രുണയും സ്‌നേഹവുമുണ്ടെങ്കില്‍ ജീവിതത്തില്‍ കയ്പ് മാത്രം അനുഭവിച്ചവര്‍ക്ക് അല്‍പം മധുരം പകര്‍ന്ന് നല്‍കാനാവുമെന്ന സന്ദേശവുമായി എത്തിയിരിക്കുകയാണ് രാമകൃഷ്ണ മിഷന്‍ ഹയര്‍ സെക്കന്ററി സ്‌കൂള്‍ അവതരിപ്പിക്കുന്ന പത്ത് മിനിറ്റ് ദൈര്‍ഘ്യമുള്ള നെല്ലിക്ക എന്ന ഹ്രസ്വചിത്രം. ജീവിതയാത്രയ്ക്കിടെ അനാഥരായി പോകുന്ന രണ്ട് കൂട്ടരെ പരസ്പരം ബന്ധിപ്പിച്ച് സ്‌നേഹത്തിന്റെ കരുത്ത് വരച്ചു കാട്ടുകയാണ് സംവിധായകന്‍ രഞ്ജിത് രാജ്.

സ്‌നേഹത്തോടൊപ്പം പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യവും ഹ്രസ്വചിത്രം വിഷയമാക്കിയിരിക്കുന്നു. പ്രകൃതിയോടിണങ്ങുമ്പോള്‍ നമ്മുടെ മനസില്‍ നന്മയും ഉണര്‍വും ഇരട്ടിയാകും. പ്രകൃതി സംരക്ഷണത്തെ കുറിച്ച് കുട്ടിക്കാലത്ത് തന്നെ ബോധവത്കരണം നടത്തേണ്ട ആവശ്യകതയും നെല്ലിക്ക മുന്നോട്ട് വെയ്ക്കുന്നുണ്ട്. 

കോഴിക്കോട് രാമകൃഷ്ണ മിഷന്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ അധ്യാപകനായ രഞ്ജിത് അതേ സ്‌കൂളിലെ വിദ്യാര്‍ഥികളെ തന്നെയാണ് തന്റെ കുഞ്ഞു ചിത്രത്തിലെ പ്രധാന അഭിനേതാക്കളാക്കിയത്. കോഴിക്കോട് വെസ്റ്റ് ഹില്ലില്‍ പ്രവര്‍ത്തിക്കുന്ന വൃദ്ധസദനത്തിലെ അന്തേവാസികളും നെല്ലിക്കയില്‍ അഭിനയിച്ചിരിക്കുന്നു. അധ്യാപകന്റെ റോളില്‍ സാമൂഹ്യപ്രവര്‍ത്തകന്‍ വിനയചന്ദ്രനെത്തിയപ്പോള്‍ ജുവനൈല്‍ ഹോമിലെ വാര്‍ഡനായി എത്തിയത് അധ്യാപകനായ അര്‍ജുന്‍ ആണ്. രാമകൃഷ്ണ മിഷന്‍ സ്‌കൂള്‍ അവതരിപ്പിച്ച ഈ ചിത്രംസ്‌കൂളിലെ പൃഥ്വി പരിസ്ഥിതി കൂട്ടായ്മയും പൂര്‍വ വിദ്യാര്‍ത്ഥി സംഘടനയായ പൃഥ്വി റൂട്ടും ചേര്‍ന്നാണ് നിര്‍മ്മിച്ചിരിക്കുന്നത്.

നിരജ്ഞന, കൃഷ്ണപ്രിയ, ആദിശേഷന്‍, ആദിത്ത് ജയറാം, ആകാശ്, അനാമിക, അഭിജിത്ത്, സുദീബ്, പ്രണവ്, അശ്വജിത്ത്, അഖില്‍ രാജ്, നബീല്‍ റഹ്മാന്‍, അന്‍ജേഷ്, യദുകൃഷ്ണ, അര്‍ജുനന്‍, സുമ.കെ, ഷഗില, ജയന്‍, രവി, നാരായണന്‍, അച്ചുതന്‍, കമലമ്മ, വള്ളി, പത്മിനി, ശാന്ത, ആര്യനന്ദ, വൃന്ദ, ഗൗരി വര്‍മ്മ, ദര്‍ശിനി, ശ്രീദത്ത, അജന്യ, സാന്ദ്ര, റിഫ്‌സ പര്‍വ്വിന്‍, അതുല്യ, അഭിരാമി, നിയ, ദേവിക, വിസ്മയ എന്നിവരാണ് മറ്റ് അഭിനേതാക്കള്‍.

Content Highlights: Nellikka, Malayalam, Short Film