vm kuttyപുളിക്കൽ: മാപ്പിളപ്പാട്ട് എന്ന് കേൾക്കുന്പോൾത്തന്നെ വി.എം. കുട്ടിയെ ആസ്വാദകർ ഓർക്കുന്നതിന് ചരിത്രമേറെയുണ്ട്. 1957-ൽ മാപ്പിളപ്പാട്ടുകൾമാത്രം അവതരിപ്പിക്കുന്ന ‘വി.എം. കുട്ടി ആൻഡ് പാർട്ടി’ എന്ന ഗാനമേള ട്രൂപ്പ് പിറന്നിരുന്നു. ‘കുട്ടീസ് ഓർക്കസ്ട്ര’ എന്ന്‌ പിന്നീട്‌ പേരുമാറ്റിയ ഈ സംഘത്തിൽ പ്രശസ്ത സംഗീതസംവിധായകൻ എം.എസ്. ബാബുരാജും അംഗമായിരുന്നു. വി.എം. കുട്ടി പത്തുസിനിമകളിൽ സംഗീതസംവിധാനം, ഗാനരചന, അഭിനയം, ഗാനാലാപനം എന്നിവ നിർവഹിച്ചു. മാർക്ക് ആൻറണി എന്ന സിനിമയിലെ ഗാനങ്ങൾ രചിച്ചത് അദ്ദേഹമാണ്. ‘മൊഞ്ചുള്ള മണവാള’നിൽ നായകനായി. നാലു സിനിമകളിലെ ഒപ്പന സംവിധാനംചെയ്തു.

പുളിക്കൽ കേന്ദ്രമായി ചെന്താര തിയേറ്റേഴ്സ് എന്ന നാടകസംഘവും രൂപവത്കരിച്ചു.

മഹാകവി മോയിൻകുട്ടി വൈദ്യർ, മാപ്പിളപ്പാട്ടിന്റെ ചരിത്രസഞ്ചാരങ്ങൾ, മാപ്പിളപ്പാട്ട് ചരിത്രവും വർത്തമാനവും തുടങ്ങി പതിനഞ്ചിലധികം പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

കേരള ലളിതകലാ അക്കാദമി, കേരള ചലച്ചിത്രകലാ അക്കാദമി, മഹാകവി മോയിൻകുട്ടി വൈദ്യർ സ്മാരകസമിതി, കേരള സംഗീതനാടക അക്കാദമി എന്നിവയിൽ അംഗമായിരുന്നു. ഫോക്‌ലോർ അക്കാദമി ഉപാധ്യക്ഷൻ, മ്യൂസീഷ്യൻസ് വെൽഫെയർ അസോസിയേഷൻ ഭരണസമിതി അംഗം, ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാപ്പിള സ്റ്റഡീസ് നിർവാഹകസമിതി അംഗം എന്നീ നിലകളിലും പ്രവർത്തിച്ചു. തിരൂർ തുഞ്ചൻ മലയാളസർവകലാശാല ഡി.ലിറ്റ് നൽകി ആദരിച്ചു.

കേരള സംഗീതനാടക അക്കാദമി അവാർഡ്, പരീക്കുട്ടി അവാർഡ്, ഉബൈദ് സ്മാരകകമ്മിറ്റി അവാർഡ്, എം.ഇ.എസ്. അവാർഡ്, കുഞ്ചൻ സ്മാരക ട്രസ്റ്റ് അവാർഡ്, എം.സി. അപ്പുണ്ണി നമ്പ്യാർ അവാർഡ്, കേരള കലാമണ്ഡലം അവാർഡ് തുടങ്ങി ഇരുനൂറ്റിയൻപതിലധികം പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്.

പുളിക്കൽ എ.എം.എൽ.പി. സ്കൂൾ, കൊണ്ടോട്ടി ജി.യു.പി. സ്കൂൾ, ഫറോക്ക്. ഗവ. ഗണപത്‌ ഹൈസ്കൂൾ, രാമനാട്ടുകര സേവാമന്ദിരം ബേസിക് ട്രെയിനിങ് സ്കൂൾ എന്നിവിടങ്ങളിൽ പഠിച്ചു.

1957 മുതൽ 1985 വരെ കൊളത്തൂർ എ.എം.എൽ.പി. സ്കൂൾ അധ്യാപകനായിരുന്നു.