ജീവിതത്തിന്റെ വഴിത്തിരിവുകള്‍ മാത്രമല്ല ചില വ്യക്തിബന്ധങ്ങളും അവര്‍ തമ്മിലുള്ള മനഃശാസ്ത്രവും മുന്‍കൂട്ടി തീരുമാനിക്കപ്പെട്ടപോലെയാണ്. അല്ലെങ്കില്‍ ആലപ്പുഴയിലും പത്തനംതിട്ടയിലും ജനിച്ച രണ്ടുപേര്‍ തലസ്ഥാനനഗരിയില്‍വെച്ച് കണ്ടുമുട്ടുകയും ആദ്യം തര്‍ക്കിച്ചും, പിന്നീട് ചരിച്ചും ചിരിപ്പിച്ചും ഒന്നായി വളര്‍ന്നുവലുതാകുകയും ചെയ്തതിനുപിന്നിലെ രഹസ്യമെന്താകും...

മോഹന്‍ലാലും പ്രിയദര്‍ശനും ഒന്നിക്കുമ്പോള്‍ അവിടെ മുന്‍പേ തയ്യാറാക്കിയ ചോദ്യങ്ങള്‍ ആവശ്യമില്ല. നാലുപതിറ്റാണ്ട് പിന്നിട്ട സ്‌നേഹവും സൗഹൃദവും സിനിമയുമെല്ലാം സംഭാഷണത്തിലേക്ക്  സ്വാഭാവികതയോടെ കടന്നുവരും. അഭിമുഖത്തിനായി ഇരിക്കുമ്പോള്‍ നല്ല കേള്‍വിക്കാരനാകുക എന്നതാണ് പ്രധാനം. പ്രിയദര്‍ശനൊപ്പം മോഹന്‍ലാലിന്റെ വീട്ടില്‍ ഒരു പകല്‍. തിരക്കിന്റെ അകമ്പടിയില്ലാത്ത ദിവസങ്ങള്‍, സ്‌നേഹം പുതച്ച ആരാധനയും ആള്‍ക്കൂട്ടവും ചുറ്റുമില്ല.

പ്രദര്‍ശനത്തിനൊരുങ്ങിയ കുഞ്ഞാലിമരക്കാര്‍ സിനിമയുടെ വിശേഷങ്ങള്‍ പങ്കുവെച്ച് തുടങ്ങിയ സംസാരം, പിന്നീട് വിജയചിത്രങ്ങളുടെ പിന്നാമ്പുറകഥകളിലേക്കും കുടുംബവിശേഷങ്ങളിലേക്കുമെല്ലാം കടന്നു... അപ്പോഴും സംഭാഷണങ്ങള്‍ക്ക് കൂട്ടായി സിനിമയുടെ വെള്ളിവെളിച്ചം ഒപ്പമുണ്ടായിരുന്നു.

മോഹന്‍ലാല്‍ പ്രിയദര്‍ശന്‍ കൂട്ടുകെട്ടില്‍ പൂര്‍ത്തിയായ 'കുഞ്ഞാലിമരക്കാര്‍ അറബിക്കടലിന്റെ സിംഹം'-  സിനിമയുടെ  അണിയറ വിശേഷങ്ങള്‍ ഇനിയുമേറെ പറയാനുണ്ടല്ലോ...

മോഹന്‍ലാല്‍: വലിയ കാന്‍വാസില്‍ അവതരിപ്പിക്കേണ്ട കഥയാണ് കുഞ്ഞാലിമരക്കാര്‍. മുന്‍കൂട്ടിയൊരു ബജറ്റ് നിശ്ചയിച്ച് ചിത്രീകരണം ആരംഭിക്കാന്‍ കഴിയില്ലെന്ന് ചര്‍ച്ചകളുടെ തുടക്കത്തില്‍തന്നെ മനസ്സിലാക്കിയിരുന്നു. വിശ്വാസ്യയോഗ്യമായി പറഞ്ഞുഫലിപ്പിക്കാനാവശ്യമായ ഘടകങ്ങളെല്ലാം ഒത്തുവന്നാല്‍ മാത്രം, ചിത്രീകരണം തുടങ്ങിയാല്‍ മതിയെന്ന് തീരുമാനിച്ചിരുന്നു.

