vm kuttyപുളിക്കൽ (മലപ്പുറം): മാപ്പിളപ്പാട്ടിന്‍റെ സൂര്യതേജസ്സ് വി.എം. കുട്ടി എന്ന വടക്കുംകര മുഹമ്മദ്കുട്ടി (87) അന്തരിച്ചു. ഹൃദയസംബന്ധമായ അസുഖത്തെത്തുടർന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലായിരുന്ന ഇദ്ദേഹം ബുധനാഴ്‌ച പുലർച്ചെ 5.20-നാണ് മരിച്ചത്. മാപ്പിളപ്പാട്ടിനെ സാമുദായികമായ ചുറ്റുമതിലിനു പുറത്തേക്ക് ആനയിച്ചത് അദ്ദേഹമാണ്.

മലപ്പുറം പുളിക്കൽ മുട്ടയൂരിലെ വടക്കുങ്ങര ഉണ്ണീൻ മുസ്‌ല്യാരുടെയും ചെറു പാലക്കാട് ഇത്താച്ചിക്കുട്ടിയുടെയും മകനായാണ് ജനനം.ഭാര്യമാർ: പരേതയായ ആമിനക്കുട്ടി, സുൽഫത്ത്, തിത്തുമ്മ. മക്കൾ: അഷ്റഫ്, മുബാറക്ക് (ബിസിനസ്), ബുഷറ, ഷഹർബാനു, സൽമാൻ (മാനേജർ, എൽ.ഐ.സി. തൃശ്ശൂർ), റഹ്‌മത്തുള്ള, ബർക്കത്തുള്ള (ഇരുവരും ഷാർജ), കുഞ്ഞിമോൾ. മരുമക്കൾ: സുബൈദ, ജുമൈല, അസീസ്, നാസർ, സുമയ്യ, ഷാഹിന, ഷമീമ, മുഹമ്മദ്‌കുട്ടി.

കൊണ്ടോട്ടി മോയിൻകുട്ടി വൈദ്യർ സ്മാരകത്തിൽ പൊതുദർശനത്തിനുവെച്ച മൃതദേഹം അഞ്ചുമണിയോടെ പുളിക്കൽ ജുമാഅത്ത് പള്ളി ഖബർസ്ഥാനിൽ ഖബറടക്കി. മാതൃഭൂമി ചെയർമാനും മാനേജിങ് എഡിറ്ററുമായ പി.വി. ചന്ദ്രനുവേണ്ടിയും മാനേജിങ് ഡയറക്ടർ എം.വി. ശ്രേയാംസ്‌ കുമാറിനുവേണ്ടിയും പുഷ്പചക്രം സമർപ്പിച്ചു.