെഴുത്തുകാരില്‍ ശ്രദ്ധേയനും കവിയുമായ ബി.കെ. ഹരിനാരായണന്‍, ബിച്ചു തിരുമലയ്ക്ക് പ്രണാമമര്‍പ്പിച്ച് എഴുതിയത്‌.

"ഈണമിട്ട് പാട്ടെഴുതുക എന്ന പതിവിലേക്ക് പുതിയ ഭാവുകത്വം കൊണ്ടുവന്ന ഒരാളാണ് ബിച്ചു തിരുമല. ഓരോ കാലത്തും ഒരോ ട്രെന്‍ഡുകള്‍ക്കനുസരിച്ച്, അല്ലെങ്കില്‍ യുവതയുടേയോ തലമുറയുടേയോ ഇഷ്ടങ്ങള്‍ക്കനുസരിച്ച് അദ്ദേഹം എഴുത്തിന്റെ ശൈലി മാറ്റിക്കൊണ്ടു വന്നു. ഒരു ‌സംവിധായകൻ പങ്കുവെക്കുന്ന ആശയത്തിനും  സന്ദർഭത്തിനും അനുസരിച്ചായിരിക്കും പാട്ടെഴുത്തുകാരന്‍ വരികള്‍ എഴുതുന്നത്. പാട്ടിനൊരു ഭാവമുണ്ട്. ഈണത്തിന്റെ ഭാവം കണ്ടറിഞ്ഞെഴുതാന്‍ അതുല്യമായ കഴിവുള്ളയാളായിരുന്നു അദ്ദേഹം. ഉദാഹരണത്തിന് ഓലത്തുമ്പത്തിരുന്നൂയലാടും ചെല്ല പൈങ്കിളീ എന്ന പാട്ടിന്റെ കാര്യമെടുത്താല്‍ ആ ഗാനത്തിന്റെ ഈണവും വരികളും നമുക്ക് വേര്‍പ്പെടുത്തിയെടുക്കാന്‍ കഴിയില്ല. അത്രമാത്രം ഈണവും വരികളും കൂടിക്കലര്‍ന്നിരിക്കുകയാണ്. വരി ചേര്‍ത്തല്ലാതെ ആ പാട്ട് ട്യൂണ്‍ മാത്രമായി നമുക്ക് മൂളാന്‍ പ്രയാസമാണ്. 

ഈണത്തോട് ഇഴുകിച്ചേര്‍ന്നു കൊണ്ടുള്ള വരികള്‍ രചിക്കാന്‍ അദ്ദേഹം അഗ്രഗണ്യനായിരുന്നു. ഒരേസമയം ലളിതവും ഗാംഭീര്യമുള്ളതുമായ പാട്ടുകള്‍ അദ്ദേഹം എഴുതിയിരുന്നു. പടകാളി ചണ്ഡി ചങ്കരി പോലുള്ള ദ്രുതമായ പാട്ടുകളെ ജനങ്ങളുടെ ഉള്ളിലേക്കെത്തിക്കാനും പാടിക്കാനും പ്രത്യേക കഴിവാവശ്യമുണ്ട്. കേള്‍ക്കുമ്പോള്‍ എളുപ്പമാണെന്ന് തോന്നുമെങ്കിലും അസാമാന്യമായ പ്രതിഭയുള്ള ഒരാള്‍ക്ക് മാത്രമേ അനായാസമായി എഴുതാന്‍ സാധിക്കുകയുള്ളൂ. ചടുലമായ ഈണങ്ങളിലേക്ക് ഇത്തരം പദങ്ങള്‍ കൊണ്ടു വരുന്നതില്‍ അദ്വിതീയനായിരുന്നു അദ്ദേഹം. പ്രണയഗാനങ്ങള്‍ എഴുതുന്ന പോലെ അത്ര എളുപ്പമല്ല ദ്രുതവും ചടുലവുമായ ഗാനങ്ങളുടെ രചന. ഉന്നം മറന്ന് തെന്നിപ്പറന്ന പോലുള്ള ദ്രുതതാളഗാനങ്ങളില്‍ ലളിതമായ പദങ്ങള്‍ ഉപയോഗിച്ചും അദ്ദേഹം ഗാനങ്ങള്‍ രചിച്ചു. ഈണത്തിന്റെ ഭാവത്തിനനുസരിച്ച് പാട്ടെഴുതുന്നതില്‍ ഏറ്റവും മികച്ച ഒരാളായിരുന്നു അദ്ദേഹം".

Content Highlights: B K Harinarayanan remembers Bichu Thirumala