'കാലാപാനി' കഴിഞ്ഞ സമയത്താണ് കുഞ്ഞാലിമരക്കാരുടെ ചിന്ത വരുന്നത്. സിനിമയ്ക്കുപുറകിലെ ടെക്‌നിക്കല്‍ വിഭാഗം ഇന്നത്തേതുപോലെ വികസിച്ച കാലമായിരുന്നില്ല അത്. കഥയ്ക്ക് കൂട്ടായി ടെക്‌നിക്കല്‍ പെര്‍ഫക്ഷന്‍ ആവശ്യമുള്ള ഒരുപാട് രംഗങ്ങളുണ്ട്. ആഗ്രഹിച്ച തലത്തില്‍ കടലും കപ്പല്‍യുദ്ധങ്ങളുമെല്ലാം അവതരിപ്പിക്കാന്‍ അനുകൂല സാഹചര്യങ്ങള്‍ ഒത്തുവരുന്നതുവരെ കാത്തിരുന്നു.

പ്രിയദര്‍ശന്‍: സ്‌ക്രീനില്‍ അവതരിപ്പിച്ച് ഫലിപ്പിക്കാന്‍ ഏറ്റവും പ്രയാസമുള്ള രണ്ട് കാര്യങ്ങള്‍ വാട്ടര്‍ ആന്‍ഡ് ഫയര്‍ ആണ്. ഇവ രണ്ടും ഗ്രാഫിക്‌സില്‍ ചെയ്‌തെടുക്കുകപോലും പ്രയാസമാണ്. അമേരിക്കയിലെ സിനിമക്കാര്‍വരെ ഓസ്ട്രിയ, ഹങ്കറി എന്നിവിടങ്ങളില്‍നിന്നെല്ലാമാണ് ആവശ്യമായ സോഫ്റ്റ്‌വേറുകള്‍ വാങ്ങുന്നത്. വളരെ കുറച്ചാളുകളേ ഈ മേഖലയില്‍ പ്രൊഫഷണലായുള്ളൂ. നമ്മളും അവിടെനിന്നാണ് സോഫ്റ്റ്‌വേറുകള്‍ വാങ്ങിയത്. കുഞ്ഞാലിമരക്കാരില്‍ വെള്ളവും തീയും നിറഞ്ഞ രംഗങ്ങള്‍ ഒരുപാടുണ്ട്. പ്രയാസപ്പെട്ടാണെങ്കിലും കൃത്യതയോടെ അവതരിപ്പിക്കാനുള്ള ശ്രമങ്ങളാണ് നടത്തിയത്. ചിത്രത്തിലെ പ്രധാന ആകര്‍ഷണങ്ങളിലൊന്ന് വിഷ്വല്‍സുകളാണ്.

