കുട്ടികൾക്കെതിരായ ലൈംഗിക അക്രമങ്ങൾക്കെതിരെയുള്ള സന്ദേശം നൽകുന്ന ഹ്രസ്വചിത്രം സംവിധാനം ചെയ്ത ആറാം ക്ലാസുകാരിക്ക് സമ്മാനവുമായി മണിയൻപിള്ള രാജു. തിരുവനന്തപുരം ശ്രീനാരായണ പബ്ലിക് സ്കൂൾ വിദ്യാർത്ഥിനി മെഹ്റിൻ ഷെബീർ സംവിധാനം ചെയ്ത പാഠം ഒന്ന് പ്രതിരോധം എന്ന ഹ്രസ്വചിത്രം വലിയ ശ്രദ്ധ നേടിയിരുന്നു. ‌

ചിത്രം കണ്ട് ഇഷ്ടപ്പെട്ട മണിയൻപിള്ള രാജു മെഹ്റിനുമായി ഫോണിൽ സംസാരിക്കുകയും അഭിനന്ദനം അറിയിക്കുകയും ചെയ്തു. ഇതുപോലെ സാമൂഹിക പ്രതിബദ്ധതയുള്ള സന്ദേശം നൽകുക എന്ന ലക്ഷ്യത്തോടെയുള്ളതാണെങ്കിൽ മെറിന്റെ അടുത്ത ചിത്രം താൻ നിർമിക്കുമെന്ന് മണിയൻ പിള്ള രാജു പറഞ്ഞു.

മലയാള സിനിമയിലെ വൻ ഹിറ്റു സിനിമകളുടെ നിർമ്മാതാവിൽനിന്ന് ഇങ്ങനെ ഒരു വാഗ്ദാനം കിട്ടിയതിൽ സന്തോഷമുണ്ടെന്ന് കൊച്ചു സംവിധായിക മെഹ്റിൻ ഷെബീർ പറഞ്ഞു. സാമൂഹ്യ പ്രസക്തിയുള്ള ഒരു വിഷയവുമായി അദ്ദേഹത്തിൻ്റെ അടുത്ത് പോകാനുള്ള ഒരുക്കത്തിലാണ് മെഹ്റിൻ. ഒപ്പം മണിയൻപിള്ള രാജു നിർമ്മിച്ച് ഓണത്തിന് ചാനലിൽ സംപ്രേക്ഷണം ചെയ്യുന്ന ഫൈനൽസ് എന്ന സിനിമ കാണാൻ കാത്തിരിക്കുകയും ചെയ്യുന്നു.

5 മിനിട്ട് ദൈർഘ്യമുള്ള ഈ ഹ്രസ്വചിത്രം മെഹ്റിൻ്റെ യൂട്യൂബ് ചാനലിലൂടെയാണ് പുറത്തിറക്കിയിരിക്കുന്നത്. മെഹ്റിൻ തന്നെയാണ് ചിത്രത്തിൽ അഭിനയിച്ചിരിക്കുന്നത്. ക്യാമറയും എഡിറ്റിംഗും മെഹ്റിൻ്റെ സഹോദരൻ അഫ്നാൻ റെഫി നിർവഹിച്ചിരിക്കുന്നു. സുരേഷ് പുന്നശ്ശേരിൽ, തൻവീർ അബൂബക്കർ എന്നിവർ ചേർന്നാണ് ഹ്രസ്വചിത്രം നിർമ്മിച്ചിരിക്കുന്നത്. സ്മിത ആൻ്റണി സംഗീതം. അസോസിയേറ്റ് ഡയറക്ടർ ദുൽഫൻ റെഫി. വിഷ്ണു രാംദാസ് ആണ് ഡിസൈനർ. പ്രൊഡക്ഷൻ കൺട്രോളർ എസ് മുരുഗൻ. ക്രിയേറ്റിവ് കോൺട്രിബ്യൂഷൻ മുഹമ്മദ് റിഷിൻ.

കേന്ദ്ര സാമൂഹിക നീതി-ശാക്തീകരണ വകുപ്പ് മന്ത്രി രാംദാസ്ആത്തവലെയും മെഹ്‌റിന് അഭിനന്ദനക്കത്ത് അയച്ചു.  നവലോകം നേരിടുന്ന ഏറ്റവും പ്രധാന വെല്ലുവിളിയായ  ശിശുദ്രോഹത്തിനെതിരെ ശക്തമായ പ്രതികരണമായി 'പാഠം ഒന്ന് പ്രതിരോധം ' എന്ന ചിത്രം നില കൊള്ളുന്നതായി അദ്ദേഹം അഭിപ്രായപ്പെടുന്നു. 

കുട്ടികൾക്കെതിരെ നടക്കുന്ന ലൈംഗികാതിക്രമങ്ങളെപ്പറ്റിയുള്ള വാർത്തകൾ ദിനേന മാധ്യമങ്ങളിൽ കാണുന്നുണ്ടെന്നും അതാണ് ഹ്രസ്വചിത്രത്തിലേക്ക് വഴി തെളിച്ചതെന്നും മെഹ്റിൻ പറയുന്നു. ഇത്തരം കേസുകളിൽ ശിക്ഷിക്കപ്പെടുന്നത് വളരെ അപൂർവം പ്രതികൾ മാത്രം. ജയിലിലാവട്ടെ നല്ല ഭക്ഷണവും സുഖജീവിതവും. സ്വയം തയ്യാറെടുക്കുകയും ആക്രമണങ്ങളെ സ്വയം പ്രതിരോധിക്കുകയും ചെയ്യാൻ ചെറുപ്രായത്തിൽ തന്നെ പെൺകുട്ടികൾ പ്രാപ്തരാവണം എന്നതാണ് താൻ പങ്കു വെയ്ക്കുന്ന ആശയം എന്നും കുട്ടി വിവരിക്കുന്നു.

Content Highlights: PADAM 1 PRATHIRODHAM short film against child sexual abuse, Mehrin Shabeer, Maniyanpilla Raju appreciates