കാഴ്ച വെല്ലുവിളി നേരിടുന്നവരുടെ ജീവിതം ആധാരമാക്കിയുള്ള  ഡോക്യുമെന്ററി ഷോർട്ട് ഫിലിം ' മയൂഖ' ത്തിന്‍റെ ആദ്യപ്രദർശനം മാർച്ച് 20 ശനിയാഴ്ച രാവിലെ 11 മണിക്ക് കോഴിക്കോട് മാനാഞ്ചിറ ടവറിൽ ഉള്ള ഓപ്പൺ സ്ക്രീൻ തീയേറ്ററിൽ നടക്കും. ഡോ: ഖദീജ മുംതാസ് ആണ് ഉദ്ഘാടനം നിർവഹിക്കുന്നത്. 

വൈ​ഗ മീഡിയ പ്രൊഡക്ഷൻ സിന്‍റെ ബാനറിൽ ഇതിന്റെ രചനയും നിർമ്മാണവും സംവിധാനവും നിർവഹിച്ചിരിക്കുന്നത്  ഡോ: ബിന്ദു ജയകുമാറാണ്. കാഴ്ച പരിമിതരും അവരെ സഹായിക്കുന്ന സന്നദ്ധപ്രവർത്തകരും ഇതിൽ അഭിനയിക്കുന്നു. കേരളത്തിലങ്ങോളമിങ്ങോളമുള്ള കാഴ്ച പരിമിതർക്ക് വേണ്ടി പ്രവർത്തിക്കുന്ന വിജ്ഞാനദീപം എന്ന സാമൂഹ്യ മാധ്യമ കൂട്ടായ്മയ്ക്ക് വേണ്ടിയാണ് ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത്. 

ലോകത്തിന്റെ വിവിധ സ്ഥലങ്ങളിൽ നിന്ന് കാഴ്ചയുള്ള സന്നദ്ധപ്രവർത്തകർ വായിച്ചു നല്‍കുന്ന പുസ്തകങ്ങളുടെ ഓഡിയോ ലൈബ്രറി വിജ്ഞാന ദീപത്തില്‍ ഉണ്ട്. കൂടാതെ കാഴ്ച പരിമിതരുടെ സഹായത്തിനായി കരിയർ ഗൈഡൻസ്, ടെക്നോളജി ഗ്രൂപ്പ്, ന്യൂസ് റൂം, സൗഹൃദവേദി ചാറ്റ് റൂം, സ്പോക്കൺ ഇംഗ്ലീഷ് ഗ്രൂപ്പ്, കലാവാസനയെ പ്രോത്സാഹിപ്പിക്കുന്ന തീയേറ്റർ വോയ്സ് തുടങ്ങി വിവിധ ശാഖകളും വിജ്ഞാന ദീപത്തിന് ഉണ്ട്.

content highlights : mayookham documentary short film inauguration