മോഹന്‍ലാല്‍: കുഞ്ഞാലിമരക്കാര്‍ കടലില്‍ പടനയിച്ച് യുദ്ധംചെയ്ത ആളാണ്. അത്തരം രംഗങ്ങള്‍ ഒഴിവാക്കി ആ കഥ പറയാന്‍ കഴിയില്ല. അതുകൊണ്ട്  സന്ദര്‍ഭങ്ങളുടെയും കഥാപാത്രങ്ങളുടെയും പൂര്‍ണത പ്രദര്‍ശിപ്പിക്കാനാവശ്യമായ സാധ്യതകളെല്ലാം കൊണ്ടുവരാന്‍ ശ്രമിച്ചിട്ടുണ്ട്. 
മുന്‍സിനിമകളെല്ലാം ഒരുക്കിയപോലെ വളരെ റിലാക്‌സ്ഡായാണ് ഞങ്ങള്‍ കുഞ്ഞാലിമരക്കാരിലേക്കും ഇറങ്ങിയത്. എന്നാല്‍, ചിത്രീകരണം തുടങ്ങിയപ്പോഴാണ് കാര്യങ്ങള്‍ വിചാരിച്ചത്ര എളുപ്പമാകില്ലെന്ന്  മനസ്സിലായത്. നിരവധി പ്രതിസന്ധികളെ വകഞ്ഞുമാറ്റിയാണ് ചിത്രം പൂര്‍ത്തിയാക്കിയത്. ഒരുപാടുപേരുടെ ഒരുപാട് ദിവസത്തെ പ്രയത്‌നം ഈ സിനിമയ്ക്ക് പുറകിലുണ്ട്. അതുകൊണ്ടുതന്നെ ചിത്രം കൃത്യമായി പ്രേക്ഷകരില്‍ എത്തിക്കേണ്ടതുണ്ട്. റിലീസിങ് മുടങ്ങിയതിനെക്കുറിച്ചോ ചിത്രത്തിന്റെ ഭാവി ഓര്‍ത്തോ ആശങ്കകളില്ല. എത്രയും പെട്ടെന്ന് ലോകം കൊറോണഭീതിയില്‍നിന്ന് പുറത്തുവരട്ടെ എന്നതാണ് പ്രാര്‍ഥന.

പ്രിയദര്‍ശന്‍: കാലാപാനി എഴുപത്തിരണ്ട് ദിവസംകൊണ്ടാണ് ചിത്രീകരിച്ചതെങ്കില്‍  കുഞ്ഞാലിമരക്കാര്‍ 102 ദിവസമാണ് ഷൂട്ട് ചെയ്തത്. ചിത്രീകരണത്തിനുശേഷം ഒരുവര്‍ഷത്തിലധികമെടുത്താണ് മറ്റ് ജോലികള്‍ പൂര്‍ത്തിയാക്കിയത്. ഇന്നെനിക്ക് അഭിമാനത്തോടെ പറയാനാകും ലോകസിനിമയ്ക്കുമുന്നില്‍ മലയാളത്തിന് തലയുയര്‍ത്തിനില്‍ക്കാന്‍ വകനല്‍കുന്ന സിനിമയാകും കുഞ്ഞാലിമരക്കാര്‍ അറബിക്കടലിന്റെ സിംഹം.

കുഞ്ഞാലിമരക്കാരെ വിമര്‍ശിച്ചുകൊണ്ടുവന്ന ചില കമന്റുകള്‍ ശ്രദ്ധയില്‍പെട്ടിരിക്കുമല്ലോ..., മരക്കാരുടെ തലപ്പാവില്‍ ഗണപതി എന്നതായിരുന്നു അതില്‍ പ്രധാനം.

മോഹന്‍ലാല്‍: കുഞ്ഞാലിമരക്കാരെക്കുറിച്ചുമാത്രമല്ല, മുന്‍പ് പ്രിയന്‍ സംവിധാനം ചെയ്ത  'ഒപ്പം' സിനിമയുടെ പോസ്റ്റര്‍ പുറത്തുവന്നപ്പോഴും സമാനമായി ചില കമന്റുകള്‍ വന്നിരുന്നു. കണ്ണുകാണാത്തവന്റെ കൈയിലെന്തിനാണ്  വാച്ച് എന്നാണ് അന്ന് ചിലര്‍ ചോദിച്ചത്. പടം ഇറങ്ങുന്നതോടെ അതെല്ലാം അപ്രസക്തമായി. അന്വേഷണങ്ങളിലൂടെയും പഠനത്തിലൂടെയും കണ്ടെത്തിയ വസ്തുതകള്‍ മുന്‍നിര്‍ത്തിയും ചില യുക്തികളും അതിലേറെ ഭാവനയും ചേര്‍ത്തുവെച്ചാണ് തിരക്കഥ പൂര്‍ത്തിയാക്കിയിരിക്കുന്നത്.

