അന്നിരുപത്തൊന്നിൽ നമ്മളിമ്മലയാളത്തില്

ഒന്നുചേർന്നു വെള്ളയോടെതിർത്തു നല്ല മട്ടില്

ചത്തുപോയ ഹിച്ച്കോക്ക് സായിപ്പിന്റെ സ്‌മാരകം

ചാത്തനെ കുടിവെച്ചപോലെ ആ ബലാലിൻ സ്‌മാരകം

രാജ്യസ്‌നേഹം വീറുകൊണ്ട ധീരരുണ്ടീ നാട്ടില്

രക്ഷവേണമെങ്കിൽ മണ്ടിക്കോട്ടവർ ഇംഗ്ലണ്ടില്”

vm kuttyമൂവന്തിനേരത്ത് നാട്ടുവഴികളിലൂടെ ചൂട്ടുംകത്തിച്ച് നടന്നുപോകുമ്പോൾ ഒരുകാലത്ത് ഏറനാടൻ മാപ്പിളമാർ ഈണത്തിൽ പാടിയ പാട്ട്. ബ്രീട്ടീഷുകാർക്കെതിരേ സ്വാതന്ത്ര്യബോധം ജനിപ്പിക്കാൻ വിപ്ലവകവി കമ്പളത്ത് ഗോവിന്ദൻ നായർ എഴുതിയ വരികൾ പാടി ഒരുകൂട്ടം ഖദർധാരികൾ പുറപ്പെടുകയാണ്. ബ്രിട്ടീഷ് ഉദ്യോഗസ്ഥൻ ഹിച്ച്കോക്കിന്റെ മോങ്ങം വളുവമ്പ്രത്തുള്ള സ്‌മാരകം പൊളിക്കാൻ. സമരക്കാർ പുളിക്കലിലെത്തിയപ്പോൾ പാട്ടുകമ്പം മൂത്ത വി.എം. കുട്ടിയും അവർക്കൊപ്പംകൂടി. പാട്ടുമുഴുവൻ കേട്ടുപഠിച്ചു. ഈ വരികളുടെ ഊർജവും ആവേശവുമാണ് വടക്കുങ്ങര മുഹമ്മദ്കുട്ടിയെന്ന വി.എം. കുട്ടിയെ ഇശൽവഴിയിലെ വിപ്ലവപ്പാട്ടുകാരനാക്കിയത്. പിന്നീട് ഈ പാട്ട് ഒട്ടേറെ വേദികളിൽ അദ്ദേഹം പാടി. മുസ്‌ലിംവീടുകളിൽ മാത്രം ഒതുങ്ങിയ മാപ്പിളപ്പാട്ടുകളെ അദ്ദേഹം ജനകീയമാക്കി. ജന്മി-കുടിയാൻ സമരചരിതങ്ങൾ പാടിപ്പറഞ്ഞ് പാർട്ടി വേദികളിൽ താരമായി. ജീവിതവഴികളിലെല്ലാം അദ്ദേഹം ഇടതുപക്ഷത്തോടൊപ്പമായിരുന്നു.

ഇടതുപ്രേമവും ചെന്താരയും

1954-ൽ ഹൈസ്‌കൂൾ പഠനം കഴിഞ്ഞപ്പോൾത്തന്നെ അദ്ദേഹത്തിന് ഇടതുപ്രേമം തുടങ്ങിയിരുന്നു. അന്നു കുറച്ചു ചെറുപ്പക്കാർചേർന്ന് നാടുവാഴികൾക്കെതിരേ പ്രതികരിക്കാൻ പുളിക്കലിൽ യുവജന വായനശാലയുണ്ടാക്കി. വി.എം. കുട്ടി അതിന്റെ പ്രസിഡന്റായി. അക്കാലത്ത് കിട്ടാനുള്ള പണംചോദിച്ചതിനു നാട്ടുപ്രമാണി ഒരു സാധാരണക്കാരന്റെ ചായക്കട അടിച്ചുകർത്തു. ഒട്ടേറെ പാവങ്ങളെ കുടിയൊഴിപ്പിച്ചു. പാർട്ടി സഖാക്കളുമായിച്ചേർന്ന് ഇതിനെ പ്രതിരോധിച്ചു. ഒടുവിൽ നാടുവഴികൾ പത്തിമടക്കി. ഈ സംഭവമാണ് വി.എം. കുട്ടിയെ കമ്യൂണിസ്റ്റ് പാർട്ടിയോടടുപ്പിച്ചത്.

