തൃശ്ശൂർ : പത്ത് തമിഴ്സിനിമകൾക്ക് വസ്ത്രാലങ്കാരം ചെയ്തതിനുശേഷമാണ് സുജിത്ത് സുധാകരൻ (36) എന്ന വെള്ളാനിക്കരക്കാരൻ സംവിധായകൻ പ്രിയദർശനെ കാണുന്നത്, അത്രകാലം ചെന്നൈയിൽ പ്രിയദർശൻ താമസിക്കുന്നതിനു സമീപം താമസിച്ചിട്ടും.

ആ കൂടിക്കാഴ്‌ച സുജിത്തിന്റെ ജീവിതത്തിലെ വഴിത്തിരിവായി. അങ്ങനെ പ്രിയദർശന്റെ ‘ഒപ്പം’ എന്ന സിനിമയിൽ വസ്ത്രാലങ്കാരം ചെയ്യാൻ അവസരമൊരുങ്ങി. പിന്നെ മോഹൻലാൽചിത്രങ്ങളായ ലൂസിഫർ, ഇട്ടിമാണി തുടങ്ങി അഞ്ച് സിനിമകൾക്ക്. അവസാനം പ്രിയദർശൻ-മോഹൻലാൽ ടീമിന്റെ ‘മരക്കാർ അറബിക്കടലിന്റെ സിംഹം’ എന്ന ബിഗ് ബജറ്റ് സിനിമയിലൂടെ വസ്ത്രാലങ്കാരത്തിനുള്ള ദേശീയ അവാർഡ് സുജിത്തിനെ തേടിയെത്തിയിരിക്കുകയാണ്.

മോഹൻലാൽ, സുനിൽഷെട്ടി, മഞ്ജുവാര്യർ, അർജുൻ തുടങ്ങി 50 പ്രധാനതാരങ്ങൾ, 2000 അഭിനേതാക്കൾ- ഇവർക്കെല്ലാം വസ്ത്രാലങ്കാരം ഒരുക്കുക എന്നത് വലിയ വെല്ലുവിളിയായിരുന്നുവെന്ന് സുജിത്ത് പറയുന്നു.

തൃശ്ശൂർ വെള്ളാനിക്കര കോമാട്ടിൽ സുധാകരന്റെയും വിമലയുടെയും മകൻ സുജിത്ത് പൂച്ചട്ടി എ.കെ.എം. ഹയർ സെക്കൻഡറിയിലെ പഠനത്തിനുശേഷം ബി.ടെകിന് ചേർന്നതായിരുന്നു. എന്നാൽ, പഠനം പാതിവഴിയിൽ നിർത്തി ബെംഗളൂരുവിൽ ഫാഷൻ ഡിസൈനിങ്ങിന് ചേർന്നപ്പോൾ വീട്ടിനകത്തും പുറത്തുംനിന്ന്‌ എതിർപ്പുയർന്നു.

രണ്ടുവർഷം ഈ മേഖലയിൽ പിടിച്ചുനിൽക്കാനുള്ള വലിയ കഷ്ടപ്പാടായിരുന്നുവെന്ന് സുജിത്ത് പറയുന്നു. ഒന്നുരണ്ട് പരസ്യചിത്രങ്ങൾക്കുശേഷം 2013-ൽ ആണ് ‘ഇരുമ്പ് കുതിരൈ’ എന്ന തമിഴ് സിനിമയിൽ ആദ്യമായി വസ്ത്രാലങ്കാരം ചെയ്യുന്നത്. മുതിർന്ന വസ്ത്രാലങ്കാര കലാകാരൻ സായിയോടൊപ്പമാണ് സുജിത്തിനും അവാർഡ് ലഭിച്ചിരിക്കുന്നത്. സഹോദരൻ ജിഗ്നേഷിനോടൊപ്പം എറണാകുളത്ത് വസ്ത്രഡിസൈനിങ് സ്ഥാപനം നടത്തിവരുകയാണ് സുജിത്ത്.

Content Highlights: Sujith Sudhakaran consume designer for marakkar arabikadalinte simham, National Film Awards