ലയാളത്തില്‍ ആക്ഷന്‍ രംഗങ്ങള്‍ക്ക് പുതിയ മാനം നല്‍കിയ നടനാണ് ജയന്‍. ഡ്യൂപ്പുകളില്ലാതെ സംഘട്ടനരംഗങ്ങള്‍ക്കും ആക്ഷന്‍ രംഗങ്ങള്‍ക്കും ജീവന്‍ നല്‍കിയ ജയന്‍ അതിന്റെ പൂര്‍ണതയ്ക്കുവേണ്ടി എന്ത് സാഹസത്തിനും ഒരുക്കമായിരുന്നു. അങ്ങിനെയൊരു സാഹസത്തിലാണ് എന്നെന്നേക്കുമായി മറഞ്ഞുപോയതും. സംഘട്ടനസംവിധായകരുടെ പ്രിയപ്പെട്ട താരമായ ജയനോടൊപ്പമുള്ള ഓര്‍മകള്‍ പങ്കുവയ്ക്കുകയാണ് സ്റ്റണ്ട് മാസ്റ്റര്‍ ത്യാഗരാജന്‍.

മുപ്പത്തിയേഴ് വര്‍ഷങ്ങള്‍ക്കുമുന്‍പ്... നവംബര്‍ പതിനഞ്ചിലെ, മഴ നനഞ്ഞ ആ മധ്യാഹ്നത്തില്‍ ജയന്‍ എന്നോടു പറഞ്ഞു. 'മാസ്റ്റര്‍ ഇന്ന്... ഇന്നത്തേക്ക് ഒരു ദിവസം എന്നെ പോകാനനുവദിക്കണം. നാളെ സന്ധ്യയാകുമ്പോഴേക്കും ഞാന്‍ തിരിച്ചെത്താം'-അതൊരപേക്ഷയായിരുന്നു.

പീരുമേട്ടില്‍ 'അറിയപ്പെടാത്ത രഹസ്യ'ത്തിന്റെ ലൊക്കേഷനിലായിരുന്നു ഞങ്ങള്‍. നസീര്‍ സാറും ജോസ്പ്രകാശ്‌സാറും ജയഭാരതിയും ജനാര്‍ദ്ദനനുമെല്ലാം ലൊക്കേഷനിലുണ്ടായിരുന്നു. അറിയപ്പെടാത്ത രഹസ്യത്തിലെ ഒരു സംഘട്ടനരംഗം കൂടി ചിത്രീകരിക്കാനുണ്ടായിരുന്നു ഞങ്ങള്‍ക്ക്. അതിനിടയിലായിരുന്നു ജയന്റെ ഈ അഭ്യര്‍ത്ഥന.

മദ്രാസില്‍ 'കോളിളക്കം' എന്ന സിനിമയുടെ ക്ലൈമാക്‌സ് രംഗത്തിലഭിനയിക്കാന്‍ വേണ്ടിയാണ് ഒരു ദിവസത്തേക്ക് തന്നെ ഒഴിവാക്കിത്തരണമെന്ന് ജയന്‍ പറഞ്ഞത്. മധു, ബാലന്‍ കെ.നായര്‍, എം.എന്‍. നമ്പ്യാര്‍, സോമന്‍, സുകുമാരന്‍ തുടങ്ങിയവരെല്ലാം ആ സിനിമയുടെ അവസാനരംഗത്തിലുണ്ടായിരുന്നു. ഏറ്റവും പ്രധാനം ജയനും ബാലന്‍ കെ.നായരും ചേര്‍ന്ന് ഹെലികോപ്റ്ററില്‍ വെച്ചുള്ള ഫൈറ്റ് സീനായിരുന്നു. അതിനായി വാടകയ്‌ക്കെടുത്ത ഒരു ഹെലികോപ്ടര്‍ മദ്രാസില്‍ എത്തിച്ചിരുന്നു. 'കോളിളക്ക'ത്തിന്റെ യൂണിറ്റംഗങ്ങള്‍ മുഴുവന്‍ ജയനുവേണ്ടി കാത്തിരിക്കുന്നു. ഈ അവസ്ഥയില്‍ ജയനോട് പൊയ്‌ക്കൊള്ളാന്‍ പറയുകയല്ലാതെ മറ്റൊരു വഴിയുമുണ്ടായിരുന്നില്ല.

