രിക്കേറ്റുകിടക്കുമ്പോള്‍ ആസ്പത്രിമുറിയില്‍വച്ചാണ് അവസാനമായി കണ്ടത്, ചിരിക്കാന്‍ പറഞ്ഞപ്പോള്‍ അവന്‍ ആദ്യമൊന്നുമടിച്ചു; നിര്‍ബന്ധിച്ചപ്പോള്‍ പുഞ്ചിരിച്ചു. ബാലു എനിക്ക് നല്‍കുന്ന അവസാനചിരിയാണതെന്ന് അറിഞ്ഞിരുന്നില്ല, പോകാന്‍നേരം അവന്റെ നെറ്റിയില്‍ ഞാനൊരുമ്മ നല്‍കി, അപ്പോഴേക്കുമവന്റെ കണ്ണുകള്‍ നിറഞ്ഞൊഴുകിയിരുന്നു...ബാലഭാസ്‌കറുമായുള്ള ഓര്‍മകള്‍ പങ്കുവച്ച് സംഗീത സംവിധായകനും കീബോഡിസ്റ്റുമായ സ്റ്റീഫന്‍ ദേവസി

ബാലു ഇല്ലാതായിരിക്കുന്നുവെന്ന സത്യം ഇനിയും ഉള്‍ക്കൊള്ളാന്‍ കഴിഞ്ഞിട്ടില്ല, അവന്‍ എനിക്കാരായിരുന്നുവെന്ന്  പറഞ്ഞറിയിക്കുക പ്രയാസമാണ്. എണ്ണിയാലൊടുങ്ങാത്തത്ര വേദികളില്‍ പരസ്പരം ഒന്നിച്ച് പരിപാടികള്‍ അവതരിപ്പിച്ചു. അവിടങ്ങളിലെല്ലാം വയലിനും കീബോര്‍ഡും മത്സരിച്ചുപോരാടുകയായിരുന്നു, അതുതന്നെയായിരുന്നു ഞങ്ങളെ കേള്‍ക്കാനെത്തുന്ന പ്രേക്ഷകര്‍ക്കെന്നും ഹരം നല്‍കിയിരുന്നത്. കൂട്ടത്തില്‍ ഒരാള്‍ മടങ്ങിയെന്നും ഒന്നിച്ചൊരു വേദി ഇനിയില്ലെന്നും വേദനയോടെമാത്രമേ ചിന്തിക്കാന്‍ കഴിയൂ.

പരിക്കേറ്റ് ആസ്പത്രി മുറിയില്‍ കിടക്കുമ്പോഴാണ് ബാലുവിനെ അവസാനമായി കാണുന്നത്. ഡോക്ടര്‍ക്കൊപ്പമാണ് വെന്റിലേറ്ററിലേക്ക് ചെന്നത്. ഏറെനേരമെടുത്തൊരു ക്ലാസ്സു നല്‍കിയിട്ടാണ് ഡോക്ടര്‍ എന്നെ ബാലുവിനടുത്തേക്ക് കൊണ്ടുപോയത്. അത്യധികം ദുഃഖം നല്‍കുന്ന കാഴ്ചയായിരിക്കും അതെന്നും വെന്റിലേറ്ററില്‍ വെച്ച് എന്തുസംഭവിച്ചാലും പതറരുതെന്നും ഡോക്ടര്‍മാര്‍ എനിക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നു.

മനസ്സിലായോ എന്ന ചോദ്യത്തോടെയാണ് ഞാന്‍ ബാലുവിനടുത്തേക്ക് ചെന്നത്. ചുണ്ടനക്കത്തില്‍ നിന്നും അവ്യക്തമായ ശബ്ദങ്ങളാണ് പുറത്തുവന്നതെങ്കിലും അവനുമായുള്ള അടുപ്പംകൊണ്ടാകണം അതെല്ലാം പെട്ടെന്നുതന്നെ വായിച്ചെടുക്കാനായി. ഇത്തരമൊരു അവസ്ഥയിലും അവനെന്നെ തിരിച്ചറിഞ്ഞുവെന്ന സന്തോഷം മനസ്സിന് ആശ്വാസംനല്‍കി. ഒന്ന് കണ്ടുപോരാനുള്ള അനുവാദം മാത്രമാണ് ഡോക്ടര്‍മാര്‍ ആദ്യം നല്‍കിയിരുന്നതെങ്കിലും സംസാരം ബാലുവില്‍ സാരമായ പുരോഗതി ഉണ്ടാക്കുമെന്ന വിശ്വാസം കൂടിക്കാഴ്ച ദീര്‍ഘിപ്പിക്കാന്‍ ഡോക്ടര്‍മാരെ പ്രേരിപ്പിച്ചു. ഏതാണ്ട് 45 മിനിട്ട് ഞാന്‍ അവനൊപ്പം ചെലവിട്ടു.

