മാനസികാരോ​ഗ്യം പ്രമേയമാക്കി ഒരുക്കിയ ടാസെൻഡ എന്ന ഹ്രസ്വചിത്രം ശ്രദ്ധ നേടുന്നു. ലോക്ഡൗൺ കാലത്ത് പരിമിതികൾക്കുള്ളിൽ നിന്ന് പൂർത്തീകരിച്ച ചിത്രത്തിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത് അനഘ അശോക് ആണ്.

ഒറ്റപ്പെടൽ നൽകുന്ന ആഘാതത്തിൽ തന്നെ കേൾക്കാൻ ആരുമില്ലെന്ന അവസ്ഥ ചിന്തിക്കാവുന്നതിനും അപ്പുറമാണ്. ജീവിതത്തിരക്കുകൾക്കിടയിലും പ്രിയപ്പെട്ടവർക്ക് നല്ല കേൾക്കിക്കാരനോ കേൾവിക്കാരിയോ ആവേണ്ട പ്രാധാന്യത്തെക്കുറിച്ചും അവരെ ചേർത്തു പിടിക്കേണ്ട ആവശ്യകതയെക്കുറിച്ചും ചിത്രം പറയുന്നു. 

വിഷാദത്തിലേക്ക് കൂപ്പു കുത്തുന്ന അവസ്ഥയിൽ അവർക്ക് പറയാനുള്ളത് കേൾക്കാൻ തയ്യാറാവാതെ നിനക്ക് ഇപ്പൊ എന്താ പ്രശ്‌നം, എന്തിന്റെ കുറവാ, എന്നുള്ള ഉപദേശങ്ങളോ, നിനക്ക് വട്ടാണ് ഓരോ ഭ്രാന്ത് എന്നുള്ള പരിഹാസങ്ങളോ എറിയുന്നവർക്കുള്ള ചില ഓർമപ്പെടുത്തലുകൾ കൂടിയാണ്  ഈ ചിത്രം. 

മിലൻ കെ മനോജ് ആണ് സംവിധാനം. ആദർശ് കൃഷ്ണദാസ്, പ്രണവ് കൃഷ്ണൻ എന്നിവർ ചേർന്നാണ് കഥയും തിരക്കഥയും. ഛായാ​ഗ്രാഹണം മിലൻ കെ മനോജ്, സഫാൻ എംസി. 

Content Highlights : Tacenda Malayalam Short Film on mental health