ൻജിനീയറിങ് ജോലി ഉപേക്ഷിച്ചാണ് ശരൺ വേണുഗോപാൽ സിനിമയിലെത്തിയത്. പഠനത്തിന്റെ ഭാഗമായി ചെയ്ത ആദ്യ ചിത്രം തന്നെ ദേശീയ അവാർഡ് നേടുകയും ചെയ്തു. കുടുംബമൂല്യമുള്ള ചിത്രത്തിനുള്ള പുരസ്കാരം നേടിയ ഒരു പാതിരാ സ്വപ്നം പോലെ എന്ന ചിത്രത്തിന് സ്വപ്നങ്ങൾ നേടിയെടുക്കാൻ ഏതറ്റം വരെയും പോവുമെന്ന ഒരു സിനിമാമോഹിയുടെ ദൃഢനിശ്ചയത്തിന്റെ കഥ കൂടിയുണ്ട് പറയാൻ. കോഴിക്കോട് സ്വദേശിയായ ശരൺ തന്റെ സ്വപ്‌നങ്ങളെ കുറിച്ച് മനസ് തുറക്കുന്നു. 

പ്രതീക്ഷിക്കാതെ ലഭിച്ച സന്തോഷം

വളരെയധികം സന്തോഷം തോന്നുന്ന നിമിഷങ്ങളാണ് കടന്നുപോവുന്നത്. ഇന്നലെ മുതല്‍ ഒരുപാട് പേര്‍ അഭിനന്ദനങ്ങള്‍ അറിയിച്ചു കൊണ്ടിരിക്കുകയാണ്, അതിന്റെ  ത്രില്ലില്ലാണ്. പഠനത്തിന്റെ ഭാഗമായി ചെയ്‌തൊരു പ്രോജക്റ്റാണ് ഈ ചിത്രം. വലിയൊരു ഫീച്ചര്‍ ഫിലിം ഒന്നുമല്ല ഇത്. കോളേജില്‍ നിന്ന് ഈ സിനിമ അവാര്‍ഡിന് അയച്ചുവെന്നറിയാമായിരുന്നു. 

ഇതിന് മുന്‍പും കോളേജില്‍ നിന്ന് എന്‍ട്രികള്‍ അയക്കാറുണ്ട്. എനിക്ക് ഇത്തരമൊരു അവാര്‍ഡ് ലഭിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നില്ല. കോവിഡ് കൂടി വന്നതോടെ എല്ലാത്തിനും ഒരു നീണ്ട ബ്രേക്ക് തന്നെ വന്നില്ലേ. സത്യത്തില്‍ അവാര്‍ഡിന് എന്‍ട്രി നല്‍കിയ കാര്യം തന്നെ മറന്നുപോയിരുന്നു. പെട്ടെന്ന് അവാര്‍ഡ് ലഭിച്ചുവെന്ന് കേട്ടപ്പോൾ ഷോക്കായി.

ഇതിന് മുന്‍പ് പഠനത്തിന്റെ ഭാഗമായി കുറച്ച് ഷോര്‍ട്ട് ഫിലിമുകള്‍ ചെയ്തിരുന്നു. ബാബു നമ്പൂതിരി കേന്ദ്ര കഥാപാത്രമായി അഭിനയിച്ച സോപാനം എന്ന ചിത്രം അതിലൊന്നാണ്. അത് ഒരുപാട് ഫെസ്റ്റിവലുകൾക്ക് പോയിരുന്നു. മുംബൈ, കൊല്‍ക്കത്ത കൂടാതെ ജര്‍മനിയിലെ ഒരു ഫെസ്റ്റിവലിലും ചിത്രം പ്രദര്‍ശിപ്പിച്ചിരുന്നു. 

