1974ല്‍ ശാപമോക്ഷത്തില്‍ തുടങ്ങി എണ്‍പതില്‍ കോളിളക്കത്തില്‍ അവസാനിച്ച അഭിനയവും ജീവിതവും. കേവലം ആറ് വര്‍ഷം കൊണ്ട് ഒരു തമിഴ് ചിത്രം ഉള്‍പ്പടെ 116 സിനികളിലൂടെ തിയ്യറ്ററുകള്‍ ഇളക്കിമറിച്ച ജയന്‍ എന്ന നടന്‍ ഇന്നും ഒരു വിസ്മയമായി തുടരുന്നു. പുതിയ കാലത്ത് മിമിക്രിക്കാരിലൂടെ കോമാളിയായി അവതരിച്ച ജയനെ കുറിച്ചല്ല. മൂന്നര പതിറ്റാണ്ടുകള്‍ക്ക് മുന്‍പ് കേരളത്തിലെ അബാലവൃദ്ധം ജനങ്ങളുടെയും ഹൃദയതാരകമായി നിറഞ്ഞുനിന്ന, ഒടുവില്‍ സിനിമയ്ക്കുവേണ്ടി രക്തസാക്ഷിത്വം വരിച്ച ജയനെ കുറിച്ചാണ് മുന്‍കാല നായിക വിധുബാല എഴുതുന്നത്. ജയന്റെ ചരമവാര്‍ഷികദിനമായ നവംബര്‍ പതിനാറിന് ജയന്റെ പേരിലുള്ള രാഗമാലിക അവാര്‍ഡ് വിധുബാല ഏറ്റുവാങ്ങുന്നു.

 ദുരന്തത്തെക്കുറിച്ച് ഓര്‍ക്കുമ്പോള്‍ ഇന്നും വല്ലാത്തൊരു ഞെട്ടലാണ് അനുഭവപ്പെടുക. ജയനെ നേരിട്ട് അറിയുന്നവര്‍ക്കും ആ കാലത്തിലൂടെ കടന്നുവന്നവര്‍ക്കും ഇതേ അനുഭവം തന്നെയാണ് ഉണ്ടാവുക. ഈ കുറിപ്പ് എഴുതുമ്പോഴും ഞാന്‍ അമ്പരക്കുന്നു. സിനിമയുടെ പേര് പോലെ തന്നെ വല്ലാത്തൊരു 'കോളിളക്കം' ആയിരുന്നു അത്. മഴ നനഞ്ഞ നവംബര്‍ പതിനാറിന്റെ ആ സന്ധ്യയില്‍ ജയന്റെ മരണവാര്‍ത്ത അറിഞ്ഞത് മദ്രാസില്‍ വച്ചാണ്. ഷോളാവാരത്ത് വച്ചാണ് ജയന്‍ അപകടത്തില്‍ മരിച്ചത്.

അവിശ്വനീയം എന്ന് നമ്മള്‍ പല ദുരന്തങ്ങളെക്കുറിച്ചും പറയാറുണ്ടെങ്കിലും മലയാള സിനിമയില്‍ ആ പദം ഇത്രമേല്‍ അര്‍ഥവത്തായത് ജയന്റെ മരണത്തിലൂടെയാണെന്ന് തോന്നുന്നു. മദ്രാസിലെ ജനറല്‍ ഹോസ്പിറ്റലില്‍ നിന്നും പോസ്റ്റ്‌മോര്‍ട്ടം കഴിഞ്ഞ് പുറത്തേയ്ക്ക് കൊണ്ടുവന്ന ജയന്റെ മൃതദേഹത്തിലേയ്ക്ക് ഒരുവട്ടമേ നോക്കിനില്‍ക്കാന്‍ ആകുമായിരുന്നുള്ളൂ. അഭിനയിച്ച സിനിമകളില്‍ ഉടനീളം മരണത്തെ വെല്ലുവിളിക്കുകയും മരണം വഴിമാറിപ്പോവുകയും ചെയ്യുന്ന കാഴ്ചയാണ് അദ്ദേഹത്തിന്റെ അഭിനയ ജീവിതത്തില്‍ ഉണ്ടായിരുന്നത്.