1971-ൽ തിരൂരിൽ നടന്ന മാർക്‌സിസ്റ്റ് പാർട്ടിയുടെ ജില്ലാ സമ്മേളനത്തിനുശേഷം പുളിക്കൽ ബ്രാഞ്ച് കമ്മിറ്റിയിൽ ഒരു നിർദേശംവന്നു. പാർട്ടിക്കു സ്വന്തമായി ഒരു ക്ലബ്ബ് വേണം. അങ്ങനെ ബ്രാഞ്ച് യോഗം ചേർന്ന് വി.എം. കുട്ടിയെ പ്രസിഡന്റാക്കി ‘ചെന്താര’ തിയേറ്റേഴ്‌സുണ്ടാക്കി. സംഗീതസംവിധായകൻ ബാബുരാജിനൊപ്പം വിളയിൽ വത്സലയും വി.എം. കുട്ടിയും അവതരിപ്പിക്കുന്ന ഗാനമേളയോടെയായിരുന്നു ക്ലബ്ബ് ഉദ്ഘാടനം. കൊണ്ടോട്ടി ഖാസിയാരകം പള്ളിക്കു സമീപത്തെ സ്‌കൂളായിരുന്നു വേദി. ഗാനമേള പള്ളിയിലെ പ്രാർഥന തടസ്സപ്പെടുത്തുമെന്നുപറഞ്ഞ് ഒരുവിഭാഗം സംഘടിച്ചു. ചുവന്ന ബാഡ്‌ജ്‌ ധരിച്ച സഖാക്കൾ ഇവർക്കു കാവൽനിന്നു. ഒടുവിൽ എം.എസ്.പി. സേനയെത്തിയതോടെ തടയാൻ വന്നവർ ചിതറിയോടി. നിമിഷങ്ങൾക്കകം സ്‌കൂൾ അങ്കണം നിറഞ്ഞു. വി.എം. കുട്ടിയും വിളയിൽ വത്സലയും ചേർന്ന് ചെന്താര തിയേറ്റേഴ്സിന്റെ വിപ്ലവഗാനം പാടി. “വരികയായ്..ഞങ്ങൾ വരികയായ്.. നവ വിപ്ലവത്തിൻ കാഹളം മുഴക്കുവാൻ”.

പാർട്ടി വേദികളിലെ പാട്ടുകാരൻ

ജന്മിമാർക്കും നാടുവാഴികൾക്കുമെതിരായ സമരപോരാട്ടങ്ങൾക്ക് ആവേശംപകരുന്ന പാട്ടുകൾ പാടിയായിരുന്നു വി.എം. കുട്ടിയുടെ പാട്ടുജീവിതത്തിന്റെ തുടക്കം. പിന്നീടു തിരഞ്ഞെടുപ്പിന്റെ ഓളമായി പാട്ടുകൾ മാറിയതോടെ ഇടതുവേദികളിൽ അദ്ദേഹം നിറസാന്നിധ്യമായി. ടി.കെ. ഹംസയുടെ പ്രസംഗവും വി.എം. കുട്ടിയുടെ പാട്ടുമുണ്ടായാൽ തിരഞ്ഞെടുപ്പ് പ്രചാരണവേദികളിൽ ആളുകൾ കൂടുന്ന കാലം. 2004-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ മഞ്ചേരിയിലെ ടി.കെ. ഹംസയുടെ വിജയത്തിനുപിന്നിൽ വി.എം. കുട്ടിയുടെ പാട്ടുകളുമുണ്ടായിരുന്നു. ഒരു തിരഞ്ഞെടുപ്പുകാലത്ത് കോൺഗ്രസിനെ നിശിതമായി വിമർശിച്ച് അദ്ദേഹം പാടി. ‘‘ഉപ്പിന് നികുതി മുളകിന് നികുതി... കുപ്പേലുള്ളാരു ചേമ്പിന് നികുതി... കോഴിക്ക് നികുതി പൂച്ചയ്ക്ക് നികുതി.. പള്ളേലുള്ളൊരു കുഞ്ഞിന് നികുതി.. എന്നിട്ടും പറയണ് പറയണ് ... കോൺഗ്രസ് ഭരണം നന്നെന്ന്”.