ജയന്റെ തിരക്ക് നന്നായി അറിയാവുന്ന നസീര്‍സാര്‍ പറഞ്ഞു: 'ജയാ പോകുന്നതില്‍ വിരോധമില്ല. പക്ഷെ ഹെലികോപ്റ്ററില്‍വെച്ചുള്ള സ്റ്റണ്ടുരംഗമാണ് സൂക്ഷിക്കണം. ഡ്യൂപ്പിനെയിട്ടു ചെയ്താല്‍ മതി.' ജോസ്പ്രകാശ് സാറും ഇതേ അഭിപ്രായം തന്നെയാണ് ജയനോട് പറഞ്ഞത്. അപകടകരമായ സാഹസികരംഗങ്ങള്‍ ജയന്‍ സ്വയം ചെയ്യുമായിരുന്നു. ജയന്റെ ഈ സ്വഭാവം നന്നായി അറിയുന്നതുകൊണ്ടുതന്നെയാണ് നസീര്‍സാറുള്‍പ്പെടെയുള്ളവര്‍ ജയനെ ഉപദേശിച്ചത്. പക്ഷേ, അവരുടെ വാക്കുകള്‍ക്ക് പുഞ്ചിരിച്ചുകൊണ്ട് ജയന്‍ നല്‍കിയ മറുപടി ശ്രദ്ധിച്ചോളാം എന്നായിരുന്നു. എത്ര റിസ്‌ക് എടുക്കേണ്ടിവന്നാലും ഡ്യൂപ്പിനെവെച്ച് ചെയ്യിക്കാന്‍ അനിവദിക്കില്ല എന്നായിരുന്നു അതിന്റെ അര്‍ത്ഥം.

jayanപുറപ്പെടും മുന്‍പ് ജയഭാരതിയും ഓര്‍മിപ്പിച്ചു. ബേബി അണ്ണാ (ജയന്റെ അമ്മാവന്റെ മകളായിരുന്നു ജയഭാരതി. കുടുംബക്കാര്‍ക്ക് ജയന്‍ ബേബിയായിരുന്നു). നസീര്‍സാറും മറ്റും പറഞ്ഞതുകേട്ടില്ലേ, ഡ്യൂപ്പിനെക്കൊണ്ട് ചെയ്യിച്ചാല്‍ മതി.

ഒടുവില്‍ ജയന്‍ എന്റെ അരികില്‍ വന്നു. ഞാന്‍ പറഞ്ഞു: 'ജയനുവേണ്ടിയാണ് ഞങ്ങള്‍ കാത്തിരിക്കുന്നത്. ഒരു കാരണവശാലും വൈകരുത്.'

'ഇല്ല മാസ്റ്റര്‍. ഞാന്‍ നാളെ എത്തും തീര്‍ച്ച.'
'ഇല്ലെങ്കിലോ?'
'ഇല്ലെങ്കില്‍ ജയന്റെ ബോഡി ഇവിടെയെത്തും.'
എടുത്തടിച്ചപോലെയായിരുന്നു ജയന്റെ മറുപടി.
'പോടാ...പോടാ... പോയ് വാടാ മോനേ' ജയന്റെ പുറം പിടിച്ച് തള്ളിക്കൊണ്ട് ഞാനവനെ യാത്രയാക്കി.