അമിത ടെന്‍ഷനില്ല

സത്യത്തില്‍ പഠനം പൂര്‍ത്തിയാക്കി ഫീല്‍ഡിലേയ്ക്ക് ഇറങ്ങുന്നതേയുള്ളു. അത് കൊണ്ട് വളരെയധികം സന്തോഷം നല്‍കുന്നു. ഇനി ചെയ്യുന്ന ചിത്രങ്ങള്‍ നല്ല നിലവാരത്തോടു കൂടി തന്നെ ചെയ്യണമെന്നുള്ള ഉത്തരവാദിത്തം കൂടി ഇപ്പോഴുണ്ട്. പക്ഷേ അതിനെ കുറിച്ചോര്‍ത്ത് അമിത ടെന്‍ഷനുകള്‍ ഒന്നും തന്നെയില്ല. 

കുടുംബത്തിലോ പരിചയത്തിലോ സിനിമക്കാര്‍ ആരും തന്നെയുണ്ടായിരുന്നില്ല. എന്‍ജിനീയറിങ്ങ് പഠന കാലത്താണ് എനിക്കും സിനിമയിലെത്തണമെന്ന ആഗ്രഹമുണ്ടാവുന്നത്. തിരുവനന്തപുരത്തായിരുന്നു എന്‍ജിനിയറിങ് പഠനം . അവിടെ നിരവധി ഫിലിം ഫെസ്റ്റിവലുകളും സിനിമ സംസാരിക്കുന്ന നിരവധി ആളുകളുമുണ്ട്. ലോക സിനിമയെ മനസിലാക്കാനും അത്  ആസ്വദിക്കാനും ഈ കാലഘട്ടത്തില്‍ സാധിച്ചു. അതൊരു നീണ്ട പ്രക്രിയയായിരുന്നുവെന്ന് വേണം പറയാന്‍.

അതിന് മുന്‍പ് സിനിമകള്‍ ഒരുപാടൊന്നും കണ്ടിരുന്നില്ല. ചെറുപ്പത്തില്‍ ഞാന്‍ വളരെ കുറച്ച് സിനിമകളേ കണ്ടിട്ടുള്ളു. തിരുവനന്തപുരത്തെ കാലഘട്ടമാണ് ജീവിത്തില്‍ വഴിത്തിരിവായത്. 

പിന്നീട് എന്‍ജിനിയറിങ് പൂര്‍ത്തിയാക്കിയ ശേഷം എസ് ആര്‍ എഫ് ടി ഐ യില്‍ സിനിമാ പഠനത്തിനായി പോയി. ഈ മേഖലയെ കുറിച്ച് മനസിലാക്കാനും സിനിമയുടെ ക്രാഫ്റ്റിനെ കുറിച്ച് കൂടുതല്‍ അറിയാനും  അവിടെത്തെ പഠനം വളരെയധികം സഹായിച്ചു. 

വീട്ടുകാരുടെ പിന്തുണ

അച്ഛനും അമ്മയും സഹോദരിയും ബാങ്കിങ് മേഖലയിലാണ് ജോലി ചെയ്യുന്നത്. എന്‍ജിനിയറിങ് കഴിഞ്ഞപ്പോള്‍ തന്നെ എനിക്ക് ജോലി ശരിയായിരുന്നു. വെല്ലുവിളികള്‍ ഏറെയുള്ള സിനിമാ മേഖലയിലേക്ക് വരുമ്പോള്‍ എല്ലാം മനസിലാക്കിയിട്ടാണല്ലോ പോവുന്നതെന്ന് വീട്ടുകാര്‍ ചോദിച്ചു. അല്ലാതെ എന്റെ തീരുമാനത്തില്‍ ആശങ്കയോ വിഷമമോ ഒന്നും തന്നെയുണ്ടായിരുന്നില്ല. സഹോദരീ ഭര്‍ത്താവ് ദീപക്കാണ് പാഷന്‍ പിന്തുടരാനുള്ള ഊര്‍ജം നല്‍കിയ മറ്റൊരു വ്യക്തി. സിനിമ പഠിക്കാന്‍ പോവുന്നതിന് മുന്‍പ് തന്നെ ഞാന്‍ ചെറിയ വര്‍ക്കുകള്‍ ചെയ്തിരുന്നു. അതെല്ലാം വീട്ടുകാര്‍ക്ക് ഇഷ്ടമായിരുന്നു. എന്റെ തീരുമാനങ്ങളില്‍ അവര്‍ക്ക് പൂര്‍ണ വിശ്വാസമുണ്ടായിരുന്നു.