Mohanlal

പ്രിയദര്‍ശന്‍: തലപ്പാവില്‍ കാണുന്ന ചിഹ്നം ഗണപതിയുടെതല്ല, ആനയാണത്. സാബുസിറിലിന്റെ ചിന്തയിലാണ് അത്തരത്തിലൊരു രൂപം പിറന്നത്. സാമൂതിരിയുടെ കൊടിയടയാളം എന്താണെന്ന് ആര്‍ക്കും അറിയില്ല. ഒരുപാട് അന്വേഷിച്ചെങ്കിലും എവിടെനിന്നും യഥാര്‍ഥ വിവരം ലഭിച്ചില്ല. രാജാവിന് ഒരു കൊടിയടയാളം ഉണ്ടാകുമല്ലോ..., അതെന്താണെന്ന ചിന്തയുമായി മുന്നോട്ടുപോയപ്പോഴാണ് ആനയും ശംഖും ചേര്‍ന്ന കേരളസര്‍ക്കാര്‍ മുദ്ര ശ്രദ്ധയില്‍പ്പെട്ടത്.

അത്തരമൊരു അടയാളം എങ്ങനെ വന്നിരിക്കുമെന്ന ആലോചനയില്‍, ആന വടക്കുഭാഗത്തെയും ശംഖ് തെക്കുഭാഗത്തെയും പ്രതിനിധീകരിച്ചെത്തിയതായേക്കാമെന്ന ധാരണ ശക്തമായി. സാമൂതിരിയുടെ കൊട്ടാരങ്ങളിലെല്ലാം നിറയെ കാണുന്ന ആനതന്നെയാകാം അദ്ദേഹത്തിന്റെ രാജചിഹ്നമെന്ന് മനസ്സുകൊണ്ട് ഉറപ്പിച്ചു. പടത്തലവന്‍ കുഞ്ഞാലിമരക്കാര്‍ക്ക് സാമൂതിരി സമ്മാനിച്ച രാജമുദ്ര ആനയുടെതാകാം എന്ന തീരുമാനത്തിലെത്തി. ലാല്‍ സൂചിപ്പിച്ചപോലെ ചില യുക്തികളും അതിലേറെ ഭാവനയുമെല്ലാം ചേര്‍ന്ന് പറയുന്ന കഥയാണിത്.

കഥാപാത്രമാകാന്‍ മുന്നൊരുക്കങ്ങളൊന്നും നടത്താറില്ലെന്ന് മുന്‍പ് പല അഭിമുഖങ്ങളിലും പറഞ്ഞിട്ടുണ്ട്. എങ്കിലും, കുഞ്ഞാലിമരക്കാരുടെ കാര്യത്തില്‍ വ്യത്യസ്തമായെന്തെങ്കിലും നടന്നിരുന്നോ...?

മോഹന്‍ലാല്‍: ഇല്ല, കഥാപാത്രങ്ങള്‍ക്കായി അങ്ങനെ മുന്നൊരുക്കങ്ങളൊന്നും നടത്താറില്ല എന്നത് സത്യമാണ്. കുഞ്ഞാലിമരക്കാരെ അവതരിപ്പിക്കാന്‍, അദ്ദേഹത്തെക്കുറിച്ച് പഠിക്കാന്‍ ആരെയാണ് മാതൃകയാക്കേണ്ടത്. എല്ലാ സിനിമകളിലേയുംപോലെ അഭിനയിക്കേണ്ട ഭാഗം കഴിയാവുന്നത്ര ഭംഗിയായി അവതരിപ്പിക്കാന്‍ ശ്രമിച്ചുവെന്നുമാത്രം. പ്രിയദര്‍ശന്‍ എന്ന സംവിധായകനെ വിശ്വസിച്ചാണ് കുഞ്ഞാലിമരക്കാര്‍ സിനിമയിലേക്കിറങ്ങുന്നത്. മലയാളത്തിനകത്തും പുറത്തും എത്രയോ സിനിമകള്‍ ചെയ്ത പ്രിയന് എടുക്കാന്‍പോകുന്ന സിനിമയെക്കുറിച്ച് വ്യക്തമായ ധാരണയുണ്ട്. അണിയറപ്രവര്‍ത്തനങ്ങളിലൊന്നും യാതൊരു സംശയത്തിനും വകനല്‍കാതെയാണ് അദ്ദേഹമത് ചിത്രീകരിച്ചത്. പ്രിയനെ വിശ്വസിച്ചാണ് ഞാനും ആന്റണിയുമെല്ലാം കുഞ്ഞാലിമരക്കാരുടെ ഭാഗമായത്.

