വാഗതനായ അനില്‍ ലാല്‍ കഥയും സംവിധാനവും ചെയ്യുന്ന സുഗന്ധി എന്ന ഹ്രസ്വചിത്രം ശ്രദ്ധനേടുന്നു. ഷിബു എന്ന ഒരു ഇലക്ട്രീഷ്യന്റെ ജീവിതത്തിലൂടെയാണ് ചിത്രം സഞ്ചരിക്കുന്നത്. റബ്ബര്‍ ടാപ്പിംഗ് അടക്കം ഒരു വീട്ടിലെ സര്‍വ്വജോലിയും ചെയ്യുന്ന സുഗന്ധിയുടെ വിയര്‍പ്പിന്റെ ഗന്ധം ഷിബുവിന് ഇഷ്ടമല്ല. ഇത് അയാളുടെ കുടുംബജീവിതത്തെ പ്രതികൂലമായി ബാധിക്കുന്നു. മകളെ ഓര്‍ത്ത് സുഗന്ധി ഭര്‍ത്താവിന്റെ അവഗണന സഹിച്ചു നില്‍ക്കുന്നു.

ഒരുദിവസം ഒരു വലിയ വീട്ടില്‍ ജോലിക്കു പോയപ്പോള്‍ പൂക്കളുടെ ഗന്ധമുള്ള ഒരു യുവതി ഷിബുവിന്റെ സ്വപ്നങ്ങളിലേക്ക് കടന്ന് വരുന്നു. അവള്‍ സമ്മാനിച്ച അവളുടെ പെര്‍ഫ്യൂമിന്റെ ഗന്ധത്തിലൂടെ അവള്‍ ഷിബുവിനെ സന്തോഷവാനാക്കുന്നു. സുഹൃത്ത് സണ്ണിയും ഷിബുവിന്റെ വാക്കുകളിലൂടെ അവളുടെ ഗന്ധം ആസ്വദിക്കുന്നുണ്ട്. സ്വന്തം മുറ്റത്തെ മുല്ലയുടെ മണമറിയാതെ പോയ ഷിബുവിന് പിന്നീട് കാണേണ്ടി വരുന്ന കാഴ്ചകളും അതയാളില്‍ ഉണ്ടാക്കുന്ന മാറ്റങ്ങളും ആണ് ചിത്രം പറയുന്നത്. 

സന്തോഷ് അണിമയാണ് ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്യുന്നത്.ഷൈലജ പി അംബു, ലിജോ ഉലഹന്നാന്‍, സജത്ത് ബ്രൈറ്റ്, മൃഥുല മോഹന്‍, വിനയ്, വിപിന്‍ എസ് നായര്‍ തുടങ്ങിയവരാണ് ചിത്രത്തിലെ അഭിനേതാക്കള്‍. സംഗീതം- സന്ദീപ് സജീവ, എഡിറ്റര്‍- അരുണ്‍ വൈഗ, ആര്‍ട്ട്- ശരത്ത് ലാല്‍, മേക്കപ്പ്- മീര മാക്സ്, കോസ്റ്റ്യൂം- മൃഥുല, സൗണ്ട് ഡിസൈന്‍- അരുണ്‍ രാമവര്‍മ്മ, പി.ആര്‍.ഒ - പി.ശിവപ്രസാദ്, വൈശാഖ് സി വടക്കേവീട് എന്നിവരാണ് മറ്റ് അണിയറ പ്രവര്‍ത്തകര്‍.

Content Highlights: Sugandhi Malayalam Short Film, Lijo Ulahannan, Shylaja P Ambu, Anil Lal, Santhosh Anima, Arun Vaiga