തിരക്കെന്ന അശ്രദ്ധയില്‍ റോഡില്‍ ഓരോ നിമിഷവും പൊലിയുന്നത് എത്ര ജീവനുകളാണ്. രണ്ടുമിനിറ്റ് മാത്രമുള്ള 'തിരക്ക്' എന്ന ഹ്രസ്വചിത്രം വിരല്‍ചൂണ്ടുന്നത് ഇതിലേക്കാണ്.
സര്‍വീസിലെത്തുംമുമ്പ് ഏറെക്കാലം ഓട്ടോ ഡ്രൈവറായിരുന്ന തൃശ്ശൂര്‍ വെസ്റ്റ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ സലീഷ് എന്‍ ശങ്കരന്‍ ചിത്രത്തിനായി വീണ്ടും പഴയ ഡ്രൈവര്‍ കാക്കിയണിഞ്ഞു.
ജോബി ചുവന്നമണ്ണ് നിര്‍മാണവും സംവിധാനവും നിര്‍വഹിച്ച ചിത്രത്തിന്റെ പ്രധാന പ്രമേയം സീബ്രാലൈന്‍ ആണ്. ആറുമാസത്തോളം നിര്‍മാതാവിനെ തേടി അലഞ്ഞെങ്കിലും ഫലമുണ്ടായില്ല. പിന്നെ രാപകല്‍ ഓട്ടോ ഓടിച്ച് കിട്ടിയതില്‍നിന്ന് സ്വരുകൂട്ടിയതുവെച്ചാണ് ചിത്രം നിര്‍മിച്ചത്.
മുമ്പും ഉയര്‍ന്ന പോലീസ് ഉദ്യോഗസ്ഥരെയടക്കം കഥാപാത്രങ്ങളാക്കി ജോബി സിനിമകള്‍ ചെയ്തിട്ടുണ്ട്. തൃശ്ശൂര്‍ ടൗണിലാണ് ജോബി ഓട്ടോ ഓടിക്കുന്നത്. വിഷയം റോഡ് സുരക്ഷയായതിനാല്‍ കൂടുതല്‍ ആളുകളിലേക്ക് എത്തിക്കാന്‍ പോലീസിന്റെ സഹായം തേടി. കമ്മിഷണര്‍ യതീഷ് ചന്ദ്ര പിന്തുണയുമായി എത്തിയിട്ടുണ്ട്.

കുമാര്‍ സേതുവും, കഴിഞ്ഞ പ്രളയകാലത്ത് നാവികസേന രക്ഷിച്ച പൂര്‍ണഗര്‍ഭിണിയായിരുന്ന സജിത മകനോടൊപ്പവും സിനിമയുടെ ഭാഗമായി. നജാസ് പ്ലേസ്‌കൂള്‍ വിദ്യാര്‍ഥികളും സിനിമയിലുണ്ട്. സ്‌കൂളുകള്‍, കെ.എസ്.ആര്‍.ടി.സി, റെയില്‍വേ സ്റ്റേഷനുകള്‍, തിയേറ്ററുകള്‍ വഴിയൊക്കെ കൂടുതല്‍ ആളുകളില്‍ എത്തിക്കാനാണ് ശ്രമം.
സലീഷ് എന്‍. ശങ്കരനാണ് കഥ. ക്യാമറ നിധിന്‍ തളിക്കുളം. എഡിറ്റിങ് ആനന്ദ് ബോധ്. കമ്മിഷണര്‍ സി.ഡി. പ്രകാശനം നിര്‍വഹിച്ചു. കേരള പോലീസിന്റെ സൈറ്റ് വഴി ഒട്ടേറേ പേര്‍ ചിത്രം കണ്ട് നല്ല അഭിപ്രായം പങ്കുവയ്ക്കുന്നുണ്ട്.
Content Highlights: Thirakku Short Film, traffic awareness, thrissur based auto driver Joby Chuvannamannu