പ്രിയദര്‍ശന്‍: മോഹന്‍ലാലിനെപ്പോലൊരു നടന്‍ നമ്മളെ വിശ്വസിച്ച് നൂറിലധികം ദിവസം നല്‍കാന്‍ തയ്യാറായി വരുമ്പോള്‍ എന്റെ ഉത്തരവാദിത്വം കൂടൂം, അതുകൊണ്ടുതന്നെ ചിട്ടയോടെ കാര്യങ്ങള്‍ ഒരുക്കാന്‍ നിര്‍ബന്ധിതനായി. സ്‌കൂള്‍പഠനകാലത്താണ് കുഞ്ഞാലിമരക്കാരുടെ കഥ മനസ്സിലേക്കെത്തുന്നത്. വൈദേശികരോട് യുദ്ധംചെയ്യുന്ന, കടലില്‍ ജാലവിദ്യ കാണിക്കുന്ന വീരയോദ്ധാവിന്റെ ചിത്രം കുട്ടിക്കാലം മുതല്‍ക്കുതന്നെ മനസ്സിലുണ്ടായിരുന്നു. പക്ഷേ, പൂര്‍ണമായൊരു കഥ എവിടെയും കണ്ടില്ല. പഴയകാലം പുനഃസൃഷ്ടിച്ച് സിനിമ ഒരുക്കുമ്പോള്‍ ഒരുപാടുകാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്.

വേഷവിധാനവും ഭാഷയുമെല്ലാം ഏറെ ചര്‍ച്ചചെയ്ത് തീരുമാനിച്ചതാണ്. കേരളത്തിലങ്ങളോളമിങ്ങോളമുള്ള മലയാളികള്‍ക്ക് മനസ്സിലാകുന്ന ഭാഷയാണ് ചിത്രത്തില്‍ ഉപയോഗിച്ചിരിക്കുന്നത്. മരക്കാരുടെ വേഷത്തെക്കുറിച്ച് അന്വേഷിച്ചപ്പോള്‍ അക്കാലത്തെ മലബാറിലെ പുരുഷന്‍മാരുടെ പൊതുവേഷം കൈലിമുണ്ടാണെന്ന് മനസ്സിലായി. എന്നാല്‍ കൈലി ഉടുത്ത് യുദ്ധംചെയ്യാന്‍  പ്രയാസമാണ്. കൈയും കാലും അനായാസം ചലിപ്പിക്കാന്‍ പാകത്തിലുള്ള വസ്ത്രധാരണമാണ് യുദ്ധമുഖത്ത് വേണ്ടതെന്ന് തീരുമാനിച്ചു. 
രക്ഷാകവചത്തെക്കുറിച്ചാലോചിച്ചപ്പോള്‍ യുദ്ധത്തില്‍ പുറകില്‍നിന്നും വശങ്ങളില്‍നിന്നുമെല്ലാം ആക്രമണം ഉണ്ടാകാം. അതിനനുസരിച്ചുള്ള  പടച്ചട്ടകള്‍ അണിയുമെന്നുറപ്പാണ്. അത്തരം യുക്തികളെ മുന്‍നിര്‍ത്തിയാണ് വേഷവിധാനങ്ങള്‍ ചിട്ടപ്പെടുത്തിയത്.

