തൃശൂര്‍ സ്വദേശി റോമിയോ കാട്ടുക്കാരന്റെ ആദ്യഹോളിവുഡ് സിനിമ മേരി ഇന്ത്യയില്‍ റിലീസ് ചെയ്തു. നേരത്തേ ആമസോണ്‍ പ്രൈം വഴി അമേരിക്കയിലും യുകെയിലും റിലീസ് ചെയ്തിരുന്നു. ഹോളിവുഡ് സിനിമ ആയതിനാല്‍ ആമസോണ്‍ പ്രൈം വഴി ഇന്ത്യയില്‍ ലഭ്യമല്ലായിരുന്നു. അതിനാല്‍ യുട്യൂബ് പ്ലാറ്റ്‌ഫോം വഴിയാണ് ഇപ്പോള്‍  ഇന്ത്യയില്‍ റിലീസ് ചെയ്തിരിക്കുന്നത്.

കോവിഡ് കാലത്തെ അമേരിക്കയിലെ  കാലികവിഷയം ചര്‍ച്ചചെയ്യുന്ന സിനിമ ചിക്കാഗോ കെന്റ്‌വുഡ് ഫിലിംസ് ആണ് നിര്‍മിച്ചിരിക്കുന്നത്. മേരിയായി അഭിനയിച്ചിരിക്കുന്നത് കെയ്റ്റ് കോളമാന്‍ ആണ്. മാര്‍ട്ടിന്‍ ഡേവീസാണ് പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്നത്. നൂറി ബോസ്വെല്‍ ആണ് ഡിഒപിയും എഡിറ്റിങും നിര്‍വഹിച്ചിരിക്കുന്നു.

ചിക്കാഗോ മെമ്മോറിയല്‍ ആശുപത്രിയില്‍ ജോലിചെയ്യുന്ന ഒരു നഴ്സിന്റെ കഥയാണ് സിനിമ പറയുന്നത്. അമേരിക്കയില്‍ കോവിഡ് കാലത്ത് ജനം പകച്ചു നില്‍ക്കുന്ന സമയമായിരുന്നു. മാസ്‌കിന്റെ കുറവ്, ഒരു മാസ്‌ക് വച്ച് നിരവധി രോഗികളെ ചികില്‍സിക്കേണ്ട ഡോക്ടര്‍മാരുടെയും നഴ്സുമാരുടെയും അവസ്ഥ. ആരോഗ്യ പ്രവര്‍ത്തകരോട് പൊതുജനം കാണിക്കുന്ന അവഗണനയും മാസ്‌കിന്റെ ദൗര്‍ലഭ്യവുമെല്ലാം ചിത്രം ചര്‍ച്ച ചെയ്യുന്നു. ആരോഗ്യ പ്രവര്‍ത്തകര്‍ക്കുള്ള ആദരമാണ് ഈ ചിത്രം- സംവിധായകന്‍ പറയുന്നു.

പത്തുവര്‍ഷമായി മിഷിഗണിലും ചിക്കാഗോയിലുമായി കുടുംബത്തോടൊപ്പം കഴിയുന്ന റോമിയോ കഴിഞ്ഞവര്‍ഷം സംവിധാനം ചെയ്ത എ വണ്ടര്‍ഫുള്‍ ഡേ എന്ന ഹ്രസ്വചിത്രം ശ്രദ്ധനേടിയിരുന്നു. ചിത്രത്തിന് പതിനാല് രാജ്യാന്തര പുരസ്‌കാരങ്ങള്‍ ലഭിച്ചു. ഹോളിവുഡിലെ ജൂനിയര്‍
ആര്‍ട്ടിസ്റ്റുകളെവച്ച് ചിത്രീകരിച്ച എ വണ്ടര്‍ഫുള്‍ ഡേ ഹോളിവുഡിലേക്കുള്ള ചവിട്ടുപടി ആയിരുന്നുവെന്ന് റോമിയോ പറയുന്നു.

Content Highlights: Mary Short Film, Romeo Kattokaran from thrissur, Hollywood Movie