അവാര്‍ഡ് നേട്ടത്തില്‍ മലയാള സിനിമ

ഇത്തവണ മലയാള സിനിമയ്ക്ക് നിരവധി അവാര്‍ഡുകള്‍ ലഭിച്ചിട്ടുണ്ട്. അത് സന്തോഷം നല്‍കുന്ന കാര്യമാണ്. ഇന്ത്യന്‍ സിനിമാ ലോകത്ത് മലയാള സിനിമയ്ക്ക് കൃത്യമായ ഇടമുണ്ട്. വ്യത്യസ്തമായ ആശയങ്ങളുള്ള സിനിമകള്‍ ഇവിടെ ഇറങ്ങുന്നുണ്ട്.

'ഒരു പാതിര സ്വപ്‌നം പോലെ'

പെഴ്‌സണല്‍ സ്‌പെയ്‌സ്, സ്വകാര്യത എന്നിവയാണ് ഈ ചിത്രം സംവദിക്കുന്നത്. ഒരു അമ്മയും മകളും തമ്മിലുള്ള ബന്ധവും അതിനിടയില്‍ വരുന്ന സംഘര്‍ഷവുമാണ് ഇതിവൃത്തം. നാദിയ മൊയ്തുവും ഗാര്‍ഗി അനന്തനുമാണ് പ്രധാന കഥാപാത്രങ്ങള്‍ കൈകാര്യം ചെയ്യുന്നത്.

അവാര്‍ഡ് കിട്ടിയതറിഞ്ഞ് മാഡം വിളിച്ച് അഭിനന്ദനം അറിയിച്ചിരുന്നു. ജോലി ചെയ്യാന്‍ കംഫര്‍ട്ടിബിളായ ഒരു വ്യക്തിയാണ് നാദിയ മാഡം

1

1

സിനിമ സ്വപ്‌നം കാണുന്നവരോട്

സ്വയം ഒരു വിശ്വാസം ഉണ്ടാവുക, എന്തിനാണ് ഇത് ചെയ്യുന്നത് എന്ന കാര്യത്തില്‍ വ്യക്തതഉണ ഉണ്ടാവുക. ഇതാണ് അടിസ്ഥാനപരമായി സിനിമയില്‍ പ്രവര്‍ത്തിക്കുമ്പോള്‍ വേണ്ടത്.

എനിക്ക് തോന്നുന്നു ഒരു പ്രൊഡ്യൂസറിനെ കണ്ടെത്തുക എന്നത് തന്നെയാണ് ഈ ഫീല്‍ഡില്‍ പ്രധാനമായും നേരിടുന്ന ഒരു ബുദ്ധിമുട്ട്. ഇതിനെ കുറിച്ച് ആധികാരികമായി പറയാന്‍ ഞാന്‍ ഈ ഫീല്‍ഡില്‍ സജീവമാവത്തത് കൊണ്ട് ബുദ്ധിമുട്ടാണ്. 

അടുത്ത ചിത്രം

ഒരു ഫീച്ചര്‍ ഫിലിം ചെയ്യാനുള്ള പ്ലാനുണ്ട്. അതിന് വേണ്ടിയുള്ള പ്രാരംഭ ഘട്ടത്തിലാണ്. ആ സിനിമ നന്നായി ചെയ്യണം അതാണ് ഇപ്പോഴത്തെ ആഗ്രഹം. മനുഷ്യന്റെ വികാരങ്ങളും മാനുഷിക ബന്ധങ്ങളും ചര്‍ച്ചചെയ്യുന്ന സിനിമകള്‍, സാധാരണക്കാരന്റെ പ്രശ്‌നങ്ങള്‍ കൈകാര്യം ചെയ്യുന്ന സിനിമകള്‍ ചെയ്യണമെന്നാണ് ആഗ്രഹംചെയ്യുന്ന സിനിമ അത് ഏത് തന്നെയാണെങ്കിലും നന്നായി ചെയ്യണം

Content Highlights: Interview with Sharan oru paathira swapnam pole movie director