മികച്ച നടനുള്ള രണ്ടാം ദേശീയ പുരസ്‌കാരത്തിന്റെ തിളക്കത്തിലാണ് ധനുഷ്. 2010 ലാണ് നടന് തന്റെ ആദ്യ ദേശീയ പുരസ്‌കാരം ലഭിക്കുന്നത്. വെട്രിമാരന്‍ സംവിധാനം ചെയ്യുന്ന ആടുകളം എന്ന ചിത്രത്തിലെ അഭിനയത്തിനായിരുന്നു പുരസ്‌കാരം. 11 വര്‍ഷങ്ങള്‍ക്ക് ശേഷം ധനുഷിനെ വീണ്ടും ദേശീയ പുരസ്‌കാരം തേടിയെത്തിയത് മറ്റൊരു വെട്രിമാരന്‍ ചിത്രത്തില്‍. മധ്യവയ്സകനും യുവാവും കൗമരകക്കാരനുമായുള്ള ശിവസാമിയായി അസുരനിലെ ധനുഷിന്റെ പകര്‍ന്നാട്ടം വിസ്മയിപ്പിക്കുന്നതായിരുന്നു.

അടിച്ചമര്‍ത്തപ്പെട്ടിട്ടും ആയുധമെടുക്കാന്‍ ആഗ്രഹിക്കാതെ ഒതുങ്ങി ജീവിക്കുന്ന ശിവസാമി സ്വന്തം മക്കള്‍ക്ക് മുന്നില്‍ പോലും പലപ്പോഴും അപഹാസ്യനായിത്തീരുന്നുണ്ട് ശിവസാമി. ചോരത്തിളപ്പും വിപ്ലവവീര്യവുമുള്ള ശിവസാമിയുടെ ജീര്‍ണിച്ച അവതാരമാണ് മധ്യവയസ്‌കനായ ശിവസാമി. എല്ലാം കൈവിട്ടുപോകുന്ന അവസ്ഥയിലും സ്വന്തം കുടുംബത്തെ പിടിച്ചുനിര്‍ത്താന്‍ ശ്രമിക്കുന്ന ശിവസാമി ധനുഷ് എന്ന പ്രതിഭാധനനായ നടന്റെ കയ്യില്‍ ഭദ്രമായിരുന്നു.

2010 ല്‍ നേടുമ്പോള്‍ മലയാളികളുടെ പ്രിയപ്പെട്ട നടന്‍ സലിം കുമാറിനൊപ്പമായിരുന്നു ധനുഷ് പുരസ്‌കാരം പങ്കിട്ടത്. സലീം അഹമ്മദ് സംവിധാനം ചെയ്ത ആദാമിന്റെ അബു എന്ന ചിത്രത്തിനായിരുന്നു സലീം കുമാറിന് പുരസ്‌കാരം. 2021 ല്‍ എത്തിയപ്പോള്‍ മനോജ് ബാജ്‌പേയിക്കൊപ്പവും. ഭോന്‍സ്ലേ എന്ന സിനിമയിലെ അഭിനയത്തിനായിരുന്നു മനോജ് ബാജ്‌പേയിയെ പുരസ്‌കാരം തേടിയെത്തിയത്. ധനുഷിനെ സംബന്ധിച്ച് ഇത് നാലാമത്തെ ദേശീയ പുരസ്‌കാരമാണ്. അതില്‍ രണ്ട് പുരസ്‌കാരങ്ങള്‍ നിര്‍മാതാവ് എന്ന നിലയിലായിരുന്നു. 2014 ല്‍ കാക്കമുട്ടൈ എന്ന ചിത്രത്തിനും 2015 ല്‍ വെട്രിമാരന്റെ തന്നെ വിസാരണൈയ്ക്കുമായിരുന്നു പുരസ്‌കാരം. 

Content Highlights: Dhanush National Film awards for best actor, 2019, 2010, Salim Kumar, manoj bajpayee