vm kuttyഒരു സമൂഹത്തിന്റെ ആചാരങ്ങളുടെയും അനുഷ്ഠാനങ്ങളുടെയും ഭാഗമായി മുസ്‌ലിം അകത്തളങ്ങളിൽമാത്രം അവതരിപ്പിക്കപ്പെട്ടിരുന്ന ഒരു കലാരൂപത്തിന്റെ ജനകീയവും മതനിരപേക്ഷവുമായ സാധ്യതകളെ തിരിച്ചറിഞ്ഞ്‌ ആ കലയെ പൊതുസമൂഹത്തിന്റെ മുന്നിലെത്തിച്ച ചരിത്രപുരുഷനാണ്‌ വി.എം.കുട്ടി.

മാപ്പിളപ്പാട്ട്‌ ഗാനമേള മത്സരങ്ങൾക്ക്‌ വളരെ പ്രചാരമുണ്ടായിരുന്ന ഒരു കാലത്ത്‌, വടകരയിൽ ഒരു മഹാഗാനമേള മത്സരം നടന്നു. ആ പാട്ടുമേള ഉദ്‌ഘാടനംചെയ്തത്‌ മലയാളത്തിന്റെ പ്രിയനടനായിരുന്ന പ്രേംനസീർ ആയിരുന്നു. ഏറ്റവും സുസംഘടിതമായ ഗായകസംഘത്തിനുള്ള ഒന്നാംസ്ഥാനം ലഭിച്ചത്‌ കുട്ടിമാസ്റ്ററുടെ സംഘത്തിനും. അന്നു വടകര ഒരുത്സവലഹരിയിലായി എന്നുപറയാം. എല്ലാ വഴികളിലൂടെയും ജനങ്ങൾ റെയിൽവേ മൈതാനിയിലേക്കെത്തി. അന്നുമുതലാണ്‌ ഞാൻ വി.എം. കുട്ടി എന്ന പേരു കേട്ടുതുടങ്ങിയത്‌. ഞാൻ സംഗീതത്തിന്റെ മറ്റൊരു വഴിയിലൂടെയാണ്‌ സഞ്ചരിച്ചത്‌. അതുകൊണ്ടുതന്നെ ഈയൊരു ധാരയെ വേണ്ടത്ര ശ്രദ്ധിച്ചിരുന്നില്ല, പരിഗണിച്ചിരുന്നില്ല എന്നല്ല അവഗണിക്കുകയും ചെയ്തിരുന്നു. അതെന്റെ മാത്രം അവസ്ഥയായിരുന്നില്ല. ശാസ്ത്രീയസംഗീതം അഭ്യസിക്കുന്നവർ ഇതര സംഗീതധാരകളെ വേണ്ടത്ര ശ്രദ്ധിച്ചിരുന്നില്ല എന്നതാണു സത്യം. ഇന്നും അതുതന്നെയാണ്‌ സ്ഥിതി.

കുട്ടിമാസ്റ്റർക്ക്‌ ഒരു പാട്ടിന്റെ ഉള്ളിന്റെയുള്ളിലെ മാപ്പിളത്വത്തെ കണ്ടുപിടിക്കാൻ കഴിയുമായിരുന്നു. അതാണദ്ദേഹത്തെ മറ്റു മാപ്പിളപ്പാട്ടുകാരിൽനിന്ന്‌ വ്യത്യസ്തനാക്കുന്ന ഘടകം. ആ കലയുടെ സൗന്ദര്യത്തെക്കുറിച്ചുള്ള കൃത്യവും വ്യക്തവുമായ ധാരണകളാണദ്ദേഹത്തെ അതിനു പ്രാപ്തനാക്കിയത്‌.

നാടിന്റെ നാനാഭാഗങ്ങളിൽ സഞ്ചരിക്കുമ്പോഴും മാസ്റ്ററുടെയും വിളയിൽ വത്സലയുടെയും ഫോട്ടോകൾ അച്ചടിച്ച നോട്ടീസുകളും പോസ്റ്ററുകളും കാണാൻ കഴിയുമായിരുന്നു. മടപ്പള്ളി ഹൈസ്‌കൂളിൽ അദ്ദേഹത്തിന്റെ ഒരു പരിപാടി നടന്നത്‌ ഓർക്കുന്നു. വാഹനങ്ങൾ വാടകയ്ക്കെടുത്ത്‌ ദൂരദേശങ്ങളിൽനിന്ന്‌ ആസ്വാദകർ പാട്ടുകേൾക്കാനായി വന്നു. ഒരു ഗാനപരിപാടിക്ക്‌ ഇത്രയും അനുവാചകരോ? എന്താണിതിന്റെ രഹസ്യം? സിനിമാപ്പാട്ടുകൾ അവതരിപ്പിക്കുന്ന ഗാനമേളകൾക്കുപോലും ലഭിക്കാത്ത ഒരു സ്വീകാര്യത എങ്ങനെയാണ്‌ മാപ്പിളപ്പാട്ട്‌ പരിപാടികൾക്കു ലഭിക്കുന്നത്‌? ഇതൊക്കെ അന്നു ഞാൻ ചിന്തിച്ചുപോയ കാര്യങ്ങളാണ്‌. പക്ഷേ, അതിൽ മുഖ്യമായ ഒന്ന്‌ കുട്ടിമാസ്റ്ററുടെ അവതരണശൈലിയുടെ പ്രത്യേകതകളാണ്‌. മാപ്പിളപ്പാട്ടിന്റെ പരമ്പരാഗതമായ ഇശലുകളെ കേരളീയ ജീവിതത്തിന്റെ നാനാഭാവങ്ങളിലേക്ക്‌ എങ്ങനെ പരിഭാഷപ്പെടുത്താം എന്ന്‌ മാസ്റ്റർ ആലോചിച്ചിട്ടുണ്ട്‌. പാട്ടുകളെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ ബോധവും ബോധ്യവും എനിക്കടുത്തറിയാം.

മലയാളത്തിലെ സമാന്തര സംഗീതധാരയാണ്‌ മാപ്പിളപ്പാട്ട്‌. മറ്റുപല ധാരകളും ആചാരാനുഷ്ഠാനങ്ങളിൽ മാത്രം ഒതുങ്ങിനിന്നപ്പോൾ മാപ്പിളപ്പാട്ട്‌ ആ ചട്ടക്കൂട്ടുകൾ ഭേദിച്ചു പുറത്തേക്കുവളർന്നു. ആ വളർച്ചയുടെ അടിസ്ഥാനം കുട്ടിമാസ്റ്ററുടെ സമീപനങ്ങളും കാഴ്‌ചപ്പാടുകളും പ്രവർത്തനങ്ങളുമാണെന്ന്‌ നിസ്സംശയം പറയാം.

(ചലച്ചിത്ര പിന്നണിഗായകനാണ്‌ ലേഖകൻ)