vm kuttyഹൈസ്കൂളിൽ പഠിക്കുന്ന കാലത്ത്‌, 1960-കളുടെ ഒടുവിലാണ്‌ ഞാൻ വി.എം. കുട്ടി എന്ന നോവലിസ്റ്റിനെ ശ്രദ്ധിക്കുന്നത്‌. അക്കാലത്ത്‌ കോഴിക്കോട്ടുനിന്ന്‌ പുറപ്പെട്ടിരുന്ന ചന്ദ്രിക ആഴ്ചപ്പതിപ്പിൽ ആ പേരുകാരന്റെ ‘കിടപ്പറകൾ’ എന്ന നോവൽ പരമ്പരയായി വരുന്നുണ്ടായിരുന്നു. മൂപ്പര്‌ വരച്ച ചില ചിത്രങ്ങളും കണ്ടതായി ഒാർക്കുന്നു.

കഥയെഴുത്തുകാരനും ചിത്രമെഴുത്തുകാരനും ആയ ഈ കക്ഷി പാട്ടുകാരനുമാണ്‌ എന്ന്‌ അറിഞ്ഞത്‌ പിന്നീടാണ്‌. മലപ്പുറം ജില്ലയിലെ കൊണ്ടോട്ടിക്കടുത്തുള്ള പുളിക്കൽ എന്ന ഗ്രാമത്തിൽ ജനിച്ചുവളർന്ന മുഹമ്മദുകുട്ടി തൊട്ടടുത്ത ഗ്രാമത്തിലെ കൊളത്തൂർ എൽ.പി. സ്കൂളിൽ അധ്യാപകനാണ്‌ എന്നും ഞാൻ ആരാഞ്ഞറിഞ്ഞു. കുട്ടിക്കാലത്തേ മാപ്പിളപ്പാട്ട്‌ പഠിക്കുകയും പരിശീലിക്കുകയും പാടുകയും ചെയ്തുപോരുന്ന ആളാണ്‌ എന്നും കേൾക്കുകയുണ്ടായി.

ആകാശവാണിയിലും ചില പൊതുവേദികളിലും മാപ്പിളപ്പാട്ടു പാടിക്കൊണ്ടാണ്‌ സുദീർഘമായ കലാജീവിതം ആരംഭിച്ചത്‌. മാപ്പിളപ്പാട്ട്‌ എന്നുകേട്ടാൽ വി.എം. കുട്ടി എന്നും വി.എം. കുട്ടി എന്നുകേട്ടാൽ മാപ്പിളപ്പാട്ട്‌ എന്നും മലയാളികൾക്ക്‌ ഓർമവരുന്ന മട്ടിൽ ആ ഗാനസാഹിതീ പാരമ്പര്യത്തിന്റെ പ്രതിനിധിയായി ആറു പതിറ്റാണ്ട്‌ ജീവിച്ചാണ്‌ 86-ാം വയസ്സിൽ ആ പാട്ടുകാരൻ ഇപ്പോൾ അരങ്ങൊഴിഞ്ഞത്‌.

മാപ്പിളപ്പാട്ടിന്റെ പാരമ്പര്യം

മാപ്പിളപ്പാട്ട്‌ അടിസ്ഥാനപരമായി ഒരു പ്രകടനകലയാണ്‌. അനുഷ്ഠാനമായോ, ആചാരമായോ, ഭക്തി പ്രകാശനമായോ, വിനോ​േദാപാധിയായോ അവതരിപ്പിക്കപ്പെടുന്നതിനുവേണ്ടിയാണ്‌ അത്‌ എഴുതപ്പെടുന്നത്‌ എന്നർഥം. നാടകകൃതി വെറുമൊരു പാഠം മാത്രമാണെന്നും അരങ്ങിൽ സജീവമാകുമ്പോൾ മാത്രമാണ്‌ അത്‌ ‘നാടകം’ ആയിത്തീരുന്നത്‌ എന്നും പറയുമ്പോലെയാണിത്‌. മാപ്പിളപ്പാട്ട്‌ ഒരു ഗാനസാഹിതീ പരമ്പര്യമാണ്‌. അതിൽ പ്രാമുഖ്യം സാഹിത്യത്തിനല്ല, സംഗീതത്തിനാണ്‌. അതിൽ പ്രാസവും താളവും ഈണവും (ഇശൽ) അതിപ്രധാനമാണ്‌. ഒരു പാട്ട്‌ മാപ്പിളപ്പാട്ടാണോ എന്നറിയാൻ അതു പാടിക്കേൾക്കണം. എങ്കിലേ അതിന്റെ സ്വലക്ഷണം, തനിമ എന്നിവ വെളിപ്പെടൂ.

