ഷാര്‍ജ: ആനന്ദത്തിന്റെ അലകളുയര്‍ത്തുന്ന സംഗീതത്തിന്റെ കൊടുങ്കാറ്റിന് ഇനി മണിക്കൂറുകള്‍ മാത്രം. കാല്‍നൂറ്റാണ്ടുമുമ്പ് ചെന്നൈയില്‍നിന്ന് വീശിത്തുടങ്ങിയ ഇസൈ തെന്നല്‍ അനുനിമിഷം ശക്തിയാര്‍ജിച്ച് ലോകംമുഴുവന്‍ വീശിയടിച്ചുകൊണ്ടേയിരിക്കുന്നു. ആസ്വാദകരെ ആനന്ദത്തില്‍ ആറാടിക്കുന്ന ഈ കൊടുങ്കാറ്റിന്റെ പേര് എ.ആര്‍. റഹ്മാന്‍.

'മാതൃഭൂമി-എ.ആര്‍. റഹ്മാന്‍ ലൈവ് 2017'-ന് ഷാര്‍ജ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. വിസ്മയങ്ങള്‍ ഒളിപ്പിച്ചുവെച്ച കൂറ്റന്‍ സ്റ്റേജ്. പ്രകാശത്തിന്റെയും വര്‍ണങ്ങളുടെയും സകല സാധ്യതകളും വിനിയോഗിക്കപ്പെടുന്ന രീതിയിലാണ് രൂപകല്പനചെയ്തിരിക്കുന്നത്. തൃശ്ശൂര്‍ സ്വദേശി അഭീഷിന്റെ ഉടമസ്ഥതയിലുള്ള യു.എ.ഇ.യിലെ പ്രമുഖ ഇവന്റ് മാനേജ്‌മെന്റ് ഗ്രൂപ്പായ മീഡിയാ പ്രോയാണ് ഷാര്‍ജാ സ്റ്റേഡിയത്തില്‍ നിര്‍മിച്ചതില്‍ ഏറ്റവും വലിപ്പവും സാങ്കേതികമികവുമുള്ള ഈ വേദി ഒരുക്കിയത്.

ഈ സ്റ്റേജ് ഒരു വിസ്മയമാണെന്നും ഇതുപോലൊന്ന് മുമ്പ് ഷാര്‍ജയില്‍ ഉണ്ടായിട്ടില്ലെന്നും ഷാര്‍ജാ സ്റ്റേഡിയത്തിന്റെ ജനറല്‍ മാനേജര്‍ മസ്ഹര്‍ ഖാന്‍ മാതൃഭൂമിയോട് പറഞ്ഞു. ''റഹ്മാനെപ്പോലൊരു ലെജന്‍ഡിന്റെ കലാപ്രകടനത്തിന് അനുയോജ്യമായ വേദി. ഈ സംഗീതനിശ അവിസ്മരണീയമായ അനുഭവമാവും.''-അദ്ദേഹത്തിന്റെ സാക്ഷ്യം.

ഗായകരുടെയും വാദ്യോപകരണങ്ങളുടെയും ശബ്ദത്തിന്റെ സൂക്ഷ്മാംശങ്ങള്‍പോലും നഷ്ടമാവാതെ കേള്‍പ്പിക്കാന്‍പോന്ന ആധുനികസങ്കേതങ്ങളാണ് ശബ്ദവിന്യാസത്തിനായി ഉപയോഗിച്ചിരിക്കുന്നത്. ഇന്ത്യ, യു.എ.ഇ., ബ്രിട്ടന്‍ എന്നീ രാജ്യങ്ങള്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന വിഖ്യാതമായ ഡെല്‍റ്റ സൗണ്ട്‌സിനാണ് ശബ്ദസംവിധാനത്തിന്റെ ചുമതല. അന്താരാഷ്ട്രതലത്തില്‍ ഒട്ടേറെ മെഗാഷോകള്‍ക്ക് ശബ്ദവിന്യാസം ഒരുക്കിയ ദക്ഷിണാഫ്രിക്കക്കാരന്‍ റബോര്‍ട്ട് ഈറ്റോക്കിന്റെ നേതൃത്വത്തിലുള്ള വിദഗ്ധസംഘം ഏല്ലാ സംവിധാനങ്ങളും ഒരുക്കിക്കഴിഞ്ഞു.

സ്റ്റേഡിയത്തിലെ വിശാലമായ പ്ലെയേഴ്‌സ് ഡ്രസ്സിങ് റൂമിനുള്ളില്‍ റഹ്മാനും ഗായകസംഘത്തിനും വെവ്വേറെ ഗ്രീന്റൂമുകള്‍ ഒരുക്കിയിട്ടണ്ട്. നൂറിലധികം വരുന്ന റഹ്മാന്റെ സംഘത്തിനായി ഭക്ഷണമൊരുക്കിയിരിക്കുന്നത് യു.എ.ഇ.യിലെ പ്രമുഖ റെസ്റ്റോറന്റ് ശൃംഖലമായ കാലിക്കറ്റ് നോട്ട്ബുക്കാണ്. സംഗീതനിശ ആസ്വദിക്കാനെത്തുന്നവര്‍ക്ക് ഭക്ഷണത്തിനായി യു.എ.ഇ.യിലെ മറ്റൊരു പ്രമുഖ റെസ്റ്റോറന്റ് ഗ്രൂപ്പായ ചെന്നൈ ബിരിയാണിലൂടെ സ്റ്റാളുകള്‍ ഗ്രൗണ്ടിനകത്ത് ഒരുക്കുന്നുണ്ട്.

സംഗീതനിശയ്ക്കുള്ള ചില കാറ്റഗറി ടിക്കറ്റുകള്‍ മിക്കവാറും വിറ്റുതീര്‍ന്നു. യു.എ.ഇ.യുടെ വിവിധ ഭാഗങ്ങളിലുള്ള റെസ്റ്റോറന്റുകളിലും സ്റ്റേഡിയത്തില്‍ ഏര്‍പ്പെടുത്തിയ കൗണ്ടറിലും ഏതാനും ടിക്കറ്റുകള്‍കൂടി ലഭ്യമാണ്. platinumlist.net എന്ന വെബ്‌സൈറ്റിലൂടെയും ടിക്കറ്റ് ലഭിക്കും.