യലിനിൽ വിസ്മയംതീർത്ത ബാലഭാസ്‌കറിന് ജീവിതത്തിന്റെ ഭാഗംതന്നെയായിരുന്നു യൂണിവേഴ്‌സിറ്റി കോളേജ്. തന്റെ കലാജീവിതത്തിലും സ്വകാര്യജീവിതത്തിലും മറക്കാനാവാത്ത ഓർമകളും ബന്ധങ്ങളും സമ്മാനിച്ച ആ കലാലയമുറ്റത്ത് അദ്ദേഹത്തെ അവസാനമായി എത്തിക്കുമ്പോൾ സൗഹൃദങ്ങളുടെ വലിയനിര കണ്ണീരണിഞ്ഞിരുന്നു. യുവാക്കൾ എന്നെന്നും ഓർക്കുന്ന ഒരുപിടി പാട്ടുകൾക്കും വയലിൻ വിസ്മയങ്ങൾക്കും തലസ്ഥാനഹൃദയത്തിലെ കലാലയം സാക്ഷിയായിരുന്നു.

‘മംഗല്യപല്ലക്കി’ന്റെ സംഗീതസംവിധായകനെന്ന വിശേഷണവുമായാണ് ബാലഭാസ്‌കർ യൂണിവേഴ്‌സിറ്റി കോളേജിലേക്കെത്തുന്നത്. കോളേജിലെ സാംസ്കാരികസംഘടനയായിരുന്ന ‘സംസ്കാര’യും എന്നും ഒപ്പംനിന്ന സുഹൃത്തുക്കളുമെല്ലാമായപ്പോൾ ബാലഭാസ്‌കറെന്ന വ്യക്തി കോളേജിലെ ഏറ്റവും പ്രിയപ്പെട്ടവനാവുകയും ചെയ്തു. കലാലയത്തിന്റെ പ്രധാനകെട്ടിടത്തിനെതിർവശത്തുള്ള സംസ്കൃതം വകുപ്പിൽ വിദ്യാർഥിയായപ്പോൾത്തന്നെ മലയാളം വകുപ്പിലുണ്ടായിരുന്ന ബി.എസ്.ജോയിയും ഫിലോസഫിയിലെ ഷാനും ജയനും സുബ്രഹ്മണ്യനും അനൂപ് ശിവദാസനുമൊക്കെചേർന്ന് സംഗീതവും ആൽബങ്ങളുമായി അരങ്ങ് കൊഴുപ്പിച്ചു. സർവകലാശാലാ കലോത്സവത്തിൽ ബാലഭാസ്‌കറിന്റെ പേര് ചേർത്തുെവച്ച് പലകുറി അക്കാലത്ത് യൂണിവേഴ്‌സിറ്റി കോളേജ് മുന്നിലെത്തുകയും ചെയ്തിരുന്നു. നിനക്കായ്, ആദ്യമായ്‌ എന്നീ ആൽബങ്ങൾ പുറത്തിറങ്ങിയതോടെ അദ്ദേഹം ചെറുപ്പക്കാർക്കിടയിലെ ഹരമായി മാറി.

ബാലഭാസ്‌കർ യൂണിവേഴ്‌സിറ്റി കോളേജിലെത്തുമ്പോൾ ജാസി ഗിഫ്റ്റ് അവിടെ മുതിർന്ന വിദ്യാർഥിയായിരുന്നു. ഗായകൻ ഷാനെ ബാലഭാസ്‌കറിന്റെ ഒരു പാട്ടുപാടാൻ സമ്മതിപ്പിക്കുന്നത് കോളേജിന്റെ സെന്റിനറി ഹാൾ പരിസരത്തുെവച്ച് നിർബന്ധിപ്പിച്ചാണെന്ന കാര്യം അടുത്ത സുഹൃത്തായ കവി ജോയ് തമലം ഓർമിച്ചതു സങ്കടത്തോടെയാണ്. അടുത്ത സുഹൃത്താണെങ്കിൽപ്പോലും സ്വന്തമായിചെയ്യുന്ന വർക്കിൽ മാത്രമേ താനുമായി സഹകരിക്കുള്ളൂവെന്നും ബാലു എന്ന ബാലഭാസ്‌കർ ജോയിയോടു പറഞ്ഞിരുന്നു. അത് ‘ഐ, അയ്യർ, അയ്യങ്കാർ’ എന്ന ചിത്രത്തിലേക്ക് എത്തിനിൽക്കുകയായിരുന്നുവെന്നും ജോയ് ഓർമിക്കുന്നു. ഇതിൽ ഗാനരചന ജോയിയും സംഗീതം ബാലഭാസ്‌കറുമായിരുന്നു ചെയ്യാൻ നിശ്ചയിച്ചിരുന്നത്. സർവകലാശാലാ കലോത്സവത്തിൽ ടീമിനു പങ്കെടുക്കാനുള്ള പണം സമാഹരിക്കാൻ പണിപൂർത്തിയാകാത്ത സാഫല്യം കോംപ്ലക്‌സിന്റെ പടിക്കെട്ടിലിരുന്ന് പാടിത്തിമിർത്തത് സഹപാഠികൾ കണ്ണീരോടെ ഓർക്കുകയും ചെയ്യുന്നു.

ബാലഭാസ്‌കർ അന്ന് കോളേജിലെല്ലാവരുടെയും ബാലുവായിരുന്നു. ഇടയ്ക്കിടെ ‘ഉയിരേ... ഉയിരേ...’ എന്ന റഹ്‌മാൻ ഗാനം വയലിനിൽ വായിച്ച് ബാലു സഹപാഠികളെ വിസ്മയിപ്പിച്ചു. എം.എ. ക്ലാസിൽ കൂട്ടുകാർക്കിടയിലിരുന്ന് പലപ്പോഴും പാട്ടുപാടി. രണ്ടുവരിയോ നാലുവരിയോ പാടിനിർത്തുകയാണ് പതിവെങ്കിലും വല്ലപ്പോഴുമൊക്കെ അവരുടെ നിർബന്ധത്തിനു വഴങ്ങി പാട്ട് പൂർത്തിയാക്കുകയും ചെയ്തിരുന്നു. ക്ലാസ് മുറിയിലിരുന്നുപോലും അദ്ദേഹം പാട്ടുകൾ കമ്പോസ് ചെയ്തിരുന്നുവെന്നും സഹപാഠികൾ ഓർക്കുന്നുണ്ട്. ഇടയ്ക്കിടെ റെക്കോഡിങ്ങിനും മറ്റുമായിപോയി മടങ്ങുമ്പോൾ അതിന്റെ വിശേഷങ്ങളും അദ്ദേഹം കൂട്ടുകാരുമായി പങ്കുെവച്ചു. പൊതുവേ നാണക്കാരനായിരുന്ന ബാലഭാസ്‌കർ യൂണിവേഴ്‌സിറ്റി കോളേജിലെ പഠനകാലത്ത് ഉണ്ടാക്കിയെടുത്ത സൗഹൃദങ്ങൾ എന്നും സൂക്ഷിക്കുകയും ചെയ്തു. അതിന്റെ തെളിവായിരുന്നു ചേതനയറ്റ തങ്ങളുടെ ബാലുവിനെ ഒരുനോക്കുകൂടി കാണാൻ അവർ നിറകണ്ണുകളുമായി പഴയ കലാലയമുറ്റത്തെത്തിയതും.