മാനന്തവാടി : കഷ്ടപ്പാടിന്റെ കഥ പറഞ്ഞ് കാടിന്റെ മക്കൾ പുഞ്ചിരിച്ച ചിത്രമാണ് കെഞ്ചിര. പണിയ വിഭാഗക്കാരുടെ ജീവിതം അവർതന്നെ പകർന്നാടിയപ്പോൾ അംഗീകാരങ്ങളും കെഞ്ചിരയെ തേടിയെത്തി. ഒടുവിൽ മികച്ച പ്രാദേശിക ചിത്രത്തിനുള്ള ദേശീയപുരസ്കാരവും കെഞ്ചിര നേടി. പണിയവിഭാഗക്കാരുടെ ജീവിതം പറഞ്ഞ സിനിമയാണ് കെഞ്ചിര. എല്ലാവരെയും ഒപ്പമെത്തിച്ച് സമയമെടുത്ത് പൂർത്തിയാക്കിയ ചിത്രം. പുരസ്കാരങ്ങൾക്ക് അർഹമാവുന്നതിൽ സന്തോഷം-സിനിമയുടെ സംവിധായകൻ മനോജ് കാന പറഞ്ഞു.

തങ്ങളുടെ ജീവിതത്തിലേക്ക് ക്യാമറ തിരിഞ്ഞപ്പോഴുണ്ടായ സിനിമയ്ക്ക് ദേശീയ പുരസ്കാരം കിട്ടിയതിന്റെ സന്തോഷത്തിലാണ് അഭിനേതാക്കളും. നാടാകെയൊന്നിച്ച ഒരു സിനിമകൂടിയാണ് പണിയഭാഷയിലുള്ള കെഞ്ചിര. വിദ്യാർഥിനിയായ ദ്വാരക പത്തിൽക്കുന്ന് കോളനിയിലെ വിനുഷയും കണിയാമ്പറ്റ കൊഴിഞ്ഞങ്ങാട് കോളനിയിലെ വിനുവും വള്ളിയൂർക്കാവ് കോളനിയിലെ കരുണനുമുൾപ്പെടെ മുന്നൂറോളംപേർ സിനിമയുടെ ഭാഗമായി, വിനുഷയും വിനുവും ഉൾപ്പെടെ മുപ്പതോളം പേർ ചിത്രത്തിലുടനീളം വേഷമിട്ടു. കുഞ്ഞുകുട്ടികൾ മുതൽ എൺപതു പിന്നിട്ടവർവരെ സിനിമയുടെ ഭാഗമായി.

‘ഞങ്ങളാരും സിനിമയിൽ അഭിനയിച്ചില്ല. ഞങ്ങളുടെ ജീവിതം അവതരിപ്പിച്ചെന്നേയുള്ളു’- കെഞ്ചിരയെക്കുറിച്ചു ചോദിച്ചാൽ അഭിനേതാക്കളുടെ മറുപടി ഇങ്ങനെയാണ്.

കുടിലുകളിൽ ജീവിതം പകർന്നാടി

കെഞ്ചിര എന്ന ആദിവാസി പെൺകുട്ടിയുടെ ജീവിതത്തിലൂടെയാണ് സിനിമ കടന്നുപോകുന്നത്. വിനുഷ രവിയാണ് കെഞ്ചിരയായത്. കെഞ്ചിരയുടെ ഭർത്താവായി വിനുവും ആദിവാസി മൂപ്പനായി കരുണനും മുത്തശ്ശിയായി ഊലിയും പ്രധാനവേഷങ്ങളിലെത്തി. ചിത്രത്തിനായി പയ്യമ്പള്ളി ചാലിഗദ്ദയിൽ കവുങ്ങിൻ തടികൾകൊണ്ട് 12 കുടിലുകൾ കെട്ടി. ആ കുടിലുകളിലേക്കാണ് ജീവിതം പറയാൻ അഭിനേതാക്കളെത്തിയത്. അവിടെയുള്ള ഒത്തുകൂടലിൽ കെഞ്ചിരയുണ്ടായി. ആദിവാസികളുടെ ജീവിതനഷ്ടങ്ങൾ പറഞ്ഞ സിനിമ നേരത്തേ ഗോവ ഫിലിം ഫെസ്റ്റിവലിൽ ഇന്ത്യൻ പനോരമ വിഭാഗത്തിൽ പ്രദർശിപ്പിച്ചിരുന്നു. മികച്ച രണ്ടാമത്തെ ചിത്രത്തിനുള്ള സംസ്ഥാന പുരസ്കാരവും കെഞ്ചിരയ്ക്ക് ലഭിച്ചു. കെഞ്ചിരയിലൂടെ പ്രതാപ് നായർ ഛായാഗ്രഹണത്തിനും അശോകൻ ആലപ്പുഴ വസ്ത്രാലങ്കാരത്തിനുമുള്ള സംസ്ഥാന പുരസ്കാരം നേടി. കവി കുരീപ്പുഴ ശ്രീകുമാറും അജികുമാർ പനമരവും എഴുതിയ രണ്ടുപാട്ടുകളും ചിത്രത്തിലുണ്ട്. സിനിമയുടെ സഹസംവിധായികയും അങ്കണവാടി ജീവനക്കാരിയുമായിരുന്ന അന്തരിച്ച തങ്കയ്ക്ക് പുരസ്കാരം സമർപ്പിക്കുന്നതായും മനോജ് കാന പറഞ്ഞു.

Content Highlights: kenchira movie malayalam on tribal people, national Film awards, Manjoj Kana