മോഹന്‍ലാല്‍ : സാമൂതിരിയും കുഞ്ഞാലിമരക്കാരും തമ്മില്‍ തെറ്റുന്നത് ആനയുടെ വാലുവെട്ടിയതിന്റെ പേരിലാണെന്ന് കേള്‍ക്കുന്നുണ്ട്. എന്തിനാണ് വാലുവെട്ടിയത്, എവിടെവെച്ച്, എന്ത് സംഭവവുമായി ബന്ധപ്പെട്ടാണിത്, മരക്കാര്‍ നേരിട്ട് വെട്ടുകയായിരുന്നോ ഇതൊന്നും നമുക്കറിയില്ല. പ്രിയദര്‍ശന്റെ ഭാവനയാണ് പല സംഭവങ്ങളേയും പൂരിപ്പിച്ചത്. 

പ്രിയദര്‍ശന്‍: ചില സിനിമകള്‍ ചെയ്യുമ്പോള്‍ ആദ്യം നമുക്ക് സംശയങ്ങളുണ്ടാകും, എന്നാല്‍ യുക്തിപരമായ വിശകലനങ്ങളാകും പലപ്പോഴും തീരുമാനങ്ങളിലേക്കെത്തിക്കുന്നത്. ഒപ്പ'ത്തിന്റെ ചിത്രീകരണം തുടങ്ങിയ ആദ്യദിവസം കാഴ്ചയില്ലാത്തവന്റെ ജീവിതം ഇങ്ങനെയാണോ പകര്‍ത്തേണ്ടത് എന്ന സംശയം ശക്തമായിരുന്നു. രണ്ടുദിവസം കഴിഞ്ഞപ്പോള്‍ മനസ്സിലായി ശരിയായ രീതിയിലാണ് പോകുന്നതെന്ന്. കണ്ണുകാണാതെ അവിടിവിടങ്ങളില്‍ തപ്പിനടക്കുന്ന നായകനായിരുന്നെങ്കില്‍, ആ കഥാപാത്രം വിജയിക്കാതെ പോയേനെ. ക്ലൈമാക്‌സിലെ സംഘട്ടനം വിശ്വാസ്യയോഗ്യമാക്കാന്‍ തുടക്കം മുതല്‍ പല രംഗങ്ങളും കഥയിലേക്ക് കൊണ്ടുവന്നിരുന്നു. നായകന്റെ കുട്ടിക്കാലത്തെ കളരിപരിശീലനവും മീന്‍പിടുത്തവുമെല്ലാം ബോധപൂര്‍വം ഉള്‍പ്പെടുത്തിയതാണ് 

മോഹന്‍ലാല്‍: ഒപ്പം പോലുള്ള സിനിമകള്‍ ഒരുക്കുമ്പോള്‍ അഭിനേതാക്കളേക്കാള്‍ വെല്ലുവിളി സംവിധായകര്‍ക്കായിരിക്കും. കാഴ്ചശക്തിയില്ലാത്ത ഒരാളുടെ ഇടപെടലുകള്‍ വിശ്വസനീയമായ രീതിയില്‍ ഷൂട്ട് ചെയ്യുക എന്നത് ഭാരിച്ച ഉത്തരവാദിത്വമാണ്.
കണ്ണുകാണാത്ത നായകനേയും അയാളുടെ മാനറിസങ്ങളും ക്യാമറയിലേക്ക് പറിച്ചുനടുക എളുപ്പമല്ല. കാഴ്ചശക്തിയില്ലാത്ത ആളുടെ ലുക്ക്‌പോയന്റ് സാധാരണ ഗ്രാമറില്‍ ചിത്രീകരിക്കാന്‍ കഴിയില്ല.

ലാല്‍ പ്രിയന്‍ കൂട്ടുകെട്ടില്‍ പിറന്ന മിക്ക സിനിമകളും പ്രേക്ഷകര്‍ ഇന്നും മനസ്സില്‍ സൂക്ഷിക്കുന്നു. എന്തുകൊണ്ട് അത്തരം ചിത്രങ്ങള്‍ ഇന്ന് ഉണ്ടാകുന്നില്ല എന്ന ചോദ്യം നേരിടേണ്ടിവന്നിട്ടില്ലേ...

