vilayil faseela
വിളയിൽ ഫസീല

കൊണ്ടോട്ടി: പിതാവിന്റെ സ്നേഹവാത്സല്യങ്ങളോടെ കലാരംഗത്തേക്ക് കൈപിടിച്ചുയർത്തിയത് വി.എം. കുട്ടി മാഷാണെന്ന് മാപ്പിളപ്പാട്ട് ഗായിക വിളയിൽ ഫസീല അനുസ്‌മരിച്ചു. മുഖത്തെ പ്രസന്നത മനസ്സിലെപ്പോഴും അദ്ദേഹം സൂക്ഷിച്ചിരുന്നു. തെളിഞ്ഞ സ്വഭാവം. അപ്രതീക്ഷിതമാണ് അദ്ദേഹത്തിന്റെ വേർപാടെന്നും അവർ പറഞ്ഞു.

ഫസീലയെ 1970-ൽ അഞ്ചാംക്ലാസിൽ പഠിക്കുന്ന സമയത്താണ് വി.എം. കുട്ടി കണ്ടെത്തുന്നത്. അന്ന് വത്സലയായിരുന്നു. പിന്നീടാണ് ഇസ്‌ലാംമതം സ്വീകരിച്ച് ഫസീലയായത്.

ആകാശവാണിയിൽ ബാലലോകം പരിപാടിയിൽ പാടുന്നതിന് വി.എം. കുട്ടി കുട്ടികളെ തിരയുന്നതിനിടെയാണ് വിളയിൽ എ.യു.പി. സ്‌കൂളിലെ അഞ്ചാംക്ലാസുകാരി വത്സലയെ കണ്ടെത്തിയത്. ആകാശവാണിയിലെ ബാലലോകം പരിപാടിയിൽ പാടാൻ അവസരം നൽകി. എട്ടാംക്ലാസിൽ പഠിക്കുമ്പോൾ മാഷ് വീട്ടിൽ താമസിപ്പിച്ച് പാട്ടിൽ പരിശീലനംനൽകി. അറബിയും അറബി മലയാളവും വശത്താക്കിയതോടെ അറബിപദങ്ങൾ ഉച്ചാരണശുദ്ധിയോടെ ആലപിക്കാൻ ഫസീലയ്ക്കു കഴിഞ്ഞത് പാട്ടുകൾക്ക് സഹായമായി. വി.എം. കുട്ടിയും ഫസീലയും ചേർന്ന് ആയിരക്കണക്കിനു വേദികളിൽ മാപ്പിളപ്പാട്ടുകൾ ആലപിച്ചിട്ടുണ്ട്.