മുമ്പ്‌ മാപ്പിളപ്പാട്ടുകളുടെ അവതരണത്തിന്റെ വേദി അധികവും ഗൃഹസദസ്സുകളായിരുന്നു. കല്യാണാഘോഷത്തിന്റെ ഭാഗമായ ഒപ്പനപ്പാട്ടുകൾ ഉദാഹരണം. കല്യാണപ്പന്തലിൽ മത്സരിച്ച്‌ പാടുന്ന കല്യാണപ്പാട്ടുകൾ വേറെ ഉദാഹരണം. ഭക്തിപ്രകാശനത്തിനായി ‘മുഹയിദ്ദീൻ മാല’ പാടുന്നതും പേറടുത്ത്‌ കഷ്ടപ്പെടുന്ന സ്ത്രീയുടെ സുഖപ്രസവത്തിനായി ആചാരത്തിന്റെ ഭാഗമായി ‘ബദർ മാല’ പാടുന്നതും വീട്ടുകോലായിൽത്തന്നെ.

നേർച്ച, ഉറൂസ്‌ തുടങ്ങിയ ആഘോഷങ്ങളുടെ ഭാഗമായി അരങ്ങേറുന്ന ദഫ്മുട്ട്‌, അറവന, കോൽക്കളി മുതലായ കലാരൂപങ്ങളുടെ ഭാഗമായി നടക്കുന്ന ഗാനാലാപനം അനുഷ്ഠാനവേദികളിലാണ്‌. പാട്ടുപാടി അർഥം വിശദീകരിക്കുന്ന ‘പാടിപ്പറയൽ’ എന്ന കലാരൂപം മിക്കപ്പോഴും അരങ്ങേറിയിരുന്നത്‌ വീട്ടുമുറ്റങ്ങളിലോ പീടികക്കോലായകളിലോ ആണ്‌.

ഇതിനാകെ അപവാദം പറയാനുള്ളത്‌ തോണി തുഴയുമ്പോഴോ, തെരപ്പം കുത്തുമ്പോഴോ, കാളവണ്ടി തെളിക്കുമ്പോഴോ ഒന്നോ രണ്ടോ പേർ തുറന്നുപാടിയിരുന്ന സാഹചര്യമാണ്‌. അവിടെ പക്ഷേ, പാട്ടുകാരായും കേൾവിക്കാരായും അവർ മാത്രമേയുള്ളൂ.

നീലക്കുയിലും യുവ ഗായകനും

അങ്ങനെ മാപ്പിളപ്പാട്ട്‌ ഒരു സമുദായത്തിന്റെ ഇടുങ്ങിയ അതിരുകളിൽ മാത്രം ഒതുങ്ങിയിരുന്ന സാഹചര്യത്തിലാണ്‌ ആറരപ്പതിറ്റാണ്ടുമുമ്പ്‌ ‘നീലക്കുയിൽ’ വരുന്നത്‌ (1954). ആ സിനിമയ്ക്കുവേണ്ടി പി. ഭാസ്കരൻ എഴുതി കെ. രാഘവൻ പാടിയ ‘കായലരികത്ത്‌’ ചരിത്രം സൃഷ്ടിച്ചു. മാപ്പിളപ്പാട്ട്‌ സമുദായഭേദമില്ലാതെ ആർക്കും എഴുതാം; ആർക്കുംപാടാം; ആർക്കും ആസ്വദിക്കാം എന്നായി. പത്തുകൊല്ലം കഴിഞ്ഞ്‌ മാപ്പിളപ്പാട്ടുകളാൽ സമ്പന്നമായി ‘കുട്ടിക്കുപ്പായം’ (1964) വന്നതോടെ ഈ സ്ഥിതി വളരെ മെച്ചപ്പെട്ടു: മാപ്പിളപ്പാട്ട്‌ തീർത്തും ഒരു ‘കേരളീയാനുഭവം’ ആയിത്തീർന്നു.