സംസാരിച്ചതത്രയും ഒന്നിച്ചവതരിപ്പിക്കേണ്ട സ്റ്റേജ് പരിപാടികളെ കുറിച്ചായിരുന്നു. അതവന് വലിയൊരു ഊര്‍ജം നല്‍കി, വേഗം തിരിച്ചുവരുമെന്നും ഒരുപാട് വേദികള്‍ നമുക്കായി കാത്തിരിപ്പുണ്ടെന്നുമുള്ള വാക്കുകള്‍ മുഖത്തൊരു പ്രകാശം നിറച്ചതായി തോന്നി. തിരിച്ചുവരും എന്ന അവന്റെ ചുണ്ടനക്കം ആ സമയത്ത് എനിക്കും വലിയ ആശ്വാസമാണ് നല്‍കിയത്, അതുവരെ നിറഞ്ഞുനിന്ന എന്റെ സങ്കടങ്ങളെ മുഴുവന്‍ തുടച്ചുനീക്കാനുള്ള ശക്തി അവന്റെ ആ പ്രതികരണത്തിനുണ്ടായിരുന്നു.

ഒരുമിച്ചു തകര്‍ത്താടിയ പരിപാടികളെക്കുറിച്ചെല്ലാം ഒന്നിനുപുറകെ ഒന്നായി ഓര്‍മിപ്പിച്ചുകൊണ്ടിരുന്നു. തിരിച്ചുവരവിനുള്ള പ്രചോദനവാക്കുകളെല്ലാം ഉള്‍ക്കൊണ്ടുകൊണ്ടാകണം പലതവണ ബാലു ചുണ്ടനക്കി. സംസാരത്തിനിടയില്‍ ഏറെ നേരം ഞാനവന്റെ കൈയും കാലും  പതുക്കെ തടവി, ഞാന്‍ തൊടുന്നതൊന്നും അവന്‍ അറിഞ്ഞിരുന്നില്ലെന്ന് പിന്നീടാണ് മനസ്സിലായത്.സംസാരം അവസാനിപ്പിക്കാന്‍ നേരം ഞാനവനോടൊന്ന് ചിരിക്കാന്‍ ആവശ്യപ്പെട്ടു, പേശികള്‍ വലിഞ്ഞുമുറികയതുകൊണ്ടോ എന്താണെന്നറിയില്ല അവനാദ്യമൊന്നു മടിച്ചു. നിര്‍ബന്ധിച്ചപ്പോള്‍ പുഞ്ചിരിച്ചു. ബാലു എനിക്ക് നല്‍കുന്ന അവസാനചിരിയാണതെന്ന് അറിഞ്ഞിരുന്നില്ല. മനസ്സുനീറിക്കൊണ്ട്  അവന്റെ നെറ്റിയില്‍ ഞാനൊരുമ്മ നല്‍കി, അപ്പോഴേക്കുമവന്റെ  കണ്ണുകള്‍ നിറഞ്ഞൊഴുകിയിരുന്നു. കണ്ണീര്‍ തുടച്ചുകൊടുത്താണ് തിരിച്ചുനടന്നത്.

ബാലു മടങ്ങിവരുമെന്ന ഉറച്ചവിശ്വാസത്തിലാണ് ഞാന്‍ ആസ്പത്രിവിട്ടിറങ്ങിയത്. നല്ല മാറ്റം പ്രകടിപ്പിച്ചു എന്നുതന്നെയായിരുന്നു ഡോക്ടര്‍മാരുടെ വിലയിരുത്തലും. എന്നാല്‍, നമ്മുടെയെല്ലാം പ്രതീക്ഷകളെ തകിടംമറിച്ചുകൊണ്ട് അന്ന് രാത്രിതന്നെ ബാലു ഈ ലോകത്തോട് വിടപറഞ്ഞു.

