പ്രേമം എന്ന ഒറ്റചിത്രത്തിലൂടെ മലയാളത്തില്‍ തരംഗമായ നടിയാണ് സായ്പല്ലവി. മേക്കപ്പില്ലാതെ, മുടി പോലും കെട്ടിവെയ്ക്കാതെ സിനിമയിലെത്തുന്ന നടിയുടെ മുഖക്കുരു പോലും ട്രെന്‍ഡ് ആയി മാറിയ കാലമായിരുന്നു അത്. എന്നാല്‍ ആദ്യമൊക്കെ മുഖക്കുരു പ്രധാന വില്ലനായിരുന്നുവെന്ന് ഒരു സ്വകാര്യ മാസികയ്ക്കു നല്‍കിയ അഭിമുഖത്തില്‍ സായ്പല്ലവി പറയുന്നു. മേയ്ക്കപ്പ് വേണ്ടെന്നത് സ്വന്തം തീരുമാനമായിരുന്നുവെന്നും നടി പറയുന്നു.

സായ്പല്ലവിയുടെ വാക്കുകള്‍

പഠിക്കുന്ന കാലം തൊട്ടേ മുഖക്കുരു ഒരു വില്ലനാണ്. ജോര്‍ജിയയില്‍ പഠിക്കുമ്പോള്‍ മുഖക്കുരു മറയ്ക്കാനായി പലപ്പോഴും സ്‌കാര്‍ഫ് ചുറ്റുമായിരുന്നു. പ്രേമം ഇറങ്ങുന്ന ദിവസം പോലും ഞാന്‍ അമ്മയുടെ കൈ മുറുകെ പിടിച്ച് ചോദിച്ചു 'ആള്‍ക്കാര്‍ക്ക് എന്നെ ഇഷ്ടപ്പെടുമോ?'  ആ സിനിമ തന്ന കോണ്‍ഫിഡന്‍സ് വളരെ വലുതാണ്. മുഖക്കുരു ഉള്ള പെണ്‍കുട്ടികളും പിന്നീട് മുഖം മറച്ചു നടന്നില്ല. മെയ്ക്കപ്പ് വേണ്ട എന്ന തീരുമാനവും അത്തരമൊരു കോണ്‍ഫിഡന്‍സിന്റെ ഭാഗമാണ്യ നിങ്ങള്‍ എങ്ങനെയാണോ, അങ്ങനെയിരിക്കുന്നതാണ് ഏറ്റവും ഭംഗി എന്ന് പറയാതെ പറയാന്‍ കഴിഞ്ഞു. ഇതുവരെ വന്ന സംവിധായകരും മറ്റും ആ തീരുമാനത്തെ മാനിച്ചു. അതുപോലെയാണ് വസ്ത്രധാരണത്തിന്റെ രീതി. ചെറുപ്പത്തില്‍ ചെറിയ ഉടുപ്പൊക്കെ ഇട്ട് ഡാന്‍സ് ചെയ്തിട്ടുണ്ട്. ഇപ്പോ അത്തരം വസ്ത്രങ്ങളില്‍ ഞാന്‍ കംഫര്‍ട്ടബിള്‍ അല്ല. ഇഷ്ടമല്ലാത്ത കാര്യങ്ങള്‍ക്ക് എന്തു വന്നാസും വഴങ്ങരുതെന്നാണ് എന്റെ രീതി.

അതിരന്‍ ആണ് സായ്പല്ലവിയുടെ അടുത്ത മലയാളചിത്രം. ഫഹദ് നായകനാകുന്ന ചിത്രം ഒരു സൈക്കോത്രില്ലറാണ്. വിവേക് ആണ് സംവിധായകന്‍.

Content Highlights : Sai Pallavi about her face, Athiran malayalam movie