ഒരു മനുഷ്യനെ സംബന്ധിച്ച് അയാളുടെ സ്വത്വം എന്ന് പറയുന്നത് വളരെ വിലപ്പെട്ടതാണ്. എന്നാൽ ആ സ്വത്വത്തെ സമൂഹം ചോദ്യം ചെയ്താൽ, അതിന്റെ പേരിൽ അയാളെ കുറ്റവാളിയും വിലക്കപ്പെട്ടവനുമായി മുദ്ര കുത്തിയാൽ. അങ്ങനെ മറ്റുള്ളവരുടെ വിധിയെഴുത്തിനെ ഭയക്കേണ്ടി വരുന്ന മനുഷ്യരുടെ ആന്തരിക സംഘർഷങ്ങളെ പ്രതിനിധാനം ചെയ്യുകയാണ് പ്യൂപ്പ എന്ന ഹ്വസ്വചിത്രം. ഫയാസ് ജഹാൻ സംവിധാനം ചെയ്ത ഈ ചെറുസംരംഭം സാമൂഹിക മാധ്യമങ്ങളിൽ വലിയ ചർച്ചയായി കഴിഞ്ഞു. വെറും 11 മിനിറ്റ് ദെെർഘ്യമുള്ള പ്യൂപ്പ മികച്ച സന്ദേശമാണ് നൽകുന്നത്. ചിത്രത്തെക്കുറിച്ച് ഫയാസ് ജഹാൻ മാതൃഭൂമി ഡോട്ട്കോമുമായി സംസാരിക്കുന്നു.
''ഒരു ഫോട്ടോഗ്രഫി കൺസപ്ടായിരുന്നു ആദ്യം മനസ്സിലുണ്ടായിരുന്നത്. പിന്നീടാണ് ആ ആശയത്തിൽ മൂവിങ് വിഷ്വൽസിന് വല്ലാത്ത സാധ്യതയുണ്ടെന്ന് മനസ്സിലാകുന്നത്. ഇതെക്കുറിച്ച് എന്റെ അടുത്ത സുഹൃത്തായ ജാബിർ നൗഷാദിനോട് പറഞ്ഞു. ജാബിറാണ് ചിത്രത്തിൽ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്. ഏകദേശം ഒന്നര വർഷങ്ങൾക്ക് മുൻപാണിത്. എന്റെ മനസ്സിലുള്ള കൺസപ്ട് പൂർണമായും ജാബിർ മനസ്സിലാക്കുകയും എനിക്കൊപ്പം നിൽക്കുകയും ചെയ്തു. പത്ത് മാസത്തിന് മേലേ സമയമെടുത്താണ് ഞങ്ങൾ തിരക്കഥ എഴുതിയത്. നാല് ഡ്രാഫ്റ്റുകൾ എഴുതി, അവസാനത്തേതാണ് പ്യൂപ്പയാകുന്നത്. എന്റെ സുഹൃത്തുക്കളുമായി ധാരാളം ചർച്ചകൾ ചെയ്തു.
ഈ ലോകം വെെവിധ്യങ്ങൾ നിറഞ്ഞതാണ്. നാനാതരത്തിലുള്ള മനുഷ്യരുണ്ട്. നൂനപക്ഷമായി നിൽക്കുന്ന (ലിംഗത്തിന്റെ പേരിൽ) മനുഷ്യരെ മറ്റുള്ളവർ പെട്ടന്ന് സ്വീകരിക്കുകയില്ല. അവരെ തെറ്റുകാരായി കാണുന്നു. അതിനെതിരേയുള്ള സന്ദേശമാണ് പ്യൂപ്പ നൽകുന്നത്. കാഴ്ചയിൽ അല്ല കാഴ്ചപ്പാടിലാണ് പ്രശ്നമെന്ന് പറയാറില്ലേ. എന്റെ ആദ്യ സംവിധാന സംരഭമാണിത്. സിനിമ വളരെ സ്വാധീനമുള്ള ഒരു മാധ്യമം കൂടിയാതിനാൽ അതിലൂടെ സമൂഹത്തിന് നല്ലൊരു സന്ദേശം നൽകാൻ സാധിച്ചതിൽ അതിയായ സന്തോഷം തോന്നുന്നു. ''
ജാബിർ നൗഷാദിനൊപ്പം ദേവകി രാജേന്ദ്രനും ചിത്രത്തിൽ വേഷമിടുന്നു. ഗൂസ്ബെറി എന്റർടൈൻമെന്റ്സിന്റെ ബാനറിൽ ജിഹാസ് ജഹാനാണ് ചിത്രം നിർമിച്ചിരിക്കുന്നത്. ഛായാഗ്രഹണം- അഖിൽ, എഡിറ്റിങ്- ഷിബിൻ കെ. ചന്ദ്രൻ, ആർട്-നിഥിൻ.
Content Highlights: P𝗨𝗣𝗔 a reverie of rebirth Malayalam short film Fayas jahan Devaki rajendran Jabir Noushad