ഗോത്രവർഗ സംസ്കാരങ്ങളിലെ ആദ്യകാല വിദ്യാഭ്യാസ ഇടപെടലുകളുടെ നേർക്കാഴ്ചയുമായി ഹ്രസ്വചിത്രം ഒരേപകൽ ഒരുങ്ങുന്നു. പ്രശസ്ത പ്രകൃതി വന്യജീവി ഫോട്ടോഗ്രാഫർ ബിജു കാരക്കോണവും വിഷ്വൽ എഫക്ട്സ് ഡയറക്ടറും സംവിധായകനുമായ സൂരജ് ശ്രീധറും ചേർന്നാണ് ഹ്രസ്വചിത്രം തയ്യാറാക്കുന്നത്. അടിമാലിക്ക് അടുത്തുള്ള കുറത്തിക്കുടി എന്ന ഗോത്രവർഗ ഊരിലെ കുട്ടികളും പ്രദേശവാസികളും ആദ്യമായി ക്യാമറക്കു മുന്നിലേക്ക് എത്തുന്നു എന്നതാണ് ചിത്രത്തിന്റെ പ്രധാന പ്രത്യേകത.

Short Film        

​ഗോത്രമേഖലയിലെ കുട്ടികളുടെ പ്രാഥമിക വിദ്യാഭ്യാസം ലക്ഷ്യം വച്ചു കൊണ്ടാണ് സർക്കാർ ഏകാധ്യാപക വിദ്യാലയങ്ങൾ സ്ഥാപിച്ചിരിക്കുന്നത്. ഇവിടങ്ങളിൽ നിയോഗിക്കപ്പെടുന്ന അധ്യാപകർ നേരിടുന്ന പ്രതിസന്ധികൾ നിരവധിയാണ്. ഇതിൽ ഏറ്റവും വിഷമതയേറിയത് കുട്ടികളെ സ്കൂളിലെത്തിക്കുകയെന്നതാണ്. ഇത്തരം ഒരു ഊരിൽ  എത്തപ്പെട്ട ഒരധ്യാപകൻ്റെ അനുഭവങ്ങളാണ് ഒരേ പകൽ എന്ന കൊച്ചു സിനിമയുടെ പ്രമേയം.

കുറത്തിക്കുടി ആദിവാസി ഊരിലെ കുട്ടികൾക്കും രക്ഷിതാക്കൾക്കുമൊപ്പം ഊരിലെ ഏകാധ്യാപകനായ പി കെ മുരളീധരനും ചിത്രത്തിൽ കഥാപാത്രമായെത്തുന്നു. ഊരിലെ കുട്ടികൾക്ക് മാനസിക ഉണർവ് നൽകുന്നതിനും പഠന താത്പര്യം വർദ്ധിപ്പിക്കുന്നതിനുമായി നാട്ടരങ്ങ് എന്ന പേരിൽ പഞ്ചദിന ക്യാമ്പ് സംഘടിപ്പിച്ചിരുന്നു. സർവ ശിക്ഷ കേരളയുടെ അടിമാലി ബി.ആർ.സിയിലെ ഷമീറിൻ്റെ നേതൃത്വത്തിലാണ് നാട്ടരങ്ങ് നടത്തിയത്. ക്യാമ്പിൽ നിന്നും കണ്ടെത്തിയ അമലയാണ് സിനിമയിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.

Short Film

കുറത്തിക്കുടിയിലേ ഏകാധ്യപകനായ മുരളീധരന്റെ ജീവിതാനുഭവത്തിൽ നിന്നും അടർത്തിയെടുത്ത കഥയ്ക്ക് തിരക്കഥ ഒരുക്കി സംവിധാനം ചെയ്തത് വിഷ്വൽ എഫക്ട്സ് ഡയറക്ടർ കൂടിയായ സൂരജ് ശ്രീധർ ആണ്. പ്രകൃതി-വന്യജീവി ഫോട്ടോഗ്രാഫർ ആയ ബിജു കാരക്കോണം ആണ് ഛായാഗ്രഹണം. അടിമാലി ബി.ആർ.സിയിലെ വിഷ്ണു ചന്ദ്രബോസും ഡോക്ടർ ആശയും ബെറ്റി സൂരജും ചേർന്ന് രചിച്ച ഗാനത്തിന് അധ്യാപകൻ ജോണി ആണ് സംഗീതം നൽകിയത്. അധ്യാപികയായ അനിതയാണ് ​ഗാനം ആലപിച്ചിരിക്കുന്നത്.