തൊഴിലിനോട് അങ്ങേയറ്റം ആത്മാര്‍ത്ഥതയായിരുന്നു ജയന്. താന്‍ കാരണം ഒരാള്‍ക്കും ഒരു പൈസയുടെ നഷ്ടംപോലും ഉണ്ടാകരുതെന്ന് അവന് നിര്‍ബന്ധമായിരുന്നു. അതുകൊണ്ടുതന്നെയാണ് മതിയാവോളം ഉറങ്ങാന്‍പോലും കഴിയാത്ത അവസ്ഥയിലും പീരുമേട്ടില്‍നിന്നും മദ്രാസിലേക്കു പുറപ്പെടാന്‍ അവന്‍ തീരുമാനിച്ചത്. പിറ്റേന്ന് സന്ധ്യക്ക് ജയന്റെ വരവും പ്രതീക്ഷിച്ചിരുന്ന ഞങ്ങള്‍ക്ക് ലഭിച്ചത് അവന്റെ മരണവാര്‍ത്തയായിരുന്നു. മദ്രാസില്‍നിന്നും നസീര്‍സാറിന്റെ മകന്‍ ഷാനവാസാണ് വിവരമറിയിച്ചത്. ആ വാര്‍ത്തകേട്ട് ഞങ്ങളെല്ലാവരും തകര്‍ന്നുപോയി. ആര്‍ക്കും ആരെയും സമാധാനിപ്പിക്കാനായില്ല. ഒടുവിലത്തെ ആ യാത്ര പറച്ചില്‍ മരണത്തിലേക്കായിരുന്നോ? ജയനെ ഞാന്‍ പോകാനനുവദിച്ചില്ലായിരുന്നെങ്കില്‍ ആ ദുരന്തം വഴിമാറി പോകുമായിരുന്നില്ലേ? ഇങ്ങനെ ഒരുപാട് ചിന്തകള്‍ ആ രാത്രി എന്റെ മനസ്സിനെ കുത്തിനോവിച്ചു.

നവംബര്‍ പതിനേഴിന് ഉച്ചക്ക് വീണ്ടും ഞാനെന്റെ ജയനെ കണ്ടു. പോസ്റ്റുമോര്‍ട്ടം കഴിഞ്ഞ്‌പെട്ടിക്കുള്ളില്‍ കിടക്കുമ്പോഴും അവന്റെ മുഖത്ത് മായാത്ത ഒരു പുഞ്ചിരി നിറഞ്ഞുനില്‍പ്പുണ്ടായിരുന്നു. ആ മുഖത്തേക്കു നോക്കിനില്‍ക്കേ അവന്റെ വാക്കുകള്‍ വീണ്ടും വീണ്ടും എന്റെ കാതുകളില്‍ മുഴങ്ങി. 'മാസ്റ്റര്‍ ഞാന്‍ വരും. ഇല്ലെങ്കില്‍ എന്റെ ബോഡി എത്തും.'

ചന്ദ്രഹാസത്തിന്റെ ക്ലൈമാക്‌സ് ഗോവയില്‍ നടക്കുമ്പോള്‍ ഞങ്ങളെല്ലാവരും അമ്പരന്നുപോയ ഒരു രംഗം ജയന്‍ തകര്‍ത്തഭിനയിച്ചു. നങ്കൂരമിട്ടു കിടക്കുന്ന കപ്പലിന്റെ ക്രെയിനില്‍ തൂങ്ങി മുന്നൂറോളം അടി ഉയരത്തിലേക്ക് പോകുന്ന ഒരു രംഗം. ഞങ്ങളെല്ലാവരും പറഞ്ഞു ഡ്യൂപ്പിനെയിടാമെന്ന്. പക്ഷെ, ജയന്‍ സമ്മതിച്ചില്ല. 'വേണ്ട മാസ്റ്റര്‍ ഞാന്‍ ചെയ്‌തോളാം.' ക്രെയിനിന്റെ യുവിക്ലാമ്പില്‍ തൂങ്ങുംമുമ്പ് ജയന്‍ കുറച്ചുമണലെടുത്ത് കൈവെള്ളയില്‍ ഉരസി. 'ഓക്കെ മാസ്റ്റര്‍' എന്നു പറഞ്ഞ് ക്രെയിനില്‍ തൂങ്ങി. ചിത്രത്തിന്റെ സംവിധായകന്‍ ബേബിയടക്കം സംവിധാനം മറന്നുപോയ നിമിഷമായിരുന്നു അത്. ക്രെയിന്‍ ജയനെയുംകൊണ്ട് ഉയരങ്ങളിലേക്ക് പോകുന്ന കാഴ്ച. അത് ശരിക്കും സാഹസികതയുടെ ഉയരങ്ങളിലേക്കുള്ള അവന്റെ യാത്രയായിരുന്നു. ഒടുവില്‍ അതുപോലൊരു ഉയരത്തില്‍വെച്ച് അവനെ നഷ്ടപ്പെടുകയും ചെയ്തു.

