രു സന്ധ്യയിൽ നിറഞ്ഞ പുഞ്ചിരിയോടെയാണ് മദിരാശിയിലെ സത്യാ സ്റ്റുഡിയോയുടെ പടികൾ കയറി ജയൻ വന്നത്. വെളുത്ത പാന്റും, കോഫീബ്രൗൺ കളറിൽ  പൂക്കളുള്ള ഹാഫ് സ്ലീവ് ഷർട്ടുമായിരുന്നു വേഷം.ആ വേഷത്തിൽ,  ഉറച്ച കാൽവെപ്പുകളോടെ കടന്നുവരുന്ന അദ്ദേഹത്തെ കാണാൻ ഒരു പ്രത്യേകചന്തം തന്നെയുണ്ടായിരുന്നു. വിജയാനന്ദിന്റെ ആവേശം സിനിമയുടെ ചിത്രീകരണമായിരുന്നു അപ്പോൾ സത്യാസ്റ്റുഡിയോയുടെ ഒരുഫ്ലോറിൽ  നടന്നിരുന്നത്. 

ചിത്രത്തിൽ  ജയൻ ഡബിൾ റോളിലായിരുന്നു.സിനിമാസ്കോപ്പിൽ വമ്പൻ സെറ്റപ്പോടെ അണിയിച്ചൊരുക്കിയ ചിത്രമായിരുന്നു ആവേശം.എം എൻ നമ്പ്യാർ, കെ പി ഉമ്മർ, ഷീല, ജയമാലിനി, സിലോൺ മനോഹർ, ഗോവിന്ദൻ കുട്ടി, കുഞ്ചൻ തുടങ്ങിയവരൊക്കെ ആ ചിത്രത്തിലുണ്ടായിരുന്നു.ഉശിരൻ സംഘട്ടനങ്ങളും, തകർപ്പൻ പാട്ടുകളുമൊക്കെയായി ഒരു കിടിലൻ ആക്‌ഷൻ ചിത്രം.ഞാനായിരുന്നു ആവേശത്തിന്റെ സ്റ്റിൽ ഫോട്ടോഗ്രാഫർ. ഹരിഹരൻ സാറിന്റെ ശരപഞ്ജരമൊക്കെ കഴിഞ്ഞ് ജയൻ നിറഞ്ഞു നിൽക്കുന്ന കാലമാണത്.പടികൾ കയറി വരുന്ന ജയനെ കണ്ടപ്പോൾ ആ കോസ്റ്റ്യൂമിൽ അദ്ദേഹത്തിന്റെ കുറച്ചു പടങ്ങൾ എടുക്കണമെന്ന് തോന്നി.എന്റെ ആഗ്രഹം അപ്പോൾ തന്നെ ജയനെ അറിയിച്ചു.'പിന്നെന്താ...മോഹൻ  എടുത്തോളൂ' എന്ന മറുപടി വന്നു.

ആവേശത്തിന്റെ ഏറെ ഭാഗങ്ങളുടെയും ചിത്രീകരണം കാടുമായി ബന്ധപ്പെട്ട പശ്ചാത്തലത്തിലായിരുന്നു. പുലിയും കരടിയുമൊക്കെയായി ജയൻ ഏറ്റുമുട്ടുന്ന രംഗങ്ങളും ചിത്രത്തിലുണ്ടായിരുന്നു. കാടിന്റെ ചില ഭാഗങ്ങളെല്ലാം സത്യാ സ്റ്റുഡിയോയിൽ സെറ്റിട്ടാണ് ചിത്രീകരിച്ചത്. കാട്ടുജാതിക്കാരുടെ ഒരു നൃത്തവും  ഇങ്ങനെയാണ് ഷൂട്ട്‌ ചെയ്തത്.നമ്പിയമ്പതി  മലനിരയിൽ  എന്ന് തുടങ്ങുന്ന, സിലോൺ മനോഹറും കൂട്ടരും ചേർന്നുള്ള ആ ഗാനരംഗത്ത് ജയനും രണ്ടു പുലിക്കുട്ടികളുമുണ്ട്.പാട്ടുസീൻ എടുത്തു കഴിഞ്ഞപ്പോൾ ഞാൻ ജയന്റെ അരികിൽ ചെന്നുചോദിച്ചു: 'നമുക്ക് കുറച്ചു ഫോട്ടോ കൂടി എടുത്താലോ '.ചോദിക്കേണ്ട താമസം 'മോഹൻ പറഞ്ഞോളൂ...ഞാൻ റെഡിയാണ്'.ജയൻ പറഞ്ഞു.ഗാനരരംഗത്തിൽ പുലിക്കുട്ടികളെ ഇരുത്തിയിരിക്കുന്നത് കണ്ടപ്പോൾ തോന്നിയതാണ്. പുലിയുടെ അടുത്തിരിക്കുന്ന ജയന്റെ കുറച്ചു ചിത്രങ്ങൾ വേണമെന്ന്.

