നൂറോളം വേദികളില്‍ ബാലഭാസ്‌കറിനൊപ്പം ഒന്നിച്ച ചെണ്ടവാദകന്‍ മട്ടന്നൂര്‍ ശങ്കരന്‍കുട്ടി ബാലഭാസ്‌കറെ ഓര്‍മ്മിക്കുന്നു

 

മാഷേന്നുള്ള ബാലുവിന്റെ വിളി എനിക്കിനി കേള്‍ക്കാനാവില്ല. അതോര്‍ക്കുമ്പോള്‍ വല്ലാതെ തളരുന്നു. സംഗീതപരിപാടികള്‍ക്ക് വേദിയില്‍ കയറുമ്പോള്‍ ബാലു എന്റെ കാല്‍തൊട്ട് വന്ദിക്കും. എന്നിട്ടേ വയലിനില്‍ ആ മാന്ത്രിക ശബ്ദം മുഴങ്ങാറുണ്ടായിരുന്നുള്ളൂ. ആ സ്‌നേഹവും ആദരവും ഒരിക്കലും കാട്ടിക്കൂട്ടലായിരുന്നില്ല. പരിപാടി തുടങ്ങുന്നതായി വേദിയില്‍നിന്ന് അറിയിപ്പ് തുടങ്ങുമ്പോള്‍ ഓടിവന്ന് കാല്‍തൊട്ട് വണങ്ങുമ്പോഴെല്ലാം ഞാന്‍ വിലക്കും. മാഷ് ഒന്നും പറയേണ്ടെന്നായിരിക്കും എപ്പോഴും പ്രതികരണം. പക്ഷേ, ഒരിക്കലും ബാലു പതിവ് തെറ്റിച്ചില്ല.

ബാലുവുമായി 20 കൊല്ലമായുള്ള ആത്മബന്ധമുണ്ടെനിക്ക്. സംഗീതം മാത്രമായിരുന്നു അവന്റെ ജീവിതം. എല്ലാവരെയും ആദരിച്ചു, സ്‌നേഹിച്ചു.

20 കൊല്ലം മുമ്പാണ് ബാലുവും ഞാനും ഫ്യൂഷനുവേണ്ടി ഒന്നിക്കുന്നത്. പിന്നങ്ങോട്ട് നൂറിലേറെ വേദികള്‍. ഫ്യൂഷനില്‍ ഇത്രയധികം സംഭാവന ചെയ്ത മറ്റൊരു കലാകാരന്‍ ഉണ്ടാവില്ല. കര്‍ണാടകസംഗീതത്തിന്റെ  ഭാവം വയലിന്‍ ഉള്‍ക്കൊണ്ടുള്ള പുതുവാദനശൈലിയിലൂടെ ആരാധകരിലേക്കിറങ്ങിച്ചെല്ലുകയായിരുന്നു ബാലു. ആസ്വാദകരെ അറിഞ്ഞ് രംഗാവതരണം. ബിഗ് ബാന്‍ഡിനു വേണ്ടിയായിരുന്നു ഞങ്ങള്‍ ആദ്യമായി ഒന്നിച്ചത്. റിഹേഴ്‌സല്‍ പോലും ഇല്ലാതെയായിരുന്നു തുടക്കം. അന്നുതുടങ്ങിയതാണ് അടുപ്പം.

എന്റെ മൂത്തമകന്റെ പ്രായമേ അവനുള്ളൂ. ഒരുകുഞ്ഞില്ലാത്തതായിരുന്നു കുറേക്കാലം ബാലുവിന്റെ വലിയ ദുഃഖം. ഈശ്വരന്‍ അവന്റെ വിഷമം കണ്ടറിഞ്ഞാണ് വൈകിയെങ്കിലും ഒരുമകളെ നല്‍കിയത്. പക്ഷേ, വിധി മറ്റൊന്നാണ് നിശ്ചയിച്ചത്. അപകടത്തിനും ഒരാഴ്ചമുമ്പാണ് വെള്ളിനേഴിയില്‍ ഒരുവേദിയിലെത്തിയത്.

വയലിനില്‍ ബാലു ബാക്കിവെച്ച അടയാളങ്ങള്‍ എക്കാലവും ഓര്‍ക്കുന്നതും മറക്കാനാവാത്തതുമാണ്. തന്ത്രികള്‍ കൊണ്ട് സംഗീതത്തെ അടയാളപ്പെടുത്തിയ ഒരാള്‍.
ആ ഓര്‍മ, സ്‌നേഹം, നാദം മാത്രമാണിനി ബാക്കി. ബാലൂ, മാഷേന്നുള്ള നിന്റെ വിളി ഇനിയെങ്ങനെ ഞാന്‍ കേള്‍ക്കും....

balabhaskar violinist passed away mattanoor sankarankutty remembers balabhaskar