സംവിധാനം വില്ലേജ് ഓഫീസര്‍. അഭിനയിക്കുന്നത് ഗ്രാമപഞ്ചായത്ത് പ്രസിഡന്റും ജനപ്രതിനിധികളും മെഡിക്കല്‍ ഓഫീസറും റവന്യൂ ഉദ്യാഗസ്ഥരും. കൈകാര്യം ചെയ്യുന്ന വിഷയം നാട്ടില്‍ തിരിച്ചെത്തുന്ന പ്രവാസികളുടെ ക്വാറന്റൈന്‍ കാലവും. പിന്നണിയിലാകട്ടെ പ്രവാസികളും, മാധ്യമപ്രവര്‍ത്തകരടക്കമുള്ളവരും. ഇത്തരത്തില്‍ വ്യത്യസ്തമായ കൂടിച്ചേരലുകള്‍ കൊണ്ട് ശ്രദ്ധേയമാണ് 'ക്വാറന്റയിന്‍ @ കൊടിയത്തൂര്‍' എന്ന ഷോര്‍ട്ട് ഫിലിം.
കോഴിക്കോട് ജില്ലയിലെ കൊടിയത്തൂര്‍ ഗ്രാമപഞ്ചായത്തും വില്ലേജ് ഓഫീസും ആരോഗ്യ വകുപ്പും കൈകോര്‍ത്താണ് ഹ്രസ്വചിത്രം തയ്യാറാക്കിയത്. കോവിഡ് വ്യാപനത്തെ തുടര്‍ന്ന് നാടണയുന്ന പ്രവാസികളെ മാറ്റി നിര്‍ത്തുന്നതിനെതിരെ ശക്തമായ ബോധവല്‍ക്കരണമാണ് സിനിമയിലൂടെ ഇവര്‍ നടത്തുന്നത്. ഒരു പ്രവാസി സ്വന്തം വീട്ടിലേക്ക് ക്വാറന്റൈനില്‍ കഴിയാന്‍ വരുന്നതും തുടര്‍ന്ന് നടക്കുന്ന സംഭവങ്ങളുമാണ് ചിത്രത്തിലുള്ളത്.
അഞ്ച് മിനിറ്റ് ദൈര്‍ഘ്യമുള്ള ഷോര്‍ട്ട് ഫിലിം സംവിധാനം ചെയ്തത് കൊടിയത്തൂര്‍ വില്ലേജ് ഓഫീസര്‍ എന്‍ ശിവശങ്കരനാണ്. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സി ടി സി അബ്ദുള്ള, മെഡിക്കല്‍ ഓഫീസര്‍ ഡോ. എന്‍ മനുലാല്‍, മുന്‍ പഞ്ചായത്ത് പ്രസിഡന്റ് സുജ ടോം, ഗ്രാമപഞ്ചായത്തംഗം സാറ ടീച്ചര്‍, പൊതുജന സേവാകേന്ദ്രം ജീവനക്കാരി ധന്യ ഷാനു, വില്ലേജ് ഓഫീസ് ജീവനക്കാര്‍, പ്രദേശവാസികളായ ജസാ, ശിഹാന്‍ ഖാലിദ് എന്നീ തുടങ്ങിയവരാണ് അഭിനേതാക്കള്‍. വീഡിയോ ജേര്‍ണലിസ്റ്റ് റഫീഖ് തോട്ടുമുക്കവും പ്രവീണ്‍ മുക്കവുമാണ് ചേര്‍ന്നാണ് ഛായാഗ്രഹണം നിര്‍വഹിച്ചത്. ഹബീബിയും നിജിന്‍ നവാസുമാണ് എഡിറ്റിംഗ്. പശ്ചാത്തല സംഗീതം വിനോദ് നിസരി. വ്യവസായിയും പ്രവാസിയുമായ റസാഖ് കൊടിയത്തൂരാണ് നിര്‍മ്മാണം.
ചിത്രത്തിന്റെ യൂട്യൂബ് റിലീസ് കളക്ടറേറ്റില്‍ നടന്ന ചടങ്ങില്‍ ജില്ലാ കലക്ടര്‍ സാംബശിവറാവു നിര്‍വഹിച്ചു. ചിത്രത്തിന്റെ മുന്നണിയിലും പിന്നണിയിലും പ്രവര്‍ത്തിച്ചവര്‍ പങ്കെടുത്തു. ഓണ്‍ലൈന്‍ റിലീസ് ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. കെ ടി ജലീല്‍ തിരുവനന്തപുരത്ത് നിര്‍വഹിച്ചു.
Content Highlights: Quarantine @ Kodiyathur, New Malayalam Short Film