Jayan Actor Death Anniversary Remembering Legendary actor his movies death
എം കെ മോഹനൻ (മോമി )

ഫോട്ടോയ്ക്ക് പോസ് ചെയ്യാനായി ജയൻ വന്നു. ആവേശത്തിന്റെ പോസ്റ്ററിൽ ഉപയോഗിക്കാൻ വേണ്ടി ചില ആക്‌ഷൻ രംഗങ്ങൾ ജയൻ കാണിച്ചു. ഓരോ തവണയും അദ്ദേഹം ചോദിച്ചു.. 'ഇങ്ങനെ മതിയോ...ഇങ്ങനെ ?'. ഒരു സൂപ്പർ താരമാണ് താനെന്ന ഭാവം ഒട്ടുമില്ലാതെ ജയൻ സഹകരിച്ചു. ഇനി പിന്നെ എടുക്കാമെന്ന് ഒരിക്കൽ പോലും അദ്ദേഹം പറഞ്ഞില്ല. ഒടുവിൽ, ഞാൻ ആഗ്രഹിച്ചപോലെ ഒരു സ്റ്റിൽ.. 'പുലിയോടൊപ്പമുള്ള ഒരു ഫോട്ടോ കൂടി.. 'ഞാൻ പറഞ്ഞു തീരും മുൻപേ ജയൻ രണ്ടു പുലിക്കുട്ടികളെയും വാരിയെടുത്തു. ഒരെണ്ണത്തിനെ ഒക്കത്ത് ചേർത്ത് പിടിച്ചു. മറ്റൊന്നിനെ മുയൽ കുഞ്ഞിനെ തൂക്കിയെടുക്കുംപോലെ ഒരു കയ്യിൽ തൂക്കിയെടുത്തശേഷം അതിന്റെ മുഖത്തേക്ക് നോക്കി നിഷ്‌ക്കളങ്കനായ ഒരു കുഞ്ഞിനെ പോലെ പുഞ്ചിരിച്ചു. ആ ചിത്രം  ക്യാമറയിൽ പകർത്തുമ്പോൾ ശരിക്കും ഞാൻ അത്ഭുതപ്പെട്ടു. അത്ര നിസ്സാരമായിട്ടാണ് ജയൻ അത് ചെയ്തത്. ആവേശത്തിന്റെ പോസ്റ്ററിൽ ആ പടം നിറഞ്ഞു നിന്നിരുന്നു.വിരലിലെണ്ണാവുന്ന ചിത്രങ്ങളിൽ മാത്രമേ എനിയ്ക്ക് ജയനോടൊപ്പം വർക്ക്‌ ചെയ്യാൻ കഴിഞ്ഞുള്ളുവെങ്കിലും ആ അനുഭവത്തിൽ നിന്നും ഞാൻ മനസ്സിലാക്കിയ ജയൻ എന്തുകൊണ്ടും ഒരു നല്ല മനുഷ്യനായിരുന്നു. ഒട്ടും അഹങ്കാരമില്ലാത്ത ആ നടൻ സെറ്റിൽ എല്ലാവരോടും വലിയ സ്നേഹത്തോടെയായിരുന്നു ഇടപെട്ടതും. വേർപാടിന്റെ നാല്പതു വർഷം കടന്നു പോകുമ്പോഴും എന്റെ മനസ്സിലേക്ക് ആദ്യം കടന്നുവരുന്നത്  സത്യാസ്റ്റുഡിയോയുടെ പടികൾ കയറിവരുന്ന ജയന്റെ ചിത്രമാണ്. പിന്നെ  വെളുത്ത പാന്റും പൂക്കൾ നിറഞ്ഞ ഷർട്ടുമിട്ട് പുലിക്കുട്ടികളെ എടുത്ത് ചിരിക്കുന്ന ഞാൻ പകർത്തിയ ആ ചിത്രവും. ജയനെ പോലെ ആ ചിത്രത്തിനും എന്റെ മനസ്സിൽ മരണമില്ലല്ലോ.

Content Highlights: Jayan Actor Death Anniversary, Remembering Legendary actor his movies