V M Kuttyകൊണ്ടോട്ടി: മാപ്പിളപ്പാട്ടിനൊപ്പം മലയാളി നെഞ്ചിലേറ്റിയ നാമമാണ് വി.എം. കുട്ടി. മാപ്പിളപ്പാട്ടുകൾ മലയാളക്കരയൊന്നാകെ മൂളാനും പാട്ടിനു ചെവിയോർക്കാനും തുടങ്ങിയത് വി.എം. കുട്ടി പാടിത്തുടങ്ങിയശേഷമാണ്.

മാപ്പിളപ്പാട്ടിനൊപ്പം വി.എം. കുട്ടിയും വി.എം. കുട്ടിക്കൊപ്പം മാപ്പിളപ്പാട്ടും വളർന്നു. ഗായകൻ, ഗാനരചയിതാവ്, മാപ്പിളപ്പാട്ട് ഗവേഷകൻ, ചരിത്രകാരൻ, ചിത്രകാരൻ, സംഗീതസംവിധായകൻ, ഹാർമോണിയം വിദ്വാൻ തുടങ്ങി സമസ്ത മേഖലകളിലും വിരാജിച്ച ഇശലുകളുടെ സുൽത്താൻ.

അഞ്ചാംക്ലാസ് പഠനത്തിന് കൊണ്ടോട്ടിയിലെത്തിയതോടെ, കൊടിമരത്തെ ബീഡിത്തെറുപ്പകാർക്കിടയിലെത്തി. നിമിഷകവികളും പാട്ടുകാരും നിറഞ്ഞ ബീഡിത്തെറുപ്പ് സദസ്സിലെ നിത്യസന്ദർശകനായിരുന്നു. വി.എം. കുട്ടി. മോയിൻകുട്ടി വൈദ്യരുടെ പാട്ടുകൾ തൊട്ടറിഞ്ഞത് ഇവിടെവെച്ചാണ്.

വൈദ്യരുടെ ശിഷ്യൻ അഹമ്മദ്കുട്ടിയുടെ സമകാലികനായിരുന്ന തോട്ടോളി മുഹമ്മദ് പ്രിയസുഹൃത്തായിരുന്നു. സേവാമന്ദിരത്തിലെ രാജേട്ടൻ മുഖേന ആകാശവാണിയിൽ മാപ്പിളപ്പാട്ട് അവതരിപ്പിക്കുന്നതിന് അവസരംലഭിച്ചത് വഴിത്തിരിവായി. ആകാശവാണിയിലെ കലാജീവിതത്തിൽ കെ. രാഘവൻ, തിക്കോടിയൻ, ഉറൂബ്, കെ.എ. കൊടുങ്ങല്ലൂർ, അക്കിത്തം, കെ.എം.കെ. കുട്ടി, എൻ.എൻ. കക്കാട് തുടങ്ങിയവരുമായുള്ള ചങ്ങാത്തം കലാജീവിതത്തിന് മാറ്റുകൂട്ടി.

രാമനാട്ടുകര സേവാമന്ദിരം സ്‌കൂളിൽ അധ്യാപന പരിശീലനത്തിൽ ചേർന്നതാണ് വി.എം. കുട്ടിയുടെ കലാജീവിതത്തിൽ വഴിത്തിരിവായത്. സ്‌കൂളിൽ മാസത്തിലൊരിക്കൽ നടക്കുന്ന സാഹിത്യസമാജത്തിൽ കഥാപ്രസംഗം അവതരിപ്പിക്കാനും അഭിനയിക്കാനും പാടാനുമൊക്കെ അവസരമുണ്ടായിരുന്നു. അധ്യാപകരിലൊരാളായ രാധാകൃഷ്ണമേനോൻ ആകാശവാണി ഉപദേശകസമിതി അംഗമായിരുന്നു. പാടാൻകഴിവുള്ള വിദ്യാർഥികളെ ആകാശവാണിയിലെ നാട്ടിൻപുറം പരിപാടിയിൽ അദ്ദേഹം പങ്കെടുപ്പിച്ചിരുന്നു. വി.എം. കുട്ടിക്കും ആകാശവാണിയിൽ അവസരം ലഭിച്ചു.

