മഹാമാരി താണ്ഡവമാടുന്ന കെട്ട കാലത്ത് പുതിയ പ്രതീക്ഷയും പ്രത്യാശയും പങ്കുവച്ച് 'വൺ സ്മൈൽ മെനി ഇമോഷൻസ്' എന്ന ഹ്രസ്വ ആൽബം ശ്രദ്ധ നേടുന്നു. ആസ്ട്രിക്സ് മീഡിയ പ്രൊഡക്ഷൻസ് ഒരുക്കിയിരിക്കുന്ന ഈ ആൽബം സംവിധാനം ചെയ്തിരിക്കുന്നത് ജോജോ ജോസും ആശിഷ് കുമാറും ചേർന്നാണ്. 

ഒരു ചിരിക്ക് പിന്നിൽ എന്തെല്ലാം കാണും? ഒരു നൂറായിരം വികാരങ്ങൾ ഒളിഞ്ഞിരിപ്പുണ്ടാകുമല്ലേ? അത് തന്നെയാണ് ഈ ആൽബവും മുന്നോട്ട് വയ്ക്കുന്ന ആശയം. നമ്മുടെ നിത്യജീവിതത്തിലെ കൊച്ചു കൊച്ചു കാര്യങ്ങൾ, നമ്മൾ മറന്നുപോകുന്ന കാര്യങ്ങൾ ഓർമപ്പെടുത്താൻ അതിലൂടെ ഒരു പുഞ്ചിരി വിരിയിക്കാനാണ് തങ്ങൾ ഈ ആൽബത്തിലൂടെ ശ്രമിച്ചതെന്ന് പറയുന്നു സംവിധായകൻ ജോജോ ജോസ്. 

"ഞാനും എന്റെ സുഹൃത്ത് ആശിഷും ചേർന്നാണ് ഈ ആൽബത്തിന്റെ ആശയം ചർച്ച ചെയ്ത് തയ്യാറാക്കിയത്.. അടുത്തിടയാണ് ഞങ്ങൾ ആസ്ട്രിക്സ് മീഡിയ എന്ന പ്രൊഡക്ഷൻ കമ്പനി തുടങ്ങുന്നത്. കാശുണ്ടാക്കുക, ഫോളോവേഴ്സിനെ കൂട്ടുക എന്നതിലുപരി യഥാർഥ ജീവിതം കാണിക്കുന്ന, ആളുകൾക്ക് റിലേറ്റ് ചെയ്യാൻ പറ്റുന്നതാവണം ഞങ്ങളുടെ സബ്ജക്ട് എന്നുണ്ടായിരുന്നു., നമ്മുടെ നിത്യജീവിതത്തിലെ കൊച്ചു കൊച്ചു കാര്യങ്ങൾ, നമ്മൾ മറന്ന് പോകുന്ന കാര്യങ്ങൾ ഓർമപ്പെടുത്താൻ അതിലൂടെ ഒരു പുഞ്ചിരി വിരിയിക്കാനാണ് ഞങ്ങൾ ശ്രമിച്ചത്. 

നമ്മൾ മറന്ന് പോകുന്ന, നിസാരമായി എടുക്കുന്ന ചില മാനുഷിക മൂല്യങ്ങളെക്കുറിച്ചുള്ള ഓർമപ്പെടുത്തൽ. ചെറിയ പ്രോജക്ട് എന്ന നിലയിലാണ് തുടങ്ങിയത്. പക്ഷേ അത് വലിയ പ്രൊജക്ടായി മാറുകയായിരുന്നു.  നമ്മുടെ സുഹൃത്തായ ജിഷ്ണു തിലക് ആണ് ആൽബത്തിന് സം​ഗീതം നൽകിയത്. വരികളെഴുതിയത് ഞാൻ തന്നെയാണ്.

എനിക്ക് അറിയാവുന്ന ആൾക്കാർ തന്നെയാണ് ഈ ആൽബത്തിൽ വേഷമിട്ടിട്ടുള്ളത്. ചിലർ അഭിനേതാക്കളാണ്, ചിലർ മോഡലിങ്ങ് ചെയ്യുന്നു. ബാക്കിയുള്ളവരാരും പ്രൊഫഷണൽ അഭിനേതാക്കൾ അല്ല. കോവിഡ് പശ്ചാത്തലത്തിൽ നിയന്ത്രിതമായ, പരിമിതമായ സാഹചര്യത്തിൽ വളരെ കുറച്ച് ക്രൂവിനെ വച്ച് ഒന്നര ദിവസം കൊണ്ടാണ് ആൽബം ചിത്രീകരിച്ചത്.

ആസ്ട്രിക്സ് മീഡിയയുടെ ആദ്യ ഇൻഹൗസ് പ്രൊജക്ട് ആണിത്. ഒരു സം​ഗീത ആൽബം ആണ് അടുത്തതായി ചെയ്യുന്നത് അത് പ്രീ പ്രൊഡക്ഷൻ സ്റ്റേജിലാണ്. കൂടാതെ ഒരു ഹ്രസ്വചിത്രവും വെബ് സീരീസും പദ്ധതിയിലാണ്. ഇനിയും ഇത്തരത്തിലുള്ള മാനുഷിക മൂല്യങ്ങൾ പ്രതിപാദിക്കുന്ന, യഥാർഥ ജീവിതം വരച്ചു കാണിക്കുന്ന പ്രൊജക്ടുകളുമായി മുന്നോട്ട് വരണമെന്ന് തന്നെയാണ് ഞങ്ങളുടെ ആ​ഗ്രഹം..." ജോജോ പ്രതീക്ഷ പങ്കുവയ്ക്കുന്നു. 

മറ്റ് അണിയറപ്രവർത്തകർ - ഛായാ​ഗ്രഹണം- അജസാം, അസിസ്റ്റന്റ് ക്യാമറ - പ്രണോയ് സത്യ, എഡിറ്റിങ്ങ് - പ്രണോയ് സത്യ, പ്രൊഡക്ഷൻ അസിസ്റ്റന്റ്സ്- ലക്ഷ്മി പ്രിയ, മെബി ഷാജി, ​ഗായകൻ - ബിപിൻ കുമാർ, ഡ്രംസ്/ ​ഗിറ്റാർ- റിതിക് വത്സൻ, ​ഗിറ്റാർ - സ്വരൂപ് സുനിൽ, അബി തങ്കച്ചൻ, ആനിമേഷൻ- അനസ് മജീദ്.

അഭിനേതാക്കൾ- അഭിലാഷ് ഉണ്ണികൃഷ്ണൻ, കെ.വി. ദാസ്, ജോജോ ജോസ്, വിനിത സുധർമൻ, മൃദുല മുരളി, ജയകൃഷ്ണൻ പ്രതാപൻ, സ്റ്റെഫി മരിയ രാജു, സന്ദീപ് നന്ദനൻ, ചന്ദ്രമതി സുകുമാരൻ, ശ്രേയ ജയറാം, ലക്ഷ്മി പ്രിയ, ആദർശ് റാം, നിർമൽ ദേവ്, ലക്ഷ്മി പ്രതാപൻ. 

Content Highlights : One Smile Many Emotions album by Jojo Jose Ashish Kumar Astrix Media Productions