ഈ അന്തരീക്ഷമാണ് മാപ്പിളപ്പാട്ടുകളുടെ ഗ്രാമഫോൺ കാലത്തിന് വഴിയൊരുക്കിയത്. മുസ്‌ലിംവീടുകളിൽ കല്യാണാഘോഷത്തിന്റെ പശ്ചാത്തലനാദമായും പല പൊതുയോഗങ്ങളിലും ആമുഖമായും ‘പെട്ടിപ്പാട്ടി’ലൂടെ മാപ്പിളപ്പാട്ടുകൾ സാന്നിധ്യമുറപ്പിച്ചു.

1935-ൽ പിറന്ന വി.എം. കുട്ടി യൗവനം പിന്നിടുന്നത് ഇക്കാലത്താണ്. നീലക്കുയിൽ പുറത്തിറങ്ങുമ്പോൾ ആ യുവഗായകന് 19 വയസ്സാണ്. ആ വർഷം (1954) തന്നെയാണ് അദ്ദേഹം കോഴിക്കോട് ആകാശവാണിയിൽ അരങ്ങേറ്റം കുറിക്കുന്നത്.

സിനിമയിലും ഗ്രാമഫോണിലും ആകാശവാണിയിലുമൊക്കെ മാപ്പിളപ്പാട്ടുകളുടെ ആലാപനവും അവതരണ സമ്പ്രദായവും മെച്ചപ്പെട്ടെങ്കിലും നാട്ടിലെ സ്ഥിതി പഴയതുതന്നെയായിരുന്നു.

ഇവിടെയാണ് വി.എം. കുട്ടി മാപ്പിളപ്പാട്ടിന്റെ ചരിത്രത്തിൽ ഇടംപിടിക്കാൻ പുതുമകളുമായി കടന്നുവരുന്നത്.

പുതിയ കാലത്ത് സ്റ്റേജിൽ അവതരിപ്പിക്കാവുന്ന ഒരു കലാപരിപാടിയായി മാപ്പിളപ്പാട്ടിനെ അദ്ദേഹം രൂപാന്തരപ്പെടുത്തി. കൂടിയാൽ ഹാർമോണിയത്തിന്റെ പിന്നണിമാത്രം ഉണ്ടായിരുന്ന ഗാനാലാപനം ഒട്ടേറെ ആധുനികവാദ്യങ്ങളും സംഗീതോപകരണങ്ങളും (ഓർക്കെസ്ട്ര) അകമ്പടി സേവിക്കുന്ന ഒന്നായിത്തീർന്നു. ഭക്തിയും യുദ്ധവും ശൃംഗാരവും താരാട്ടും ഹാസ്യവും സാമൂഹികവിമർശനവും ചരിത്രവും പ്രമേയമായുള്ള ഒട്ടേറെ പാട്ടുകൾ ഒരേവേദിയിൽ ആലപിക്കപ്പെട്ടു. ആധുനികമായ മൈക്കും ലൈറ്റും കർട്ടനും അന്തരീക്ഷമൊരുക്കി. പ്രധാനകാര്യം, യുവതികൾ രംഗത്തെത്തിയതാണ്‌. ആണും പെണ്ണും ഒന്നിച്ചുനിന്ന് പാടി. അങ്ങനെ ‘മാപ്പിളഗാനമേള’ വലിയ കലാപരിപാടിയായിത്തീർന്നു. ജാതിമതഭേദമില്ലാതെ എല്ലാവരുടേതുമായിത്തീർന്നു. അന്ന് അദ്ദേഹം രൂപത്‌കരിച്ച ‘വി.എം. കുട്ടി-വിളയിൽ വത്സല’ ടീം വൻവിജയമായി. മറ്റു മാപ്പിളപ്പാട്ടുകാർക്ക് ഇത് മാതൃകയായി. പിന്നാലെ അനേകം ഗായകസംഘങ്ങൾ മലബാറിലുടനീളം രൂപംകൊണ്ടു.

