വിവാദങ്ങളുടെയും വിമര്‍ശനങ്ങളുടെയും മുനമ്പില്‍ നില്‍ക്കുമ്പോഴാണ് ബോളിവുഡ് താരം കങ്കണ റണാവത്തിനെ നാലാമതും ദേശീയ പുരസ്‌കാരം തേടിയെത്തിയിരിക്കുന്നത്. അവരിലെ അഭിനേത്രിയുടെ മികവിന് അടയാളമായി. ഇത്തവണ മണികര്‍ണിക ദി ക്വീന്‍ ഓഫ് ഝാന്‍സി, പങ്ക എന്നീ ചിത്രങ്ങളിലെ പ്രകടനമാണ് കങ്കണയ്ക്ക് പുരസ്‌കാരം നേടി കൊടുത്തത്. ആകെ നേടിയ നാല് പുരസ്‌കാരങ്ങളില്‍ മൂന്നെണ്ണം മികച്ച നടിക്കും, ഒന്ന് മികച്ച സഹനടിക്കുമുള്ളതുമായിരുന്നു. ഫാഷന്‍ എന്ന ചിത്രത്തിലെ അഭിനയത്തിന് സഹനടിക്കുള്ള പുരസ്‌കാരമാണ് ആദ്യം കങ്കണ നേടിയത്. 

സംവിധായകനുമായുണ്ടായ വഴക്കുകള്‍ക്ക് പിന്നാലെ ചിത്രം നിന്നുപോയപ്പോള്‍ സംവിധായിക കുപ്പായമെടുത്തണിഞ്ഞ് കങ്കണയാണ് മണികര്‍ണിക പൂര്‍ത്തിയാക്കിയത്. ഈ പുരസ്‌കാര നേട്ടത്തോടെ നടിമാരില്‍ ഏറ്റവുമധികം ദേശീയ പുരസ്‌കാരം നേടിയവരില്‍ നടി ശാരദയ്‌ക്കൊപ്പം രണ്ടാം സ്ഥാനത്തെത്തിയിരിക്കുകയാണ് കങ്കണ. അഞ്ച് ദേശീയ അവാര്‍ഡ് നേടിയ ശബാന ആസ്മിയാണ് ഒന്നാം സ്ഥാനത്ത്.

34-ാം ജന്മദിനത്തിന്റെ തലേന്നാണ് താരത്തിന് പിറന്നാള്‍ സമ്മാനമെന്നോണം പുരസ്‌കാരനേട്ടം വന്നെത്തിയത്. പോയ മാസം കങ്കണ തന്റെ പുരസ്‌കാര നേട്ടങ്ങളെക്കുറിച്ച് പങ്കുവച്ച ചില പ്രസ്താവനകള്‍ വലിയ വാര്‍ത്തയായിരുന്നു.

ലോകസിനിമയിലെ നടിമാരെ വെല്ലുവിളിച്ചുകൊണ്ടുള്ള കങ്കണയുടെ ട്വീറ്റ് വലിയ ചര്‍ച്ചയായി. ഒരു നടിയെന്ന നിലയില്‍ തന്നെക്കാള്‍ ബുദ്ധിയും അഭിനയശേഷിയും ഉള്ള നടിമാര്‍ ഈ ഗ്രഹത്തില്‍ ഉണ്ടെങ്കില്‍ അവരുമായി ഒരു തുറന്ന സംവാദത്തിന് തയ്യാറാണെന്നും അവരുടെ കഴിവ് തെളിയിക്കുവാന്‍ സാധിച്ചാല്‍ തന്റെ അഹങ്കാരം ഉപേക്ഷിക്കുമെന്നുമായിരുന്നു താരം ട്വീറ്റ് ചെയ്തത്

അമേരിക്കന്‍ താരം മെറില്‍ സ്ട്രീപ്പ്, ഇസ്രയേലി താരം ഗാല്‍ഗാഡോട്ട് എന്നിവരുമായി തന്റെ പ്രകടനത്തെ താരതമ്യം ചെയ്തായിരുന്നു കങ്കണയുടെ ട്വീറ്റ്. ഇതിന് പിന്നാലെ ട്വിറ്ററിലുള്‍പ്പടെ താരത്തിനെതിരേ വിമര്‍ശനവും ട്രോളുകളും ശക്തമായിരുന്നു.

മെറില്‍ സ്ട്രീപ്പിനു ലഭിച്ച ഓസ്‌കര്‍ പുരസ്‌കാരങ്ങളെ ചൂണ്ടിക്കാണിച്ചായിരുന്നു വിമര്‍ശകര്‍ കങ്കണയെ നേരിട്ടത്. എന്നാല്‍ ആ വിമര്‍ശനങ്ങളെ താരം നേരിട്ടത് തന്റെ ദേശീയ, പത്മ പുരസ്‌കാര നേട്ടങ്ങള്‍ ചൂണ്ടിക്കാണിച്ചാണ്.

'എനിക്ക് എത്ര ഓസ്‌കര്‍ ലഭിച്ചിട്ടുണ്ടെന്ന് ചോദിക്കുന്നവര്‍, എത്ര ദേശീയ, പത്മ പുരസ്‌കാരം മെറില്‍ സ്ട്രീപ്പിന് ലഭിച്ചിട്ടുണ്ടെന്നും ചോദിക്കണം. ഒരെണ്ണം പോലുമില്ല. നിങ്ങളുടെ അടിമത്ത മനോഭാവത്തില്‍ നിന്ന് പുറത്ത് വരൂ.. ആത്മാഭിമാനവും സ്വന്തം മൂല്യവും കണ്ടെത്തേണ്ട സമയം അതിക്രമിച്ചു കഴിഞ്ഞിരിക്കുന്നു'. കങ്കണ ട്വീറ്റ് ചെയ്തു. വിമര്‍ശകര്‍ക്കുള്ള താരത്തിന്റെ മറുപടിയായാണ് നാലാമത്തെ ദേശീയ പുരസ്‌കാര നേട്ടത്തെ ആരാധകര്‍ നോക്കിക്കാണുന്നത്.

Content Highlights : Kangana Ranaut best actress 67th National film awards Manikarnika Panga Movies Kangana 4th national award