പുത്തൻവേലിക്കര : ഒമ്പതാം ക്ലാസുകാരനായ ഏക മകൻ യുവ യുടെ പതിനാലാം പിറന്നാൾ ചെറുതായി ആഘോഷിക്കുന്നതിനിടെയാണ് രഞ്ജിത്ത് അമ്പാടിയെ തേടി ദേശീയ പുരസ്കാരമെത്തിയത്. ഇതോടെ കണക്കൻകടവ് പട്ടത്തെ അമ്പാടി വീട്ടിൽ ആഹ്ളാദം തിരയടിച്ചു.

മികച്ച മേക്കപ്പ്മാനുള്ള ദേശീയ പുരസ്കാരം ലഭിച്ച വാർത്ത പ്രഖ്യാപന ശേഷം അല്പം കഴിഞ്ഞാണ് രഞ്ജിത്തും കുടുംബവും അറിഞ്ഞത്. വലിയ ആഘോഷങ്ങൾ ഇല്ലാതെയാണ് മരട് ഗ്രിഗോറിയൻ സ്കൂൾ വിദ്യാർഥിയായ യുവയുടെ പിറന്നാൾ തറവാട്ടുവീട്ടിൽ ആഘോഷിച്ചത്. ഉച്ചമയക്കത്തിനിടെയാണ് രഞ്ജിത്തിന്റെയും ഭാര്യ ലക്ഷ്മിയുടെയും മൊബൈലിൽ തുരുതുരാ കോളുകൾ വന്നത്. പിന്നീടാണ് അവാർഡ് വിവരം മനസ്സിലാക്കുന്നത്. ഉടനെ ടി.വി. ഓൺ ചെയ്തു.

25 വർഷമായി രഞ്ജിത്ത് സിനിമയിൽ മേക്കപ്പ് ആർട്ടിസ്റ്റാണ്. ഇതുവരെ 110 സിനിമയ്ക്ക് ചമയമൊരുക്കി. മാത്തുക്കുട്ടി സംവിധാനം ചെയ്ത ‘ഹെലൻ’ എന്ന സിനിമയിൽ ചമയത്തിനാണ് ദേശീയ പുരസ്കാരം ലഭിച്ചത്. സിനിമ വസ്ത്രാലങ്കാര രംഗത്ത് പ്രവർത്തിച്ചിരുന്ന ആർ. വേണുഗോപാലിന്റെയും ഷൈലജയുടെയും മകനാണ് രഞ്ജിത്ത് അമ്പാടി. 2004, 08, 09, 17, 19 വർഷങ്ങളിലും മികച്ച മേക്കപ്പിനുള്ള സംസ്ഥാന അവാർഡ് ലഭിച്ചിരുന്നു. ഹെലനു തന്നെയാണ് കഴിഞ്ഞ സംസ്ഥാന അവാർഡ് ലഭിച്ചത്.

Content Highlights : 67th national film awards best makeup man Ranjith for Helen Malayalam Movie