സംഗീതലോകത്തിന്  ബാലുവിന്റെ വിയോഗം നികത്താനാവാത്ത നഷ്ടമാണ്. ആ മേഖലയില്‍ ബാലുവിനൊപ്പം നില്‍ക്കുന്ന പലരുമുണ്ടെങ്കിലും അവനുലഭിച്ച അനുഗ്രഹവും ആ ഒരു നിഷ്‌കളങ്കതയും മറ്റാര്‍ക്കുമില്ലെന്ന് ഉറപ്പിച്ചുപറയാം. വയലിന്‍ സംഗീതത്തിന് വിപ്ലവകരമായ മാറ്റങ്ങള്‍ കൊണ്ടുവന്ന വ്യക്തിയാണ് ബാലു. അവന്റെ പാത പിന്തുടര്‍ന്നാണ് പലരും ഈ രംഗത്തേക്ക് കടന്നുവന്നത്.  ഇന്ന് വയലിന്‍ സംഗീതത്തിന് നാഥനില്ലാത്ത അവസ്ഥയാണെന്ന് തോന്നിപ്പോകുന്നു.

15 വര്‍ഷങ്ങള്‍ക്കുമുന്‍പ് ഒരു റിയാലിറ്റി ഷോയില്‍ വെച്ചാണ് ബാലുവുമായി ചങ്ങാത്തത്തിലാകുന്നത്. അതിനുമുന്‍പ് അവന്റെ പല പരിപാടികളും ഞാന്‍ കണ്ടിട്ടുണ്ട്. നേരില്‍ കണ്ടതും പരസ്പരം അടുത്തറിഞ്ഞതും ആ റിയാലിറ്റി ഷോയിലൂടെയായിരുന്നു. ഞങ്ങള്‍ പരസ്പരം സംഗീതം ചര്‍ച്ച ചെയ്തു. വേദികളോടായിരുന്നു ബാലുവിനെന്നും പ്രിയം. ആള്‍ക്കൂട്ടങ്ങള്‍ക്ക് മുന്നില്‍  വയലിന്‍ വായിച്ച് വിസ്മയം സൃഷ്ടിക്കാന്‍ അവനിഷ്ടമായിരുന്നു. ഞങ്ങളൊരുമിച്ചൊരുപാട് വിദേശയാത്രകള്‍ നടത്തിയിട്ടുണ്ട്. എല്ലാ രാജ്യങ്ങളും സന്ദര്‍ശിച്ച് അവിടെയെല്ലാം പരിപാടികള്‍ അവതരിപ്പിക്കുകയെന്നത് അവന്റെ ആഗ്രഹമായിരുന്നു. 

മരിച്ചുകഴിഞ്ഞാലുള്ള കാലത്തെക്കുറിച്ച് അവന്‍ പലപ്പോഴും സംസാരിക്കാറുണ്ടായിരുന്നു. എന്നാല്‍ അതിത്രവേഗത്തിലാകുമെന്ന് സ്വപ്നത്തില്‍പോലും പ്രതീക്ഷിച്ചില്ല. 
കൊല്ലത്തുവെച്ചാണ് ഞങ്ങളൊന്നിച്ച് അവസാനമായൊരു പരിപാടിചെയ്തത്. അമേരിക്കയിലെയും ലണ്ടനിലെയും യു.കെ.യിലെയുമെല്ലാം വരാനിരിക്കുന്ന പ്രോഗ്രാമുകളെക്കുറിച്ചാണ് അന്നേറെനേരവും സംസാരിച്ചിരുന്നത്.

ശക്തിയും ദൗര്‍ബല്യവും പരസ്പരം  മനസ്സിലാക്കിയാണ് ഞങ്ങളോരോ വേദികളിലും ഒന്നിച്ചത്. എനിക്കായി അവനും അവനുവേണ്ടി ഞാനും തോറ്റുകൊടുക്കാറുണ്ടായിരുന്നു.  എനിക്കേറ്റവും ഇഷ്ടപ്പെട്ട നോട്ടുകളും പാട്ടുകളും ഇടയ്ക്ക് ബാലു വായിക്കുമ്പോള്‍ ഞാന്‍ അവന്റെ ഇഷ്ടഗീതങ്ങള്‍ കീബോര്‍ഡിലൂടെ പടച്ചുവിടും. മെലഡി വായിക്കാനായിരുന്നു ബാലുവിന് ഏറ്റവുമിഷ്ടം. അവന്റെ വയലിനിലൂടെ മെലഡികള്‍ ജനിക്കുമ്പോള്‍ ദൈവികമായ ഒരു അന്തരീക്ഷം വേദിയില്‍ പ്രവഹിക്കുമായിരുന്നു. ബാലു ബാക്കിവെച്ച ശൂന്യത നിറയ്ക്കാന്‍ ലോകത്തിലെ മറ്റൊന്നിനുമാവില്ല എന്ന് ഞാന്‍ വിശ്വസിക്കുന്നു. 
 

violini8st balabhaskar died stephen devassy remembers balabhaskar