ദുബായ്: സിനിമാ സംഗീതത്തില്‍ കാല് നൂറ്റാണ്ട് പിന്നിടുന്ന എ.ആര്. റഹ്മാന്റെ സംഗീത വിരുന്നിന് സാക്ഷിയാകാന്‍ ഗായികയും അവതാരകയുമായ റിമി ടോമിയുമെത്തും. റഹ്മാന്റെ കടുത്ത ആരാധികയായ റിമി അദ്ദേഹം സംഗീതം നല്കിയ ഒട്ടേറെ ഗാനങ്ങള്‍ സ്റ്റേജ് ഷോകളില്‍ പാടി അവതരിപ്പിക്കാറുണ്ട്. എന്നാല്‍ ഇന്നേവരെ റഹ്മാനെ നേരില്‍ കണ്ടിട്ടില്ല. അതിനാല്‍ നേരത്തെ തന്നെ ദുബായിലേക്കുള്ള യാത്ര നിശ്ചയിച്ചുകഴിഞ്ഞു റിമി ടോമി.
ഓസ്കാര്‍, ഗ്രാമി അവാര്‍ഡുകള്‍ നേടിയ സംഗീതജ്ഞനെ നേരില്‍ കാണുകയെന്നത് തന്റെ വലിയ സ്വപ്നമാണെന്നും ആ സ്വപ്നം സഫലമാവാന്‍ പോവുന്നതിന്റെ ത്രില്ലിലാണ് താനെന്നും റഹ്മാന്റെ 'കട്ട ഫാന്‍ ' എന്ന് സ്വയം വിശേഷിപ്പിക്കുന്ന റിമി പറഞ്ഞു. മലയാള സിനിമയില്‍ ഏറ്റവും അധികം ആരാധകരുള്ള യുവതാരം ദുല്‍ഖര്‍ സല്‍മാനും മാതൃഭൂമി സംഘടിപ്പിക്കുന്ന റഹ്മാന് ഷോയ്ക്ക് എത്തുമെന്ന് അറിയിച്ചിരുന്നു.
നാല് മലയാളികള്‍ ഉള്‍പ്പെടെ ഒട്ടേറെ മികച്ച സംഗീതപ്രതിഭകള്‍ റഹ്മാനൊപ്പം 17-ന് ഷാര്‍ജ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ അരങ്ങേറുന്ന സംഗീത നിശയില്‍ അണിനിരക്കുന്നുണ്ട്. ബോളിവുഡിലെ തിരക്കേറിയ ഗായകനായ ബെന്നി ദയാല്‍, ഗായകനും സംഗീത സംവിധായകനുമായ അല്‍ഫോണ്‍സ് ജോസഫ്, ഗായിക ശ്വേതാ മോഹന്‍, തമിഴ് സിനിമയിലെ ഹിറ്റ് ഗായകനായ ഹരിചരണ്‍ എന്നിവരാണ് റഹ്മാനൊപ്പം വേദി പങ്കിടുന്ന മലയാളികള്‍.
സംഗീത നിശക്കുള്ള ടിക്കറ്റ് വില്‍പ്പനയ്ക്ക് യു.എ.ഇ. യിലെങ്ങും മികച്ച പ്രതികരണമാണ്. യു.എ.ഇ. യുടെ വിവിധ ഭാഗങ്ങളിലുള്ള ഒട്ടേറെ സ്ഥാപനങ്ങളില്‍ ടിക്കറ്റ് വില്‍പ്പനയ്ക്ക് സംവിധാനമേര്‍പ്പെടുത്തിയിട്ടുണ്ട്. അതിനു പുറമെ www.platinumlist.net എന്ന വെബ്സൈറ്റിലൂടെയും ടിക്കറ്റുകള്‍ ബുക്ക് ചെയ്യാം. എട്ടു വര്‍ഷത്തെ ഇടവേളയ്ക്കു ശേഷമാണ് റഹ്മാന് യു.എ.ഇ.യില്‍ സംഗീത പരിപാടി അവതരിപ്പിക്കുന്നത്.
ലോകത്തിന്റെ നെറുകയില്‍ ജയ് ഹോ
സംഗീതലോകത്തെ ഉയരങ്ങള്‍ താണ്ടുക എന്നത് എ.ആര്.റഹ്മാന് ശീലമാണ്. അദ്ദേഹത്തിന്റെ പ്രതിഭയ്ക്കുമുന്നില്‍ ലോകത്തിലെ ഒട്ടുമിക്ക സംഗീത പുരസ്കാരങ്ങളും ശിരസ്സുനമിച്ചു. 1992-ല്‍ തുടങ്ങിയ അദ്ദേഹത്തിന്റെ സംഗീതയാത്രയില്‍ ലോകത്തിലെ ഏറ്റവും വലിയ ചലച്ചിത്ര പുരസ്കാരമായ ഓസ്കര് അവാര്‍ഡും സമ്മാനിക്കപ്പെട്ടു.
