മലയാളസിനിമയിൽ പൗരുഷത്തിന്റെ പ്രതീകമായി ജ്വലിച്ചുയർന്ന് സാഹസികതയുടെ ഉയരങ്ങളിൽ വീണുപൊലിഞ്ഞ നക്ഷത്രം. മലയാളികളുടെ മനസ്സിൽ എന്നും ജ്വലിച്ചുനിൽക്കുന്ന ജയന്റെ 40-ാം ചരമവാർഷികദിനത്തിൽ അദ്ദേഹത്തിന്റെ ഓർമകൾ പങ്കുവെക്കുകയാണ് സിനിമാവാരികയുടെ പത്രാധിപരും സംവിധായകനുമായ വി.എസ്.നായർ.

സ്വന്തം നാട്ടുകാരനാണെങ്കിലും ജയനെ കാണുന്നത് ആലപ്പുഴയിൽ ഷൂട്ടിങ്‌ ലൊക്കേഷനിലാണ്. കുഞ്ചാക്കോയുടെ ക്ഷണമനുസരിച്ച് ആലപ്പുഴ ഉദയാ സ്റ്റുഡിയോയിൽ നടക്കുന്ന കണ്ണപ്പനുണ്ണി സിനിമാ ഷൂട്ടിങ്ങിന്റെ ഫീച്ചർ തയ്യാറാക്കാനായി പോയതായിരുന്നു. ഒരുമണിക്കൂറിനുശേഷം ഫ്ളോറിനുപുറത്തേക്കിറങ്ങിയപ്പോൾ പിന്നിലൊരു ശബ്ദം.

തിരിഞ്ഞുനോക്കിയപ്പോൾ വടക്കൻപാട്ടിലെ വീരപുരുഷനെ ഓർമിപ്പിക്കുംവിധം ആകർഷകമായ വേഷംധരിച്ച ഒരു ചെറുപ്പക്കാരൻ. തേജസ്സുള്ള മുഖം. ഉറച്ച, വിസ്തൃതമായ ശരീരം. ആ ചിത്രത്തിലെ നടനാണെന്നു ബോധ്യമായെങ്കിലും മുൻപ്‌ കണ്ടിട്ടുള്ളതായി തോന്നിയില്ല. മനോഹരമായി പുഞ്ചിരിച്ചുകൊണ്ട് പരിചയപ്പെട്ടു. ഞാനും കൊല്ലംകാരനാണ്. ഓലയിലാണ് വീട്. പേര് കൃഷ്ണൻ നായർ. ഈ ചിത്രത്തിൽ നല്ലൊരു വേഷമുണ്ട്. 'ആരും അടുത്തുപോകുന്ന പ്രകൃതത്തോടെയുള്ള സംഭാഷണം. ആ വേഷത്തിൽ ഒരു പടമെടുത്തു. ഫീച്ചറിനൊപ്പം ആ പടവും പ്രസിദ്ധീകരിച്ചു. അതായിരുന്നു ആദ്യ കൂടിക്കാഴ്ച.

ഒരുദിവസം ഞാൻ കോട്ടമുക്കിലെ മലയാളനാട് ഓഫീസിലിരിക്കുമ്പോൾ ഒരു വെള്ള ഫിയറ്റ് കാർ അങ്കണത്തിൽ വന്നുനിന്നു. കാറിൽനിന്ന്‌ പുറത്തിറങ്ങിയത് ജയനായിരുന്നു. എനിക്കഭിമുഖമായിരുന്നിട്ട് അത്യധികം സന്തോഷത്തോടെ പറഞ്ഞു. 'അന്ന്‌ ഫോട്ടോയെടുത്തെങ്കിലും അതു പ്രസിദ്ധീകരിക്കുമെന്നു പ്രതീക്ഷിച്ചിരുന്നില്ല. പ്രധാന്യം നൽകി പ്രസിദ്ധീകരിച്ചതിൽ വളരെ സന്തോഷം'. അന്നു തുടങ്ങിയ ആത്മബന്ധം മരിച്ചിട്ടും അവസാനിച്ചില്ലെന്നാണ് എന്റെ അനുഭവം. നാട്ടിൽ വരുമ്പോഴൊക്കെ പിന്നെ എന്നെ കാണാൻ എത്തുമായിരുന്നു. ജയൻ പെട്ടെന്ന് സൂപ്പർസ്റ്റാറായി. സിനിമയ്ക്ക്‌ കഥയെഴുതണമെന്നും സംവിധാനം ചെയ്യണമെന്നും എനിക്കാഗ്രഹമുണ്ടായിരുന്നു. ജയനെയാണ് ഹീറോയായി സങ്കല്പിച്ചിരുന്നത്.

ഞാനതു പറഞ്ഞപ്പോൾ അദ്ദേഹം പറഞ്ഞത് ഇങ്ങനെയാണ്. 'വീയെസിന്റെ പടത്തിൽ ഞാൻ അഭിനയിക്കും, എത്ര തിരക്കുണ്ടായാലും.'സ്‌ക്രിപ്‌റ്റൊക്കെ തയ്യാറാക്കിക്കൊള്ളൂ. 'അതുപ്രകാരം തിരക്കഥ പൂർത്തിയാക്കി ജയൻ കൊല്ലത്തുവരുന്നതും കാത്ത് ഞാനിരുന്നു. ദിവസങ്ങൾക്കുശേഷം കേട്ടത് ഹൃദയം പൊട്ടുന്ന വാർത്തയായിരുന്നു. കോളിളക്കത്തിന്റെ ചിത്രീകരണത്തിനിടെ ഹെലിക്കോപ്റ്റർ അപകടം.

Content Highlights: Jayan actor 40th death Anniversary