ഓടിക്കൊണ്ടിരിക്കുന്ന തീവണ്ടിക്കടിയില്‍പിടിച്ച് മുന്നോട്ടുകുതിക്കാനും കുതിരയുമായി ഗ്ലാസ്സ് ഹൗസ് തകര്‍ത്തുവരാനും ഉയരത്തില്‍നിന്ന് താഴേക്ക് എടുത്തുചാടാനും അഗ്നിക്കിടയില്‍ കിടന്ന് സ്റ്റണ്ട് ചെയ്യാനും ജയന് ഒട്ടും മടിയുണ്ടായിരുന്നില്ല. ആ സാഹസിക മനോഭാവം ഒട്ടും താഴേക്ക് പോയില്ല. വീണ്ടും വലിയ വലിയ സാഹസങ്ങള്‍ ചെയ്യാനായിരുന്നു അവന് താല്‍പര്യം. സംഘട്ടന സംവിധായകന്‍ എന്ന നിലയില്‍ എന്നെ അത്ഭുതപ്പെടുത്തിയ നടനായിരുന്നു ജയന്‍. സാഹസികത നിറഞ്ഞ അഭിനയത്തിലൂടെ മലയാളത്തില്‍ ഒരു തരംഗം സൃഷ്ടിക്കാന്‍ ജയന് കഴിയുകയും ചെയ്തു. അവന്റെ മരണശേഷം അനുകരിച്ച് രംഗത്തെത്തിയവര്‍ക്കൊന്നും ആ പെര്‍ഫക്ഷന്റെ ഏഴയലത്തുപോലുമെത്താന്‍ കഴിഞ്ഞില്ല എന്നതാണ് സത്യം.

jayan

'അറിയപ്പെടാത്ത രഹസ്യ'ത്തില്‍ ജയന്‍ ഒരു കാട്ടാനയുമായി ഏറ്റുമുട്ടുന്ന രംഗമുണ്ടായിരുന്നു. ജയഭാരതിയെ കാട്ടാനയില്‍നിന്നും രക്ഷിക്കുന്ന ആ രംഗം പ്രത്യക്ഷത്തില്‍ത്തന്നെ അപകടം നിറഞ്ഞതായിരുന്നു. ആനയുമായി പോരടിക്കുന്ന രംഗം ക്യാമറയില്‍ പകര്‍ത്താന്‍ തുടങ്ങി. ആ രംഗങ്ങള്‍ ചിത്രീകരിക്കുമ്പോള്‍ രണ്ടോ മൂന്നോ തവണ ആന ജയനെ കുത്താനോങ്ങി. അതില്‍നിന്നും അത്ഭുതകരമായിട്ടാണ് അവന്‍ രക്ഷപ്പെട്ടത്. ഷൂട്ടിംഗ് കാണാന്‍ വലിയൊരു ആള്‍ക്കൂട്ടം തന്നെയുണ്ടായിരുന്നു. മൂന്നാമത്തെ തവണ ആന കുത്താനോങ്ങിയപ്പോള്‍ പാപ്പാന്റെ സമര്‍ത്ഥമായ ഇടപെടലാണ് അപകടത്തില്‍നിന്നും ജയനെ രക്ഷിച്ചത്. ഷൂട്ടിംഗ് കാണാനെത്തിയ ഒരു കുട്ടി ഉച്ചത്തില്‍ വിളിച്ചു പറഞ്ഞു. 'ഇത് ജയന്റെ അവസാനത്തെ ആനപിടുത്തമാണ്.' അപ്പോഴും ജയന്‍ പുഞ്ചിരിച്ചുകൊണ്ടു പറഞ്ഞു. 'അതേ മോനെ, ഇത് ജയന്റെ അവസാനത്തെ ആനപിടുത്തമാണ്.' അതും അക്ഷരാര്‍ത്ഥത്തില്‍ ശരിയായിരുന്നു. ഷൂട്ടിംഗ് കഴിഞ്ഞപ്പോള്‍ പാപ്പാന്‍ എന്നോടു പറഞ്ഞു. മാസ്റ്റര്‍ ജയന് എന്തോ അപകടം സംഭവിക്കാന്‍ സാധ്യതയുണ്ട്. ആന കുത്തിയത് ശ്രദ്ധിച്ചോ? അത് ആ പാപ്പാന്റെ വിശ്വാസമായി മാത്രമേ അന്നു തോന്നിയുള്ളൂ. പക്ഷെ മൂന്നു നാളുകള്‍ക്കകം അതു സംഭവിക്കുകയും ചെയ്തു. എല്ലാ സാഹസികതകളും ആരാധകര്‍ക്കായ് നല്‍കികൊണ്ട് വലിയൊരു സാഹസത്തിലേക്ക് ജയന്‍ എടുത്തുചാടി. മരണം വന്നു കൂട്ടികൊണ്ടുപോകുമ്പോള്‍ ജയന്റെ ഒരുപാട് ആഗ്രഹങ്ങളും പൂര്‍ത്തീകരിക്കാതെ പോയി.

