ദിലീഷ് പോത്തനും ചേതന്‍ ജയലാലും പ്രധാന കഥാപാത്രങ്ങളായ മിഡ്നെറ്റ് റണ്‍ എന്ന ത്രില്ലര്‍ ഹ്രസ്വചിത്രം സൈന പ്ലേ ഒ.ടി.ടി പ്ലാറ്റ്ഫോമിലൂടെ റിലീസ് ചെയ്തു. സൈന പ്ലേ ആപ്ലിക്കേഷനില്‍ സൗജന്യമായി ചിത്രം കാണാം. റിലീസിനോട് അനുബന്ധിച്ച് ചിത്രത്തിന്റെ ട്രെയ്‌ലറും റിലീസ് ചെയ്തു. 

ഗോവയിലെ രാജ്യാന്തര ചലച്ചിത്രമേളയില്‍ ഇന്ത്യന്‍ പനോരമയിലും, ബുസാന്‍ ഇന്റര്‍നാഷനല്‍ ഷോര്‍ട്ട് ഫിലിം ഫെസ്റ്റിവലിലും ഉള്‍പ്പെടെ 25ലേറെ ചലച്ചിത്ര മേളകളിലും പ്രദര്‍ശിപ്പിച്ച ഈ ചിത്രത്തിന്റെ തിരക്കഥയും സംവിധാനവും നിര്‍വഹിച്ചിരിക്കുന്നത് രമ്യ രാജാണ്. ബി.ടി അനില്‍ കുമാറിന്റേതാണ് കഥ. ഗീരീഷ് ഗംഗാധരന്‍ ക്യാമറയും കിരണ്‍ ദാസ് എഡിറ്റിംഗും രംഗനാഥ് രവി സൗണ്ട് ഡിസൈനും നിര്‍വഹിച്ചിരിക്കുന്നു. സതീഷ് എരിയാലത്താണ് നിര്‍മ്മാണം. 

പൂര്‍ണമായും ഒറ്റ രാത്രിയില്‍ നടക്കുന്ന സംഭവങ്ങളെ ആധാരമാക്കിയാണ് മിഡ്നൈറ്റ് റണ്‍. ദിലീഷ് പോത്തനും ചേതന്‍ ജയലാലിനുമൊപ്പം ഒരു ലോറിയില്‍ പ്രധാന കഥാപാത്രമാകുന്നു.ശങ്കര്‍ ശര്‍മ്മയാണ് പശ്ചാത്തല സംഗീതം. സാജന്‍ ആര്‍ ശാരദയാണ് ചീഫ് അസോസിയേറ്റ് ഡയറക്ടര്‍. മിറാഷ് ഖാന്‍ അസോസിയേറ്റ് ഡയറക്ടര്‍. 

കാലിഫോര്‍ണിയയില്‍ നടന്ന ഇന്‍ഡീബെസ്റ്റ് ഫിലിം ഫെസ്റ്റിവലില്‍ ബെസ്റ്റ് ഇന്‍ഡീ ഷോര്‍ട്ട് ഫിലിമായി മിഡ്നൈറ്റ് റണ്‍ തിരഞ്ഞെടുക്കപ്പെട്ടിരുന്നു. ഹംഗറിയിലെ സെവന്‍ ഹില്‍സ് രാജ്യാന്തര ഫിലിം ഫെസ്റ്റിവല്‍, ബെലാറസില്‍ നടന്ന കിനോസ്മെന-മിന്‍സ്‌ക് രാജ്യാന്തര ഷോര്‍ട്ട് ഫിലിം ഫെസ്റ്റിവല്‍, ബാംഗ്ലൂര്‍ ഇന്റര്‍നാഷനല്‍ ഷോര്‍ട്ട് ഫിലിം ഫെസ്റ്റിവല്‍, ആസം ഇന്റര്‍നാഷനല്‍ ഫിലിം ഫെസ്റ്റിവല്‍, ദാദാസാഹിബ് ഷോര്‍ട്ട് ഫിലിം ഫെസ്റ്റിവല്‍ എന്നിവിടങ്ങളില്‍ മത്സരവിഭാഗത്തിലുണ്ടായിരുന്നു.

Content Highlights: Midnight Run Trailer Chethan Dileesh Pothan Remya Raj Gireesh Gangadaran Kiran Das