വയലിനിസ്റ്റും സംഗീത സംവിധായകനുമായ ബാലഭാസ്‌കറിന് ആദരാഞ്ജലി അര്‍പ്പിച്ച് നടി മഞ്ജു വാര്യര്‍. ആ വയലിന്‍ തന്ത്രികള്‍ നിലച്ചു എന്ന് വിശ്വസിക്കുന്നില്ല, ഈ യാത്ര പറച്ചില്‍ ഒരിക്കലും മനസ് സമ്മതിച്ചു തരില്ലായെന്നും മഞ്ജു വാര്യര്‍ ഫെയ്സ്ബുക്കില്‍ കുറിച്ചു. ബാലഭാസ്‌കറുമായുള്ള അടുത്ത സൗഹൃദത്തെ ഓര്‍മിച്ച് കൊണ്ടായിരുന്നു മഞ്ജുവിന്റെ കുറിപ്പ്.

ആ വയലിന്‍ തന്ത്രികള്‍ നിലച്ചു എന്ന് വിശ്വസിക്കുന്നില്ല,ഒരിക്കലും ഈ യാത്ര പറച്ചില്‍ മനസ്സ് സമ്മതിച്ചു തരില്ല. ആരാധനയില്‍ നിന്നും അടുത്ത സൗഹൃദമായി മാറിയ ബന്ധം. കുറച്ചു നാളുകള്‍ മുമ്പ് ഉണ്ടായ ഓസ്‌ട്രേലിയന്‍ യാത്രയില്‍ അദ്ഭുതം കേള്‍പ്പിക്കുന്ന വയലിനുമായി ബാലു ഞങ്ങള്‍ക്കൊപ്പമുണ്ടായിരുന്നു. ലക്ഷ്മിയുടെയും ജാനിമോളുടെയും വിശേഷങ്ങള്‍ വാതോരാതെ പങ്കുവച്ചുകൊണ്ട്... ഇല്ല! ബാലു വേറെങ്ങും പോയിട്ടില്ല. ഒരിക്കലും പോകുകയുമില്ല...' മഞ്ജു കുറിച്ചു.

balabhaskar


25നാണ് ബാലഭാസ്‌കറും ഭാര്യയും മകള്‍ തേജസ്വിനി ബാലയും സഞ്ചരിച്ച കാര്‍ അപകടത്തില്‍പെട്ടത്. തിരുവനന്തപുരം പള്ളിപ്പുറത്തിന് സമീപമായിരുന്നു അപകടം. ആശുപത്രിയിലെത്തിച്ചെങ്കിലും രണ്ടുവയസ്സുകാരി തേജസ്വിനിയുടെ ജീവന്‍ രക്ഷിക്കാന്‍ സാധിച്ചിരുന്നില്ല.

ബാലഭാസ്‌കര്‍,ലക്ഷ്മി, ഡ്രൈവര്‍ അര്‍ജുന്‍ എന്നിവരെ ഗുരുതരമായ പരിക്കുകളോടെ ആശുപത്രിയിലെത്തിക്കുകയായിരുന്നു. വെന്റിലേറ്ററില്‍ ചികിത്സയിലായിരുന്ന ബാലഭാസ്‌കറിന്റെ നില മെച്ചപ്പെട്ടുവരുന്നതിനിടെ ചൊവ്വാഴ്ച്ച പുലര്‍ച്ചേ 12.57-നുണ്ടായ ഹൃദയാഘാതമാണ് മരണത്തിന് ഇടയാക്കിയതെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. ലക്ഷ്മി ഇപ്പോഴും ഗുരുതരാവസ്ഥയില്‍ ചികിത്സയില്‍ തുടരുകയാണ്. തൃശ്ശൂരില്‍ ക്ഷേത്രദര്‍ശനത്തിനു ശേഷം മടങ്ങുന്ന വഴിയായിരുന്നു അപകടം. നിയന്ത്രണം വിട്ട കാര്‍ സമീപത്തെ മരത്തിലിടിച്ചാണ് അപകടമുണ്ടായത്. മുന്‍സീറ്റിലായിരുന്നു മകളും ബാലഭാസ്‌കറും ഇരുന്നിരുന്നത്. വാഹനത്തിന്റെ മുന്‍ഭാഗം അപകടത്തില്‍ പൂര്‍ണമായി തകര്‍ന്നിരുന്നു.

സഹപാഠികളായിരുന്ന ബാലഭാസ്‌കറും ലക്ഷ്മിയും 2000ലാണ് വിവാഹിതരായത്. പതിനാറു വര്‍ഷത്തെ കാത്തിരിപ്പിനു ശേഷമാണ് ഇവര്‍ക്ക് തേജസ്വിനി പിറന്നത്. തേജസ്വനിയുടെ പേരിലുള്ള വഴിപാട് നടത്താനായിരുന്നു ഇവര്‍ തൃശ്ശൂരിലേക്ക് പോയത്.

 Violinist Balabhaskar died manju warrier remembers violinist balabhaskar