പരിസ്ഥിതി ചൂഷണം പ്രമേയമാക്കി ഒരു സൈക്കോളജിക്കൽ ത്രില്ലർ. വിക്കി വത്സൻ, സിപിൻ വത്സൻ എന്നിവർ ചേർന്ന് സംവിധാനം ചെയ്ത 'നെൽസൺ' എന്ന ഹ്രസ്വചിത്രമാണ് പ്രമേയത്തിലെ വ്യത്യസ്തത കൊണ്ട് ശ്രദ്ധനേടുന്നത്. 33 മിനിറ്റ് ദൈർഘ്യമുള്ള ഈ ചിത്രം പ്രകൃതിദുരന്തങ്ങൾ ഉണ്ടാകുന്നതിനു പിന്നിലെ കാരണങ്ങളാണ് അന്വേഷിക്കുന്നത്.
സംവിധായകരിലൊരാളായ വിക്കി വത്സൻ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥയും ഒരുക്കിയിരിക്കുന്നത്. കാടിനുള്ളിലെ മനോഹരമായ രംഗങ്ങൾ പകർത്തിയത് ഛായാഗ്രാഹകൻ പ്രസീദ് എം വർമ്മയാണ്. സനൂജ് ബാലകൃഷ്ണൻ എഡിറ്റിങ്ങും ശബരീഷ് മേനോൻ സംഗീതവും സഞ്ജയ് പ്രസന്നൻ സൗണ്ട് ഡിസൈനിംഗും നിർവ്വഹിച്ചിരിക്കുന്നു.
നെൽസൺ എന്ന കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത് ജോ ജോൺ ചാക്കോയാണ്. മറ്റ് പ്രധാന കഥാപാത്രങ്ങളായ സുനിൽ, രവിയേട്ടൻ, മഹേഷ്, ശ്രീറാം എന്നിവരെ ഷംനാദ് ഖാൻ, ജോയ്, വിനോദ് മോഹനൻ, ശ്രീറാം സഞ്ജീവ് വർമ്മ തുടങ്ങിയവർ അവതരിപ്പിച്ചിരിക്കുന്നു. ദ ഹോർഡ് പിക്ചറിന്റെ ബാനറിലാണ് നിർമാണം.
Content Highlights: nelson malayalam short film Environment