വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ മരണത്തില്‍ അനുശോചിച്ച് ഷാഫി പറമ്പില്‍ എം.എല്‍.എ. തന്റെ ഫെയ്‌സ്ബുക്ക് പേജിലൂടെയാണ് ഷാഫി വികാരനിര്‍ഭരമായ കുറിപ്പ് പങ്കു വച്ചിരിക്കുന്നത്. 2 വയസ്സ് പ്രായമായൊരു പെണ്‍കുഞ്ഞിന്റെ പിതാവിന്റെ തോന്നലുകള്‍ തനിക്ക് മനസിലാകുമെന്ന് താനും മകളും തമ്മിലുള്ള അടുപ്പം വിവരിച്ചുകൊണ്ടാണ് ഷാഫി പറയുന്നു. അതുകൊണ്ട് തന്നെ ബാലു മരിച്ചതല്ല മറിച്ച് തേജസ്വനിയില്‍ അലിഞ്ഞ് ചേര്‍ന്നതായിരിക്കാമെന്നാണ് തന്റെ മനസ് പറയുന്നതെന്നും ബാലുവിന്റെ പത്‌നി ലക്ഷ്മി ഈ വേര്‍പാട് അറിയുന്ന നിമിഷത്തെക്കുറിച്ചോര്‍ക്കുമ്പാള്‍ പേടി തോന്നുന്നു എന്നും ഷാഫി കുറിക്കുന്നു

ഷാഫിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ് : 

എന്റെ മോളെന്നെ ആദ്യം വിളിച്ചത് ഉപ്പച്ചി എന്നായിരുന്നു .കുറച്ച് ദിവസമേ അതുണ്ടായുള്ളൂ .. പിന്നീട് അവളത് ദാദാ എന്നാക്കി .. പിന്നെ കുറെ മാസങ്ങള്‍ പാപ്പാ എന്നാ വിളിക്കാറ് .
ഭാര്യ എന്നെ ഇക്കാന്ന് വിളിക്കുന്നത് കേട്ട് അവള്‍ക്കും ഞാനിപ്പൊ 'ഇക്ക'യായി.

ഭാര്യ പറയാറുണ്ട് പലപ്പോഴും ഉറക്കത്തിലവള്‍ ഇക്കാന്ന് വിളിക്കാറുണ്ടത്രെ.. രാവിലെ ഉറക്കമെഴുനേല്‍ക്കുമ്പോള്‍ ഞാനടുത്തുണ്ടെങ്കില്‍ കരയാതെ ചിരിച്ചോണ്ട് എഴുന്നേക്കാറുണ്ട് .. (ഇന്ന് രാവിലെയും).ഇക്ക കുളിപ്പിക്കുമ്പോ കരയാറില്ല .. സോപ്പിന്റെ പതയില്‍ നിന്ന് കുമിളകളുണ്ടാക്കുന്നത് വിരല് കൊണ്ട് കുത്തി പൊട്ടിച്ച് പൊട്ടിച്ചിരിക്കാറുമുണ്ട് ..  ഉടുപ്പിടാനും കളിക്കാനും ഷൂ ഇടാനും യാത്ര ചെയ്യുമ്പോഴും പുറത്തിറങ്ങാനും ഉമ്മ മരുന്ന് കൊടുക്കുമ്പോ രക്ഷപെടാനും മൊബൈലില്‍ കളിക്കാനും ഇടയ്ക്ക് ഞാന്‍ അവളറിയാതെ പോയിപ്പോവുമോന്ന് കരുതിയുമെല്ലാം ഒരു 100 തവണ അവളെന്നെ ഇക്കാ ഇക്കാ വിളിച്ചോണ്ട് നടക്കും .. എപ്പോഴും കൂടെയുണ്ടാവാന്‍ പറ്റാറില്ലെങ്കിലും ഉള്ള സമയത്തെ തോന്നലുകളെ കുറിക്കാന്‍ വാക്കുകള്‍ പോരാതെ വരും ..

ഞാനിത്രയും പറഞ്ഞത് ഹൃദയം നുറുങ്ങുന്ന വേദനയിലാണ് ..
ബാലുവിന്റെ മരണം അറിഞ്ഞാണ് ഇന്നുണര്‍ന്നത്.. 2 വയസ്സ് പ്രായമായൊരു പെണ്‍കുഞ്ഞിന്റെ പിതാവിന്റെ തോന്നലുകള്‍ എനിക്ക് മനസ്സിലാവും.. ഒരു പക്ഷെ 16 വര്‍ഷം കാത്തിരുന്ന കിട്ടിയ തേജ്വസിനി ബാലുവിനെത്രമാത്രം പ്രിയപെട്ടതാവുമെന്ന് അറിയാവുന്നത് കൊണ്ട് കൂടിയായിരിക്കണം മനസ്സ് പറയുന്നത് ബാലു മരിച്ചതല്ല മറിച്ച് തേജസ്വനിയില്‍ അലിഞ്ഞ് ചേര്‍ന്നതായിരിക്കാമെന്ന്.. അവള്‍ക്കൊപ്പം തുടരാന്‍.. തുടര്‍ന്നും സ്‌നേഹിക്കാന്‍ വാരിക്കോരി കൊടുത്ത് മതി വരാതെ ..വയലിന്‍ കയ്യിലെടുക്കുമ്പോള്‍ നമ്മളൊക്കെ അതില്‍ ബാലുവിനൊപ്പം അലിയാറുള്ളതിനേക്കാള്‍ ആയിരം മടങ്ങ് തീവ്രതയോടെ ബാലു മകളോടൊപ്പം യാത്ര തുടരുന്നു ..

ബാലുവിന്റെ പ്രിയ പത്‌നി ലക്ഷ്മി..തേജ്വസിനിയെ നൊന്ത് പ്രസവിച്ച അമ്മ...പേടി തോന്നുന്നു അവരെ കുറിച്ചോര്‍ക്കാന്‍.. ഈ വേര്‍പാടുകള്‍അവരറിയുന്ന നിമിഷത്തെ കുറിച്ചോര്‍ക്കാന്‍ ...

BALU

violinist balabhaskar demise shafi parambil MLA about balabhaskar wife lakshmi daughter tejaswini