അന്തരിച്ച പ്രശസ്ത വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ ഓര്‍മ്മകള്‍ പങ്കുവച്ച് ശബരിനാഥന്‍ എം.എല്‍.എ. ബാലഭാസ്‌കറെ അവസാനമായി കണ്ടതിന്റെ നോവുണര്‍ത്തുന്ന ഓര്‍മകളാണ് ശബരിനാഥന്‍ തന്റെ ഫെയ്സ്ബുക്ക് പേജില്‍ കുറിച്ചിരിക്കുന്നത്. 

തലസ്ഥാനത്തെ ഒരു റസ്റ്റോറന്റില്‍ വച്ചാണ് അവസാനമായി ബാലഭാസ്‌കറെയും കുടുംബത്തെയും ശബരിനാഥന്‍ കാണുന്നത്. ഭാര്യ ദിവ്യയ്ക്കൊപ്പം ഭക്ഷണം കഴിച്ചിരിക്കവെ ബാലഭാസ്‌കറുടെ മകള്‍ തങ്ങളുടെ ടേബിളിലേക്ക് നടന്നുവന്നുവെന്നും നിഷ്‌കളങ്കമായി പുഞ്ചിരിച്ചുകൊണ്ട് വന്ന കുട്ടിയെ താനും ഭാര്യയും വാത്സല്യത്തോടെ ഓമനിച്ചുവെന്നും ശബരിനാഥന്‍ കുറിക്കുന്നു..

ശബരിനാഥന്റെ ഫെയ്സ്ബുക്ക് പോസ്റ്റ് 

ബാലഭാസ്‌കര്‍ നമ്മളെ വിട്ടുപിരിഞ്ഞു എന്ന് വിശ്വസിക്കാന്‍ എനിക്ക് വ്യക്തിപരമായി പ്രയാസമാണ്. തിരുവനന്തപുരത്തിന്റെ വീഥികളില്‍ ഒരു സജീവസാന്നിധ്യമായിരുന്നു അദ്ദേഹം. അദ്ദേഹത്തിന്റെ വയലിന്‍ മാസ്മരികതയിലും കാപട്യമില്ലാത്ത വിനയത്തിലും അലിഞ്ഞുചേരാത്ത മലയാളികള്‍ വിരളം. ഞാന്‍ അവസാനമായി അദ്ദേഹത്തെ കാണുന്നത് ഈയിടക്ക് ബേക്കറി ജംഗ്ഷനിലെ ഒരു റെസ്റ്റോറന്റിലാണ്.

ദിവ്യയും ഞാനും ഭക്ഷണം കഴിക്കുമ്പോള്‍ ഒരു കുഞ്ഞു പെണ്‍കുട്ടി നമ്മുടെ ടേബിളിലേക്ക് വന്നു. ഈ കുട്ടിയെ വാത്സല്യത്തോടെ ഓമനിക്കുമ്പോള്‍ ഒരു പിതാവിന്റെ ഉത്കണ്ഠ ഒതുക്കിപിടിച്ചുകൊണ്ട് ബാലഭാസ്‌കര്‍ അടുത്തേക്ക് ഓടിവന്നു, എന്നിട്ട് പറഞ്ഞു 'മകളാണ്, പേര് തേജസ്വിനി'. രണ്ടുപേരും ഇന്ന് ഭൂമിയില്ല. ഇരുവരുടെയും ഹൃദയത്തില്‍ തുളച്ചുകയറുന്ന നിഷ്‌കളങ്കമായ ചിരിയും അതിന്റെ സംഗീതവും മനസ്സില്‍ മായാതെ നില്‍ക്കും.

ആദരാഞ്ജലികള്‍.

balabhaskar

Content Highlights : balabhaskar demise sabarinadhan MLA remembers balabhaskar daughter thejaswini bala accident