പ്രേക്ഷക മനസ്സിലെ വീരനായകന് മരണമില്ലായിരുന്നു. പക്ഷേ, പൂര്‍ണതയ്ക്കുവേണ്ടി എത്ര റിസ്‌ക്കെടുത്ത് അഭിനയിക്കാനും തയ്യാറായ നടനായിരുന്നു ജയന്‍. ഈ സ്വഭാവവിശേഷം ഒടുവില്‍ ജയന്റെ ജീവിതാഭിനയത്തിന് തന്നെ തിരശ്ശീലയിടുമെന്ന് ആരും കരുതിക്കാണില്ല. മരിച്ച് 36 വര്‍ഷം പിന്നിടുമ്പോഴും മറ്റൊരു നടനും കിട്ടാത്ത ആദരവാണ് ജയന് കിട്ടിക്കൊണ്ടിരിക്കുന്നത്.

jayan

അഭിനയശേഷിയേക്കാള്‍ അഭിനയത്തിലെ പ്രത്യേകതകളായിരുന്നു ജയനെ പ്രേക്ഷകരുടെ ആരാധനാപാത്രമാക്കിത്തീര്‍ത്തത്. അദ്ദേഹത്തിന്റെ പല സിനിമകളിലും നായികയായും സഹോദരിയായും അഭിനയിക്കാന്‍ എനിക്ക് കഴിഞ്ഞിട്ടുണ്ട്. ചുരുങ്ങിയ കാലം കൊണ്ടുതന്നെ സിനിമയില്‍ തന്റേതായ ഒരു ശൈലി രൂപപ്പെടുത്തി തരംഗങ്ങള്‍ സൃഷ്ടിച്ച് മുന്നേറാന്‍ ആ നടന് കഴിഞ്ഞു. നേവി ഉദ്യോഗസ്ഥനായിരിക്കുമ്പോഴേ സിനിമയില്‍ അഭിനയിക്കാനുള്ള താത്പര്യം ജയന്‍ കാണിച്ചിരുന്നുവെന്ന് തോന്നുന്നു. ഒരുപക്ഷേ എവിടെയും രേഖപ്പെടുത്താതെ പോയ ഒരനുഭവം ഞാന്‍ പറയാം. ജയന്‍ ആദ്യം അഭിനയിച്ച സിനിമ ശാപമോക്ഷമായിരുന്നില്ല. പുറത്തിറങ്ങിയ ആദ്യ ചിത്രം ശാപമോക്ഷമായിരിക്കും. 1973ല്‍ ആണെന്ന് തോന്നുന്നു. മദ്രാസില്‍ വച്ച് ഷൂട്ട് ചെയ്ത ഞാനും രവികുമാറും നായികാനായകന്മാരായി അഭിനയിച്ച ഒരു ചിത്രത്തിലായിരുന്നു ജയന്‍ ആദ്യം അഭിനയിച്ചതും. ഇന്നും അതേപ്പറ്റി ഓര്‍ക്കുമ്പോള്‍ വല്ലാത്ത കൗതുകം തോന്നുന്നു. ആ ചിത്രത്തില്‍ ജയന് ഡ്രാക്കുളയുടെ വേഷമായിരുന്നു. മൂന്ന് ദിവസം ഷൂട്ട് ചെയ്ത ചിത്രത്തിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നിലച്ചു. അല്ലെങ്കില്‍ ജയന്റെ സിനിമാ പ്രവേശനം ഡ്രാക്കുളയുടെ വേഷത്തിലാകുമായിരുന്നു.

