വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ ഭാര്യ ലക്ഷ്മി സുഖം പ്രാപിച്ചു വരുന്നതായും രണ്ടു മൂന്നു ദിവസത്തിനുള്ളില്‍ റൂമിലേക്ക് മാറ്റുമെന്നും ബാലഭാസ്‌കറിന്റെ സുഹൃത്തും സംഗീത സംവിധായകനുമായ സ്റ്റീഫന്‍ ദേവസി അറിയിച്ചു. ഫെയ്സ്ബുക്ക് ലൈവിലൂടെയാണ് ലക്ഷ്മിയുടെ ആരോഗ്യകാര്യത്തിലെ പുരോഗതി സ്റ്റീഫന്‍ അറിയിച്ചത്. ബാലഭാസ്‌കറിന്റെയും മകള്‍ ജാനിയുടേയും മരണവിവരം ഇത് വരെ ലക്ഷ്മി അറിഞ്ഞിട്ടില്ലെന്നും ആ ദുരന്ത വാര്‍ത്ത അറിയുമ്പോള്‍ അതിനെ അതിജീവിക്കാനുള്ള കരുത്ത് ലക്ഷ്മിക്ക് ലഭിക്കാന്‍ തങ്ങള്‍ എല്ലാവരും പ്രാര്‍ഥിക്കുന്നുണ്ടെന്നും സ്റ്റീഫന്‍ പറഞ്ഞു. 

'ലക്ഷ്മി സുഖം പ്രാപിച്ചു വരുന്നു. രണ്ടോ മൂന്നോ ദിവസത്തിനുളില്‍ ലക്ഷ്മിയെ വെന്റിലേറ്ററില്‍ നിന്നും ഐ.സി.യുവില്‍ നിന്നും വേറെ റൂമിലേക്ക് മാറ്റും. ഇത് വരെ ജാനിയെക്കുറിച്ചോ ബാലയെക്കുറിച്ചോ ലക്ഷ്മിക്ക് ഒന്നും അറിയില്ല.. ഈ ദിവസങ്ങളില്‍ അവര്‍ അതറിയും. അപ്പോള്‍ തളര്‍ന്ന് പോകാതെ ആ ഷോക്കിനെ അതിജീവിക്കാന്‍ ലക്ഷ്മിക്ക് കരുത്തുണ്ടാകാനും അവര്‍ക്ക് പൂര്‍ണ ആരോഗ്യം ലഭിക്കാനും ഞങ്ങളെല്ലാവരും പ്രാര്‍ത്ഥിക്കുന്നു'- സ്റ്റീഫന്‍ പറഞ്ഞു. 

സെപ്തംബര്‍ 25നാണ് ബാലഭാസ്‌കറും ഭാര്യ ലക്ഷ്മിയും മകള്‍ തേജസ്വിനി ബാലയും സഞ്ചരിച്ച കാര്‍ അപകടത്തില്‍പെട്ടത്. തിരുവനന്തപുരം പള്ളിപ്പുറത്തിനു സമീപമായിരുന്നു അപകടം. രണ്ടു വയസ്സുകാരി തേജസ്വിനി സംഭവസ്ഥലത്ത് വച്ച് തന്നെ മരിച്ചു. ചികിത്സയിലായിരുന്ന ബാലഭാസ്‌കര്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് ഒക്ടോബര്‍ 2 പുലര്‍ച്ചെ  ഒരുമണിയോടെ അന്തരിച്ചു.

 

balabhaskar wife lakshmi will shift to room in two three days, balabhaskar daughter thejaswini bala accident death