മാപ്പിളപ്പാട്ടിന്റെ അക്കാദമികസാധ്യതകളെ പൊതുസമൂഹവുമായി പങ്കുവെച്ച കലാകാരനായിരുന്നു വി.എം. കുട്ടി. മാപ്പിളമാർ ഇന്നലെകളെ രേഖപ്പെടുത്താൻ മറന്നുപോയതിന്റെ ദുരിതം, പാട്ടുകളുടെ വരികൾ കിട്ടാതെ പാതിവഴിയിൽ പാട്ടുമുറിയുന്ന തന്റെ ബാല്യത്തിന്റെ അനുഭവവും മാപ്പിളപ്പാട്ടുകളും അടയാളപ്പെടണമെന്ന ബോധ്യം അദ്ദേഹത്തിൽ ഉണർത്തി.

എല്ലാം പകർത്തിയെഴുതുകയായിരുന്നു. അദ്ദേഹത്തിന്റെ ഗ്രന്ഥശേഖരത്തിൽ പകർത്തിയെഴുതിയ നൂറോളം പുസ്തകങ്ങൾ തന്നെയുണ്ട്. അറബിമലയാളത്തിൽ എഴുതിയതും അറബിമലയാളത്തിൽനിന്ന് മലയാളത്തിലേക്കു ലിപ്യന്തരണപ്പെടുത്തിയതുമായ അപൂർവരചനകളുടെ പകർപ്പുകൾ വൈദ്യർ അക്കാദമിയിലെ അറബിമലയാളം റിസർച്ച് ലൈബ്രറിയിലേക്കു നൽകിയാണ് വി.എം. കുട്ടി യാത്രയായത്.

വൈദ്യരുടെ ജന്മദേശത്ത് സ്‌മാരകമുയരണമെന്ന മാപ്പിളപ്പാട്ട് ആസ്വാദകരുടെ പതിറ്റാണ്ടിന്റെ അഭിലാഷത്തിനു കാലവിളംബം സംഭവിച്ചപ്പോൾ വൈക്കം മുഹമ്മദ്‌ബഷീർ, എൻ.പി. മുഹമ്മദ്, ടി. ഉബൈദ് തുടങ്ങിയവരുടെ നേതൃത്വത്തിൽ യോഗംചേർന്നത് വി.എം. കുട്ടിയുടെ പുളിക്കലിലെ വീട്ടിലാണ്.

ഒരധ്യാപകൻ എന്ന നിലയ്ക്കുള്ള അദ്ദേഹത്തിന്റെ ഇടപെടലുകൾ മാപ്പിളകലാ അക്കാദമിക്കു സഹായകവുമായി. മഹാകവി മോയിൻകുട്ടി വൈദ്യർ മാപ്പിളകലാ അക്കാദമി മാനേജ്മെന്റ് കമ്മിറ്റിയിലെ പ്രത്യേക ക്ഷണിതാവായിരുന്നു അദ്ദേഹം.

മികച്ചൊരു ചിത്രകാരനുമായിരുന്നു വി.എം. കുട്ടി. കല്യാണവീടുകളിലും ബീഡിതെറുപ്പുകാർക്കിടയിലും മാത്രം ഒതുങ്ങിനിന്ന മാപ്പിളപ്പാട്ടുകൾ സംഗീതോപകരണങ്ങളുടെ അകമ്പടിയോടെ പൊതുവേദികളിൽ അവതരിപ്പിക്കാനായി മാപ്പിളപ്പാട്ടുകൾ മാത്രം അവതരിപ്പിക്കുന്ന ഒരു ഗായകസംഘം രൂപവത്കരിച്ചത് അക്കാലത്ത് ഒരു പരീക്ഷണമായിരുന്നു. വി.എം. കുട്ടി ആൻഡ് പാർട്ടി എന്നപേരിൽ 1957-ലാണ് ഗായകസംഘമുണ്ടാക്കിയത്. മലയാളികൾക്കത് ആദ്യാനുഭവമായിരുന്നു. ഇതോടെയാണ് മാപ്പിളപ്പാട്ടുകൾക്ക് ജനകീയത കൈവന്നത്.

മാപ്പിളപ്പാട്ടുകളെക്കുറിച്ച് പഠനങ്ങളും ഗവേഷണവും നടത്തി ഗ്രന്ഥങ്ങൾ രചിക്കുകയും ആനുകാലിക പ്രസിദ്ധീകരണങ്ങളിൽ ലേഖനങ്ങൾ പ്രസിദ്ധീകരിക്കുകയുംചെയ്തു. ഈ ശ്രമങ്ങളെല്ലാം അദ്ദേഹത്തിലെ മാപ്പിളപ്പാട്ടിന്റെ ജനകീയത എന്ന ആശയാഭിലാഷമായിരുന്നു. മലയാളസർവകലാശാല കഴിഞ്ഞവർഷം അദ്ദേഹത്തിന് ഡി.ലിറ്റ് നൽകിയത് മാപ്പിളപ്പാട്ടിന് അദ്ദേഹം സമർപ്പിച്ച സമഗ്രസംഭാവനകളെ ആദരിച്ചായിരുന്നെങ്കിലും മാപ്പിളപ്പാട്ടുശാഖയ്ക്കു ലഭിച്ച ചരിത്രത്തിലാദ്യത്തെ എന്നു വിശേഷിപ്പിക്കാവുന്ന ആദരവുതന്നെയായി അത്.

(മഹാകവി മോയിൻകുട്ടി വൈദ്യർ മാപ്പിളകലാ അക്കാദമി സെക്രട്ടറിയാണ് ലേഖകൻ)