ഈ അന്തരീക്ഷമാണ് മാപ്പിളപ്പാട്ടുകാർക്കിടയിൽ കഥാപ്രസംഗക്കാരികളെ ഉത്‌പാദിപ്പിച്ചത്. ആലപ്പുഴക്കാരി എച്ച്. റംലാബീഗത്തിന്റെ ആലാപനവും കഥനവും 1960-കളുടെ അവസാനവർഷങ്ങളിൽത്തന്നെ പാട്ടുകമ്പക്കാരുടെ ഹരമായിത്തീർന്നത് ഉദാഹരണം.

പ്രയോക്താവ്‌, സംഘാടകൻ

ഇന്ന് തിരിഞ്ഞുനോക്കിയാൽ വ്യക്തമാകും മാപ്പിളപ്പാട്ടിന്റെ പ്രകടനകലയെ ആധുനികീകരിച്ചത് വി.എം. കുട്ടിയാണ്‌. അരനൂറ്റാണ്ടുകാലം അദ്ദേഹം അരങ്ങുവാണു. കേരളത്തിന് അകത്തും പുറത്തും ഗൾഫ് നാടുകളിലും ഒട്ടേറെ ദശകക്കാലം ആയിരക്കണക്കിന് പരിപാടികളാണ് അദ്ദേഹം അവതരിപ്പിച്ചത്. മാപ്പിളപ്പാട്ടുകൊണ്ട് വിവിധരംഗങ്ങളിലെ കലാകാരന്മാർക്ക് ജീവിക്കാം എന്ന് കാണിച്ചുകൊടുത്തത് ഈ സംഘാടകനാണ്.

കുട്ടി ഈ രംഗത്തെ എണ്ണം പറഞ്ഞ സംഘാടകനായിരുന്നു. പ്രധാനമന്ത്രി രാജീവ് ഗാന്ധി കവരത്തി സന്ദർശിക്കുമ്പോൾ ആ കൂട്ടത്തിലെ കലാസംഘത്തിൽ ഉൾപ്പെടാനുള്ള പ്രാപ്തി മൂപ്പർക്കുണ്ടായിരുന്നു.

ആധുനികീകരണത്തിലൂടെ ഈ പ്രകടനകലയെ അത്യന്തം ജനകീയമാക്കിയ ഈ ഗായകൻ പാട്ടെഴുത്തുകാരും പാട്ടുകാരും ഉപകരണവിദഗ്ധരുമായ ഒട്ടേറെ യുവതീയുവാക്കളെ അരങ്ങിലെത്തിച്ചിട്ടുണ്ട്. പ്രവർത്തനങ്ങളിലൂടെയും പ്രബന്ധങ്ങളിലൂടെയും പ്രസംഗങ്ങളിലൂടെയും മാപ്പിളപ്പാട്ടിന്റെ സമുദ്ധാരണത്തിന് വലിയ സംഭാവനയർപ്പിച്ചിട്ടുണ്ട്.

മാപ്പിളപ്പാട്ടിന്റെ പ്രകടനകലയെ ആധുനികീകരിച്ചത് വി.എം. കുട്ടിയാണ്‌. പ്രവർത്തനങ്ങളിലൂടെയും പ്രബന്ധങ്ങളിലൂടെയും പ്രസംഗങ്ങളിലൂടെയും മാപ്പിളപ്പാട്ടിന്റെ സമുദ്ധാരണത്തിന് അദ്ദേഹം വലിയ സംഭാവന നൽകി