2009-ല്‍ ഡാനി ബോയലിന്റെ സംവിധാന മികവില്‍ പുറത്തിറങ്ങിയ സ്ലം ഡോഗ് മില്യണയറിലെ അതിമനോഹരമായ ഗാനങ്ങള്‍ക്കും പശ്ചാത്തല സംഗീതത്തിനുമാണ് അദ്ദേഹത്തിന് ഓസ്കര് അവാര്‍ഡ് ലഭിക്കുന്നത്. മികച്ച ഒറിജിനല്‍ സോങിനും മികച്ച ഒറിജിനല്‍ സ്കോറിനുമുള്ള അവാര്‍ഡുകളാണ് അദ്ദേഹം കരസ്ഥമാക്കിയത്.
മുംബൈയിലെ ചേരികളുടെ കഥ പറഞ്ഞ സ്ലംഡോഗ് മില്യണയര്‍ എന്ന ചിത്രത്തിന്റെ ഓരോ രംഗവും ഇന്ത്യന്‍ സംസ്കാരം നിലനില്ക്കുന്നതായിരുന്നു. അതിന് മാറ്റുകൂട്ടാന്‍ ഇന്ത്യന്‍ വാദ്യോപകരണങ്ങളാണ് ചിത്രത്തിന്റെ പശ്ചാത്തലസംഗീതം ഒരുക്കുന്നതിനായി പ്രധാനമായും റഹ്മാന് ഉപയോഗിച്ചത്. സിനിമയിലൊന്നടങ്കം അലയടിച്ച പശ്ചാത്തലസംഗീതത്തിന്റെ മികവിലാണ് അദ്ദേഹം മികച്ച സംഗീത സംവിധായകനുള്ള അക്കാദമി അവാര്‍ഡ് സ്വന്തമാക്കിയത്. എപ്പോഴും സംഗീതസംവിധാനത്തില്‍ പുതിയ പരീക്ഷണങ്ങള്‍ നടത്തുന്ന അദ്ദേഹത്തിന്റെ ഏറ്റവും വലിയ പരീക്ഷണവിജയമായിരുന്നു സ്ലംഡോഗ് മില്യണയറിലെ ഗാനങ്ങള്‍.
ഓസ്കര് വേദിയില്‍ ഏറെ ചര്‍ച്ചചെയ്യപ്പെട്ട വിഷയമായിരുന്നു ചിത്രത്തിലെ 'ജയ്ഹോ' എന്നുതുടങ്ങുന്ന ഗാനം. കേള്‍ക്കുമ്പോള്‍ വീണ്ടും വീണ്ടും കേള്‍ക്കാന്‍ തോന്നുന്ന എ.ആര്. റഹ്മാന് മാജിക് അന്ന് ലോകമെമ്പാടുമുള്ള ജനങ്ങള്‍ക്കും ആസ്വാദ്യകരമായി. ഗുല്‍സാറിന്റെ ചടുലമായ വരികള്‍ക്ക് അതിനെ വെല്ലുന്ന സംഗീതമാണ് റഹ്മാന് ഒരുക്കിയത്. ജയം, ദേശീയത, ഏകത, ഐകമത്യം തുടങ്ങിയ വിവിധ ഭാവങ്ങളുടെ രസക്കൂട്ടായിരുന്നു ആ ഗാനം. കേള്‍ക്കുമ്പോള്‍ രോമാഞ്ചമുളവാക്കുന്ന അപൂര്‍വ രാഗങ്ങളുടെ സമന്വയം. സുഖ്വിന്ദര് സിങ്ങിന്റെ ശക്തമായ ശബ്ദവും തന്വി ,മഹാലക്ഷ്മി അയ്യര്‍ എന്നിവരുടെ പിന്തുണയും ചേര്‍ന്നപ്പോള്‍ ജയ്ഹോ അതിന്റെ പൂര്‍ണതയിലേക്കെത്തി.
ഓസ്കര് അവാര്‍ഡിനു പുറമെ ബാഫ്റ്റ അവാര്‍ഡും ഗോള്‍ഡന്‍ ഗ്ലോബ് പുരസ്കാരവും എ.ആര്. റഹ്മാനെത്തേടിയെത്തി. ആ നേട്ടം കൈവരിക്കുന്ന ആദ്യ ഇന്ത്യക്കാരന് എന്ന ബഹുമതിക്കുപുറമെ ഏഷ്യയില്‍ ഈ അവാര്‍ഡുകള്‍ ഒരുമിച്ച കരസ്ഥമാക്കിയ ആദ്യ സംഗീതജ്ഞന് എന്ന ഖ്യാതിയും അദ്ദേഹത്തിനാണ്.