1957-ൽ അധ്യാപന പരിശീലനം പൂർത്തിയാക്കി സേവാമന്ദിരത്തിൽനിന്നു മടങ്ങിയെങ്കിലും ആകാശവാണിയുമായുള്ള ബന്ധം തുടർന്നു. ആകാശവാണിയിൽ മാപ്പിളപ്പാട്ടും ഭക്തിഗാനങ്ങളും സ്വന്തമായി അവതരിപ്പിച്ചുതുടങ്ങി.

അതേവർഷം മലപ്പുറത്ത് നടന്ന പ്രദർശനത്തിൽ ഗാനമേളയ്ക്കിടെ അരമണിക്കൂർ മാപ്പിളപ്പാട്ട് അവതരിപ്പിക്കാൻ ക്ഷണം ലഭിച്ചത് മറ്റൊരു വഴിത്തിരിവായി. അന്ന് അദ്ദേഹം കൊളത്തൂർ എ.എം.എൽ.പി. സ്‌കൂളിൽ പ്രഥമാധ്യാപകനാണ്. മുസ്‌ലിങ്ങളല്ലാത്ത കുട്ടികളെ കണ്ടെത്തി പാട്ട് മലയാളത്തിൽ എഴുതി പഠിപ്പിച്ചാണ് പരിപാടിയിൽ അവതരിപ്പിച്ചത്. സംഗീതോപകരണങ്ങൾ ഉപയോഗിച്ചുള്ള പരിപാടി ഹർഷാരവത്തോടെ സദസ്സ് ഏറ്റെടുത്തു. സംഗീതോപകരണങ്ങൾ ഉപയോഗിച്ചുള്ള അവതരണം മാപ്പിളപ്പാട്ടുകൾക്ക് വേഗത്തിൽ ജനകീയത കൈവരാൻ സഹായിച്ചു. വി.എം. കുട്ടിയെന്ന ഗായകന്റെയും സംഘത്തിന്റെയും ജൈത്രയാത്ര അവിടെ തുടങ്ങി.

തിരക്ക് കൂടിയതോടെ അധ്യാപന ജോലിയിൽനിന്ന് അവധിയെടുത്തു. കാഷ്വൽ ലീവും ലോസ് ആൻഡ് പേ ലീവുമെല്ലാമെടുത്ത് മുന്നോട്ടുപോയി. 1985-ലാണ് സർവീസിൽനിന്നു വിരമിച്ചത്.

അവസാനം ഏറ്റുവാങ്ങിയത് ഡി.ലിറ്റ് ബിരുദം

തിരൂർ: വി.എം. കുട്ടി മടങ്ങിയത് ഡോക്ടറേറ്റുമായിട്ടാണ്. തുഞ്ചത്തെഴുത്തച്ഛൻ മലയാളം സർവകലാശാലയുടെ പ്രഥമ ഡി.ലിറ്റ് ബിരുദമാണ് അദ്ദേഹം സ്വീകരിച്ചത്. മാപ്പിളപ്പാട്ടുമേഖലയിൽ ചെയ്ത സമഗ്ര സംഭാവനയെ മാനിച്ചാണ് ചാൻസലർ കൂടിയായ ഗവർണർ ആരിഫ് മുഹമ്മദ്ഖാൻ സർവകലാശാലയിൽ ഡി.ലിറ്റ് ബിരുദം നൽകി ആദരിച്ചത്.

ഡി.ലിറ്റ് ബിരുദം സ്വീകരിച്ചപ്പോൾ അദ്ദേഹത്തിന്റെ കണ്ണുകൾ നിറഞ്ഞിരുന്നു. ഗവർണർ ആരിഫ് മുഹമ്മദ്ഖാൻ അദ്ദേഹത്തോട് ഏറെനേരം സുഖവിവരങ്ങൾ ചോദിച്ചറിഞ്ഞു. മലയാളസർവകലാശാല മാപ്പിളപ്പാട്ടുകളെയും മലയാളികളെയുമാണ് ആദരിച്ചതെന്നാണ് അന്ന് വി.എം. കുട്ടി പ്രസംഗിച്ചത്.

വി.എം. കുട്ടിയുടെ വിയോഗം തീരാനഷ്‌ടമാണെന്ന് അനുശോചന സന്ദേശത്തിൽ മലയാളസർവകലാശാലാ വൈസ് ചാൻസലർ ഡോ. അനിൽ വള്ളത്തോൾ പറഞ്ഞു.