വായിച്ചു തീരാത്ത വയലിന്‍ സംഗീതം ബാക്കി വച്ചാണ് ഏവര്‍ക്കും പ്രിയപ്പെട്ട ബാലഭാസ്‌കര്‍ ലോകത്തോട് വിടപറഞ്ഞത്. ഒപ്പം അദ്ദേഹത്തിന്റെ ജീവനായ മകള്‍ ജാനി എന്ന തേജസ്വിനിയും. ഈ വിയോഗങ്ങളില്‍ പിടയാത്ത മലയാളി മനസ്സുകളുണ്ടാവില്ല. 

ആ ഓര്‍മകളില്‍ ഒഴുകുകയാണ് ദിവസങ്ങള്‍ക്ക് ശേഷവും സോഷ്യല്‍ മീഡിയ. ബാലഭാസ്‌കര്‍ വയലിനില്‍ തീര്‍ത്ത മാന്ത്രിക സ്വരങ്ങള്‍ ആസ്വദിക്കുകയും പങ്കുവയ്ക്കുകയും ചെയ്തുകൊണ്ടേയിരിക്കുന്നു. ആ ഓര്‍മകളെ താലോലിച്ചുകൊണ്ടേയിരിക്കുന്നു.

കുഞ്ഞ് ജാനിക്കായി ബാലു വായിച്ചു തീര്‍ത്ത ഗാനങ്ങള്‍ ഏറെയായിരിക്കാം. അതില്‍ ഏറെ പ്രത്യേകത  നിറഞ്ഞ ഒരു ഗാനമാണ് ഇപ്പോള്‍ ഏവരെയും കണ്ണീരണിയിക്കുന്നത്. ഇതുവരെ ആരും കാണാത്ത  ഒരു വീഡിയോ തന്റെ സ്വകാര്യ ശേഖരത്തില്‍ നിന്നും പുറത്തു വിട്ടിരിക്കുന്നത് ബാലുവിന്റെ സുഹൃത്തും മെന്റലിസ്റ്റുമായ ആദിയാണ്. 

'ബാലഭാസ്‌കറിന്റെ ചിതാഭസ്മം നിമഞ്ജനം ചെയ്തു, ഇതുവരെ സ്വകാര്യ അഹങ്കാരമായി സൂക്ഷിച്ച ഈ വീഡിയോ റിലീസ് ചെയ്യുന്നു' എന്ന കുറിപ്പോടെയാണ് ആദി വീഡിയോ പുറത്തുവിട്ടിരിക്കുന്നത്. മകള്‍ ജാനി ആദ്യമായി ബാലഭാസ്‌കറിന്റെ പരിപാടി കാണാനെത്തിയപ്പോള്‍ ഉള്ള വീഡിയോ ആണിത്.

ഇന്ന് തനിക്കേറെ പ്രത്യേകത നിറഞ്ഞ ദിവസമാണെന്നും മകള്‍ ആദ്യമായി തന്റെ പരിപാടി കാണാന്‍ വന്നിരിക്കുകയാണെന്നും പറഞ്ഞാണ് ബാലു ജാനിക്കായി വയലിന്‍ വായിക്കുന്നത്. 'ഒരു രണ്ടു മിനിറ്റ് എടുത്തോട്ടെ ഞാന്‍ എന്റെ സ്‌പെഷ്യല്‍ ഡേ അല്ലെ  ഇന്ന്...എന്റെ സ്വാര്‍ത്ഥതയ്ക്ക് വേണ്ടി രണ്ട് മിനിറ്റ് എന്ന്  കാണികളോട് അഭ്യര്‍ത്ഥിച്ച് കൊണ്ടാണ് നീലാംബരി രാഗത്തിലുള്ള താരാട്ട് ജാനിക്കായി ബാലു വായിക്കുന്നത്....

violinist balabhaskar daughter tejaswini bala died in accident mentalist aadhi facebook video