തിരുവനന്തപുരം: പതിനാറു വർഷം കാത്തിരുന്നു കിട്ടിയ പൊന്നുമോൾ ജാനി വിടപറഞ്ഞുപോയത് ആ അമ്മ അറിഞ്ഞിട്ടില്ല; ഒരുപാടു പ്രണയിച്ച പ്രിയതമൻ പാട്ട് പകുതിയിൽ നിർത്തി വിടപറഞ്ഞതും.

ഇടയ്ക്കു ബോധം തെളിഞ്ഞപ്പോൾ ബാലഭാസ്കറിന്റെ ഭാര്യ ലക്ഷ്മി അന്വേഷിച്ചത് തന്റെ മകളെയാണ്. മകൾ അടുത്ത മുറിയിലുണ്ടെന്നു പറഞ്ഞെങ്കിലും കാണണമെന്നുപറഞ്ഞ് ബഹളമുണ്ടാക്കുകയും ചെയ്തു. പക്ഷേ, പിന്നെ വീണ്ടും അബോധാവസ്ഥയിലായി.

അപകടത്തിൽ ലക്ഷ്മിക്കും ഗുരുതര പരിക്കുണ്ട്. തീവ്രപരിചരണ വിഭാഗത്തിലാണ് ലക്ഷ്മിയും. തീവ്രപരിചരണ വിഭാഗത്തിൽ ബാലഭാസ്കറിന്റെ തൊട്ടടുത്താണ് ലക്ഷ്മിയും കിടന്നിരുന്നത്. ഇനി ബോധം തെളിയുമ്പോൾ ഭർത്താവിനെയും അന്വേഷിച്ചുതുടങ്ങിയാൽ എന്തു മറുപടി പറയണമെന്നറിയാത്ത അവസ്ഥയിലാണ്‌ ബന്ധുക്കൾ. ലക്ഷ്മിയുടെ വാരിയെല്ലുകൾക്കും പൊട്ടലുണ്ട്.

പെട്ടെന്ന് ഈ രണ്ടു മരണവാർത്തകൾ അറിയിച്ചാലുണ്ടാകാവുന്ന മാനസികാഘാതം ലക്ഷ്മിക്കു താങ്ങാനാവുമോയെന്നു പറയാനാവില്ല. അതിനാലാണ് തത്‌കാലം മരണവിവരം അറിയിക്കാത്തത്. ലക്ഷ്മിയുടെ ആരോഗ്യനിലയിൽ പുരോഗതിയുണ്ടെന്ന് ഡോക്ടർമാർ പറയുന്നു.