ഒരു പുതുമുഖത്തിന് ഉണ്ടായേക്കാവുന്ന സഭാകമ്പമൊന്നും ജയന് ഉണ്ടായിരുന്നില്ല. ലഭിക്കുന്ന വേഷങ്ങള്‍ തന്റേതായ രീതിയില്‍ മിഴിവേകാന്‍ എപ്പോഴും അദ്ദേഹം ശ്രദ്ധിച്ചിരുന്നു. ആദ്യകാലത്ത് നിരവധി ചിത്രങ്ങളില്‍ ജയന്‍ വില്ലനായി. പലതിലും എനിക്ക് നായികാവേഷങ്ങള്‍ തന്നെ. അപ്പോഴൊക്കെ തോന്നിയിട്ടുള്ള ഒരു കാര്യം ജയന്‍ അഭിനയകലയെ നന്നായി പഠിക്കാന്‍ പരിശ്രമിച്ചിരുന്നു എന്നാണ്. ഒപ്പം ആരെയും അനുകരിക്കാതെ തന്റേത് മാത്രമായ ഒരു സ്‌റ്റൈല്‍ രൂപപ്പെടുത്താന്‍ ശ്രമിക്കുകയും ചെയ്തു. അഭിനയകലയില്‍ അങ്ങേയറ്റത്തെ സ്‌റ്റൈലൈസേഷന്‍ കൊണ്ടുവരാന്‍ ശ്രമിച്ച ആദ്യത്തെ മലയാള നടനാണ് ജയന്‍. ആ ശൈലി പ്രേക്ഷകര്‍ കൊണ്ടാടുകയും ചെയ്തു. ബേബി സംവിധാനം ചെയ്ത കാത്തിരുന്ന നിമിഷം എന്ന ചിത്രത്തില്‍ എന്റെ ജ്യേഷ്ഠനായാണ് ജയന്‍ അഭിനയിച്ചത്. കമല്‍ഹാസനും സോമനും സുകുമാരനും ജയഭാരതിയുമൊക്കെ ആ ചിത്രത്തില്‍ ഉണ്ടായിരുന്നെങ്കിലും ജയന്റെ കഥാപാത്രം പ്രത്യേക ശ്രദ്ധ ആകര്‍ഷിച്ചിരുന്നു. വില്ലന്‍ കഥാപാത്രങ്ങളോട് പ്രേക്ഷകര്‍ക്ക് വെറുപ്പ് തോന്നുന്ന അക്കാലത്ത് തന്നെ ജയന്റെ വില്ലനെ പ്രേക്ഷകര്‍ ഇഷ്ടപ്പെട്ടു തുടങ്ങുകയായിരുന്നു. സംഭാഷണത്തിലെ മുഴക്കം. എടുപ്പിലും നടപ്പിലുമുള്ള ഗാംഭീര്യം. ഇതിനൊക്കെ പുറമെ വ്യായാമം ചെയ്ത് ദൃഢപ്പെടുത്തിയ ശരീരം. ഇതെല്ലാം കൂടി സാഹസികത സ്ഫുരിക്കുന്ന അഭിനയവും വളരെ പെട്ടന്ന് ജയനെ പ്രേക്ഷകരുടെ ഹരമാക്കി മാറ്റുകയായിരുന്നു. വില്ലന്‍ കഥാപാത്രത്തിന്റെ പ്രകടനത്തിന് പ്രേക്ഷകരുടെ കൈയടി ലഭിക്കുന്നത് ജയനിലൂടെയാവണം. ആശിര്‍വാദത്തിലും ജയന്‍ വില്ലനായിരുന്നു. ലിസയിലാണ് എന്റെ നായകനായി ജയന്‍ ആദ്യം എത്തുന്നത്. അതില്‍ ഏറെ സ്‌റ്റൈലൈസ്ഡ് ആയ ഒരു ഫൈറ്റ് സീനുണ്ട്. കോഴിക്കോട് ബീച്ചില്‍ വച്ചാണ് അത് ചിത്രീകരിച്ചത്. പെണ്‍കുട്ടികളെ ശല്ല്യപ്പെടുത്തുന്ന ഷാജി എന്ന ഗുണ്ടയുമായി ജയന്‍ ഏറ്റുമുട്ടുന്ന ഒരു രംഗം. ഇയ്യിടെ എന്നു നിന്റെ മൊയ്തീന്‍ എന്ന സിനിമയില്‍ ആ ദൃശ്യങ്ങള്‍ കാണിച്ചിരുന്നു. ജയന്റെ ജനപ്രീതി ഇന്നും തെളിഞ്ഞു കത്തുന്നുണ്ടെന്ന് തിയ്യറ്ററില്‍ ആ സിനിമ കാണുന്നവര്‍ക്ക് അറിയാം.

ലിസയ്ക്കുശേഷം സര്‍പ്പത്തിലും എനിക്കൊപ്പം ജയന്‍ അഭിനയിച്ചു. ജയന്‍ എന്ന വ്യക്തിയുടെ ഏറ്റവും വലിയ ക്വാളിറ്റിയായി എനിക്ക് തോന്നിയത് ആ പെരുമാറ്റ രീതിയായിരുന്നു. സൈനിക ജീവിതം നല്‍കിയ അനുഭവം ആവാം കാരണം. ജൂനിയര്‍ ആര്‍ടിസ്റ്റുകളോട് പോലും, എന്തിന് ലൈറ്റ് ബോയിയോട് പോലും വളരെ മാന്യമായേ ജയന്‍ സംസാരിക്കാറുണ്ടായിരുന്നുള്ളൂ. ഒരുപാട് തമാശകള്‍ പറയാറുണ്ടായിരുന്നെങ്കിലും ആരെയും വേദനിപ്പിക്കുന്ന ഒരു അനുഭവം പോലും ജയനില്‍ നിന്നുണ്ടായിരുന്നില്ല.