സിനിമയില്‍ കത്തിക്കയറിയപ്പോള്‍ കുടുംബജീവിതത്തെക്കുറിച്ച് ജയനും ചില സ്വപ്നങ്ങള്‍ നെയ്തിരുന്നു. നടി ലതയുമായുള്ള പ്രണയം അതിലൊന്നായിരുന്നു. ജയനും ലതയും വിവാഹിതരാകാന്‍ തീരുമാനിച്ചിരുന്നു. പക്ഷേ ഒരുപാടെതിര്‍പ്പുകള്‍ മദ്രാസില്‍ നിന്നുമുണ്ടായി. ജയന്‍ താമസിച്ചിരുന്നു പംഗ്രോവ് ഹോട്ടില്‍വെച്ച് എം.ജി.ആറിന്റെ ആളുകള്‍ ജയനെ ഭീഷണിപ്പെടുത്താന്‍ നോക്കി. പക്ഷേ, അതൊന്നും ജയന്‍ കാര്യമാക്കിയില്ല. ഒടുവില്‍ ഞാന്‍ ജയനോടുപറഞ്ഞു. 'മോനേ ഈ ബന്ധം വേണ്ട, നിനക്ക് പിന്നെ മദ്രാസില്‍ കാലുകുത്താനാകില്ല.'

ജയന്റെ മറുപടി ഉടനെ വന്നു. 'പറ്റില്ല മാസ്റ്റര്‍. ഞാന്‍ ലതയ്ക്ക് വാക്കുകൊടുത്തു. മാത്രമല്ല ഞാന്‍ ഇനി മദ്രാസില്‍ നില്‍ക്കുന്നില്ല. കേരളത്തില്‍ താമസിക്കാനാണുദ്ദേശിക്കുന്നത്.' അതിനുശേഷം ജയന്‍ മദ്രാസിലെത്തിയിത് കോളിളക്കത്തിന്റെ ഷൂട്ടിംഗിനായിരുന്നു. അത് മദ്രാസിലേക്കുള്ള അവസാനത്തെ വരവായിരുന്നു. കേരളത്തിലേക്ക് തിരിച്ചുപോയത് ചേതനയറ്റ ജയന്റെ ശരീരവും.

പ്രേക്ഷകര്‍ക്ക് ജയന്‍ ഇന്നും ആവേശമാണ്. മോഹന്‍ലാലിന്റെ 'ശിക്കാറി'ലെ ഒരു സംഘട്ടനരംഗങ്ങളിലും ജയന്റെ ഒരു ഫോട്ടോ ഞാനുപയോഗിച്ചത് പ്രേക്ഷകര്‍ ഇന്നും ജയനെ സ്‌നേഹിക്കുന്നതുകൊണ്ടാണ്. അമ്പതുവര്‍ഷത്തിലേറെ നീണ്ട ചലച്ചിത്രാനുഭവങ്ങളില്‍ വേദനിപ്പിക്കുന്ന ഓര്‍മയാണ് ജയന്‍. ഒരിക്കലും മരിക്കാത്ത ഓരോര്‍മ.

തയ്യാറാക്കിയത്: ഭാനുപ്രകാശ്

Content Highlights: Jayan Thyagarajan Kolilakkam Malayalam Movie, Action Hero, Stunt scenes, Thyagarajan remembering Jayan, death of jayan