മോഹന്‍ലാല്‍: പഴയസിനിമകളിലെ തമാശകളെക്കുറിച്ച് ഒരുപാടുപേര്‍ ഇന്നും പറയാറുണ്ട്, അന്നത്തെ കഥാപാത്രങ്ങളെക്കുറിച്ച് ചിലരെല്ലാം ഇപ്പോഴും ദീര്‍ഘമായി സംസാരിക്കാറുമുണ്ട്.  എന്നാല്‍ കാലവും പ്രായവും നമ്മളില്‍ ചില മാറ്റങ്ങള്‍ ഉണ്ടാക്കിയിരിക്കുന്നു എന്നത് അംഗീകരിച്ചേ മതിയാകൂ. 'താളവട്ടം'പോലൊരു സിനിമചെയ്യാന്‍ പറഞ്ഞാല്‍ ഇന്നെനിക്ക് പറ്റില്ല, ആ പ്രായത്തില്‍ ചെയ്യാന്‍ പറ്റുന്ന വേഷമായിരുന്നു അത്.
കോളേജ് വിദ്യാര്‍ഥിയായുള്ള വേഷങ്ങളെല്ലാം പണ്ട് ഉത്സാഹത്തോടെ ആസ്വദിച്ച് ചെയ്തിട്ടുണ്ട്, ഇന്ന് നമ്മളെ ഇഷ്ടപ്പെടുന്നവര്‍പോലും അത്തരം വേഷങ്ങളില്‍ കാണാന്‍ ആഗ്രഹിക്കുകയില്ല. പ്രേക്ഷകര്‍ക്ക് ഉള്‍ക്കൊള്ളാന്‍ കഴിയുന്ന തരത്തിലുള്ള വേഷങ്ങളും സിനിമകളും തിരഞ്ഞെടുക്കേണ്ടതുണ്ട്.

Mohanlal

പ്രിയദര്‍ശന്‍: പഴയകാലത്തിറങ്ങിയ ലാല്‍ പ്രിയന്‍ ചിത്രങ്ങള്‍ ഇപ്പോള്‍ ഉണ്ടാകാത്തതെന്താണെന്ന ചോദ്യം ഒരുപാടുതവണ നേരിട്ടിട്ടുണ്ട്. സിനിമയില്‍ ശക്തമായ മാറ്റം സംഭവിച്ചുകൊണ്ടിരിക്കുകയാണ്. കഥയിലും കഥപറച്ചിലിലുമെല്ലാം പുത്തന്‍രീതികള്‍ കടന്നുവന്നുകഴിഞ്ഞു. സിറ്റുവേഷന്‍ കോമഡികള്‍, വിഷ്വല്‍ കോമഡികള്‍ എന്നിവയ്‌ക്കെല്ലാം പ്രസക്തിയേറുന്നു. അവതരിപ്പിച്ചതിനേക്കാള്‍ വലിയ തമശകളൊന്നും ഇനി ചിത്രീകരിക്കാനില്ല എന്ന ബോധ്യം 'ചന്ദ്രലേഖ' കഴിഞ്ഞപ്പോള്‍ തോന്നിത്തുടങ്ങിയിരുന്നു. പഴയ സിനിമകളെപ്പോലുള്ളവ എന്തിനാണ് വീണ്ടും വീണ്ടും ചെയ്യുന്നത്, അതിഷ്ടപ്പെടുന്നവര്‍ക്ക് അതുതന്നെ കണ്ടാല്‍ പോരേ...

മോഹന്‍ലാല്‍: ഞങ്ങളുടെ കൂട്ടുകെട്ടിലെ മികച്ച സിനിമ ഈ കണ്ടതൊന്നുമല്ല, ആ ചിത്രം  വരാനിരിക്കുന്നേയുള്ളൂ... (തലമുറകളെ കീഴടക്കിയ ആ കള്ളച്ചിരി)

പുനപ്രസിദ്ധീകരണം

Content Highlights : Mohanlal Priyadarshan Interview Kunjali Marakkar arabikkadalinte Simham National Awards