കൊച്ചി : അവാര്‍ഡ് കിട്ടി എന്നതുകൊണ്ട് ബിരിയാണിയെ 'അവാര്‍ഡ് സിനിമ' എന്ന് ടാഗ് ചെയ്യരുതെന്ന് സംവിധായകന്‍ സജിന്‍ ബാബു. 67-ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാര പ്രഖ്യാപനത്തില്‍ പ്രത്യേക ജൂറി പരാമര്‍ശം ലഭിച്ച ശേഷം മാതൃഭൂമി ഡോട്ട് കോമിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

'26ന് സിനിമ തിയറ്ററുകളില്‍ റിലീസ് ചെയ്യുന്നതിനുള്ള തിരക്കിലായിരുന്നു ഞാന്‍.അതിനിടെയാണ് പുരസ്‌കാര വാര്‍ത്ത വരുന്നത്. എനിക്ക് മാത്രമല്ല, ബിരിയാണിയുടെ മുഴുവന്‍ ക്രൂവിനുമുള്ള അംഗീകാരമാണിത്. ഒരു ചെറിയ ഗ്രാമത്തില്‍ നിന്നും വരുന്ന എന്നെപ്പോലെയൊരാള്‍ക്ക് ദേശീയ പുരസ്‌കാരമൊക്കെ വലിയ സ്വപ്നം തന്നെയാണ്,' , സജിന്‍ പറയുന്നു.

'അവാര്‍ഡ് കിട്ടി എന്നതുകൊണ്ട് അവാര്‍ഡ് സിനിമയായിട്ട് കാണുന്നില്ല. എല്ലാവര്‍ക്കും ആസ്വദിക്കാന്‍ പറ്റുന്ന സിനിമയാണിത്. ഐഎഫ്എഫ്‌കെ ഉള്‍പ്പെടെയുള്ള മേളകളില്‍ സിനിമയുടെ റിസര്‍വേഷന്‍ മിനിറ്റുകള്‍ കൊണ്ട് നിറഞ്ഞതും കൂടുതല്‍ പ്രദര്‍ശനങ്ങള്‍ക്കായി ആളുകള്‍ ആവശ്യമുന്നയിക്കുന്നതുമായ സാഹചര്യമുണ്ടായിരുന്നു. അമ്പതിലേറെ മേളകളില്‍ പ്രദര്‍ശിപ്പിച്ച ബിരിയാണി ഇതിനകം 18 പുരസ്‌കാരങ്ങള്‍ നേടിയിട്ടുണ്ട്. അതൊക്കെയാണ് തിയറ്ററില്‍ റിലീസ് ചെയ്യാന്‍ ധൈര്യം നല്‍കുന്നത്. അതുകൊണ്ടാണ് ഈ സമയത്തും ബുദ്ധിമുട്ടിയാണെങ്കിലും ചിത്രം റിലീസ് ചെയ്യുന്നത്', സജിന്‍ പറഞ്ഞു.

കേരളത്തിലെ സ്ത്രീകളെന്നല്ല ലോകത്തെവിടെയുമുള്ള സ്ത്രീകള്‍ നേരിടുന്ന പ്രശ്‌നമാണ് ചിത്രം പറയുന്നതെന്നും അതുമായി പ്രേക്ഷകര്‍ക്ക് കണക്ട് ചെയ്യാനാവുന്നു എന്നതാണ് ബിരിയാണിയുടെ വിജയമെന്നും സജിന്‍ കൂട്ടിച്ചേര്‍ത്തു.

Content Highlights: Sajin Baabu, biriyani malayalam movie