jayan

ഞാന്‍ ഉള്‍പ്പടെ അന്നത്തെ ഓട്ടുമിക്ക നായിക നടിമാര്‍ക്കും ജയന്റെ നായികയായി അഭിനയിക്കാന്‍ കഴിഞ്ഞിട്ടുണ്ടെങ്കിലും ശ്രദ്ധേയമായ താര ജോഡി സീമയും ജയനുമായിരുന്നെന്ന് പറയാതെ വയ്യ. ഒരുപിടി ഹിറ്റ് ചിത്രങ്ങള്‍ അവരുടേതായി പുറത്തുവന്നു. വര്‍ഷങ്ങള്‍ നീണ്ട അഭിനയജീവിതം ഞാന്‍ അവസാനിപ്പിച്ചത് ജയന്റെ നായികയായി അഭിനയിച്ചു കൊണ്ടാണ്. ബി.പി. മൊയ്തീന്‍ നിര്‍മിച്ച് ബേബി സംവിധാനം ചെയ്ത ''അഭിനയം' എന്ന സിനിമയായിരുന്നു ഞാന്‍ അഭിനയിച്ച അവസാന ചിത്രം. അതിലെ ജയന്റെ നായകവേഷം ശ്രദ്ധേയമായിരുന്നു. നാടകനടിയായ എന്റെ കഥാപാത്രത്തെ ജീവിതത്തില്‍ ഭാര്യയായി അഭിനയിക്കാന്‍ കൊണ്ടുപോകുന്ന ബാങ്ക് ഉദ്യോഗസ്ഥന്റെ വേഷമായിരുന്ന ജയന്. ഇന്നോര്‍ക്കുമ്പോള്‍ വലിയ സന്തോഷവും അതിലേറെ വേദനയും തോന്നുന്നു.

സിനിമയിലെ ജയന്റെ തുടക്കം എന്നോടൊപ്പമായിരുന്നു. എന്റെ അഭിനയ ജീവിതത്തിന്റെ അവസാന ജയനോടൊപ്പവും. വിവാഹത്തിന് മൂന്ന് വര്‍ഷം മുന്‍പേ അഭിനയജീവിതം ഞാന്‍ മതിയാക്കി. അപ്പോഴേയ്ക്കും ജയന്‍ മലയാളത്തില്‍ വന്‍ താരമൂല്യമുള്ള നടനായി മാറിക്കഴിഞ്ഞിരുന്നു. അതിലെനിക്ക് വലിയ അഭിമാനവും തോന്നിയിരുന്നു. നവംബര്‍ പതിനാറിന് രാത്രിയാണ് എന്റെ ഭര്‍ത്താവ് മുരളിയേട്ടന്‍ (അന്ന് ഞങ്ങളുടെ വിവാഹം കഴിഞ്ഞിട്ടില്ല) വിളിച്ച് പറയുന്നത് ജയന്‍ അപകടത്തില്‍പ്പെട്ട് മരിച്ചുവെന്ന്. പിറ്റേന്ന് കാലത്ത് മദ്രാസ് ജനറല്‍ ഹോസ്പിറ്റലിന്റെ മോര്‍ച്ചറിക്ക് മുന്നില്‍ ജയനെ അവസാനമായി ഒന്ന് കാണാനായി കണ്ണീരോടെ ഞങ്ങള്‍ കാത്തുനിന്നു. പോസ്റ്റ്‌മോര്‍ട്ടം കഴിഞ്ഞ് പുറത്തേക്ക് വന്ന ഡോ. നരേന്ദ്രന്‍ പറഞ്ഞു: 'കത്തിവെക്കാന്‍ തോന്നില്ല. അത്ര പെര്‍ഫെക്റ്റ് ആയിരുന്നു ആ ബോഡി'. ഡോക്ടറുടെ വാക്കുകള്‍ കേട്ട് പലരും വിതുമ്പിക്കരഞ്ഞു. ജീവിതത്തില്‍ സിനിമയുമായി ബന്ധപ്പെട്ട് രണ്ടു പേരുടെ മൃതദേഹങ്ങള്‍ മാത്രമേ ഞാന്‍ കാണാന്‍ പോയിട്ടുള്ളൂ. ആദ്യം സത്യന്‍ മാഷിന്റേത്. പിന്നെ ജയന്റേതും. ജീവിച്ചിരുന്നെങ്കില്‍ ഒരുപാട് സാധ്യതകളുള്ള ഒരു നടനായി ജയന്റെ സംഭാവനകള്‍ അതിരുകളില്‍ മാത്രം ഒതുക്കപ്പെടില്ലായിരുന്നു. പാടിത്തീരാത്ത ഒരുമധുരഗാനം പോലെ ആ അഭിനയജീവിതം മേഘജ്യോതിസ്സിനെപ്പോലെ മറയില്ലായിരുന്നു. ജയന്റെ പേരിലുള്ള അവാര്‍ഡ് ഞാന്‍ സ്വീകരിക്കുമ്പോള്‍ മഴ നനഞ്ഞ ആ സന്ധ്യ ഒരു ചുവന്ന ഓര്‍മയായി ഇന്നും മനസ്സിലേയ്ക്ക് വീണ്ടും വീണ്ടും കടന്നു വരുന്നു. ആര്‍ക്കും മറക്കാനാവില്ല. അഭിനയത്തിന്റെയും ജീവിതത്തിന്റെയും ആ അന്ത്യം.